നിങ്ങളുടെ ഒരു ചെറിയ പിന്തുണ പോലും ഞങ്ങള്‍ക്ക് വളരെയേറെ ഊര്‍ജ്ജം നല്‍കും; ആരാധകര്‍ക്ക് നന്ദി പറഞ്ഞ് സുനില്‍ ഛേത്രി
Foot Ball
നിങ്ങളുടെ ഒരു ചെറിയ പിന്തുണ പോലും ഞങ്ങള്‍ക്ക് വളരെയേറെ ഊര്‍ജ്ജം നല്‍കും; ആരാധകര്‍ക്ക് നന്ദി പറഞ്ഞ് സുനില്‍ ഛേത്രി
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 5th June 2018, 8:04 am

മുംബൈ: ഇന്ത്യയെ പിന്തുണച്ച് സ്റ്റേഡിയത്തില്‍ എത്തിയ ആയിരങ്ങള്‍ക്ക് നന്ദി പറഞ്ഞ് ഇന്റര്‍കോണ്ടിനെന്റല്‍ കപ്പില്‍ ഇന്ത്യയ്ക്ക് തുടര്‍ച്ചയായ രണ്ടാം ജയമൊരുക്കിക്കൊടുത്ത സുനില്‍ ഛേത്രി. “ഇവിടെ എത്തിച്ചേര്‍ന്ന എല്ലാവര്‍ക്കും നന്ദി, നിങ്ങളുടെ ഒരു ചെറിയ പിന്തുണ പോലും ഞങ്ങള്‍ക്ക് വളരെയേറെ ഊര്‍ജ്ജം നല്‍കും” തന്റെ നൂറാം മത്സരം അവിസ്മരണീയമാക്കിയ ആരാധകരോട് മത്സര ശേഷം സുനില്‍ ഛേത്രി പറഞ്ഞു.

Image result for chhetri-thank-fans-for-support

“”നിറഞ്ഞ സ്റ്റേഡിയത്തിനു മുന്നില്‍ കളിക്കുന്നത് വളരെ ശ്രേഷ്ഠമായതാണ്, നിങ്ങള്‍ക്ക് മുന്നില്‍ കളിക്കുമ്പോള്‍ ഞങ്ങളുടെ മുഴുവന്‍ കഴിവും പുറത്തെടുക്കാന്‍ ഞങ്ങള്‍ ശ്രമിക്കും”” സുനില്‍ ഛേത്രി പറഞ്ഞു. ഇവിടെ എത്തിച്ചേര്‍ന്ന എല്ലാവര്‍ക്കും നന്ദി, നിങ്ങളുടെ ഒരു ചെറിയ പിന്തുണ പോലും ഞങ്ങള്‍ക്ക് വളരെയേറെ ഊര്‍ജ്ജം നല്‍കും, നമ്മുടെ രാജ്യത്തിന് വേണ്ടി ഞങ്ങളുടെ മുഴുവന്‍ കഴിവും പുറത്തെടുക്കാന്‍ ഞാന്‍ തയ്യാറാണ്”” ഛേത്രി പറഞ്ഞു.

കനത്ത മഴയെ പോലും വകവെക്കാതെയാണ് ആരാധകര്‍ മത്സരം കാണാന്‍ എത്തിച്ചേര്‍ന്നത്. കാലങ്ങള്‍ക്ക് ശേഷമായിരുന്നു ഇന്ത്യന്‍ ഫുട്ബാള്‍ ടീം ഒരു നിറഞ്ഞ സ്റ്റേഡിയത്തിനു മുന്നില്‍ കളിക്കുന്നത്. മുംബൈ അറീന സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ മറുപടിയില്ലാത്ത മൂന്ന് ഗോളിനാണ് ഇന്ത്യ കെനിയയെ തകര്‍ത്തുവിട്ടത്.

നൂറാം മത്സരത്തിന് ഇറങ്ങിയ ഛേത്രിയെ മത്സരത്തിന് മുന്‍പ് ആദരിച്ചിരുന്നു. ഇതിഹാസ താരങ്ങളായ ബൈച്ചുങ് ബൂട്ടിയയും ഐ.എം വിജയനും ചേര്‍ന്നാണ് ഛേത്രിക്ക് ഉപഹാരം സമ്മാനിച്ചത്.

ഇന്ത്യന്‍ കാണികളെ സ്റ്റേഡിയത്തിലേക്ക് ക്ഷണിച്ചുകൊണ്ടാണ് ഛേത്രി ബൂട്ട് കെട്ടിയത്. “ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിനെ കളിയാക്കിക്കോളു, വിമര്‍ശിച്ചോളൂ, പക്ഷേ ദയവ് ചെയ്ത് ഞങ്ങളുടെ കളി കാണാന്‍ സ്റ്റേഡിയത്തിലേക്ക് വരണം,”” എന്നായിരുന്നു കഴിഞ്ഞ ദിവസം ചൈനീസ് തായ്‌പേയ്‌ക്കെതിരെ ഹാട്രിക്ക് നേടിയ ശേഷം ഇന്ത്യന്‍ ഫുട്ബാള്‍ നായകന്‍ സുനില്‍ ഛേത്രി ഫുട്‌ബോള്‍ ആരാധകരോട് പറഞ്ഞത്.

ചൈനീസ് തായ്‌പേയെ അഞ്ച് ഗോളുകള്‍ക്ക് ഇന്ത്യ തകര്‍ത്ത മത്സരം കാണാന്‍ 2000ല്‍ താഴെ കാണികള്‍ മാത്രമാണ് മുബൈയിലെ സ്റ്റേഡിയത്തിലെത്തിയിരുന്നത്. ഇതോടെയായിരുന്നു ഇന്ത്യന്‍ നായകന്‍ തങ്ങളെ പിന്തുണയ്ക്കണമെന്ന് രാജ്യത്തോട് പറഞ്ഞത്.

ഛേത്രിയുടെ അപേക്ഷ ചെവിക്കൊണ്ട ആരാധകര്‍ അതേ അറീന സ്റ്റേഡിയം നിറയ്ക്കുന്ന കാഴ്ചയായിരുന്നു ഇന്നലെ കണ്ടത്. സ്റ്റേഡിയം നിറച്ച ആരാധകരുടെ മനസ് നിറയ്ക്കാതിരിക്കാന്‍ ഛേത്രിക്കുമായിരുന്നില്ല.

നൂറാം മത്സരത്തിനിറങ്ങിയ ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയും (2) ജെജെയുമാണ് ഇന്ത്യയ്ക്കായി വലകുലുക്കിയത്. 68ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ സുനില്‍ ഛേത്രിയാണ് ഇന്ത്യക്ക് ലീഡ് നല്‍കിയത്. 71-ാം മിനിറ്റില്‍ പോസ്റ്റിന് മുന്നില്‍ തുറന്നുകിട്ടിയ അവസരം വലയിലെത്തിച്ച് ജെജെ ലീഡ് രണ്ടാക്കി ഉയര്‍ത്തി. കളിയവസാനിക്കാന്‍ നിമിഷങ്ങള്‍ മാത്രം ശേഷിക്കെ ഛേത്രിയിലൂടെ ഇന്ത്യ വീണ്ടും കെനിയന്‍ വലകുലുക്കുകയായിരുന്നു.