ഇന്ത്യന്‍ ഫുട്‌ബോളില്‍ പകരം വെക്കാനില്ലാത്ത താരമാണ് സുനില്‍ ഛേത്രി. ദേശീയ ടീമിന് വേണ്ടി ഗോള്‍ നേടിയവരുടെ പട്ടികയില്‍ പല ലോകോത്തര താരങ്ങളെയും മറികടന്ന അഞ്ചാമന്‍ കൂടിയാണ് ഇന്ത്യയുടെ ഈ ഗോള്‍ഡന്‍ ബോയ്.
ഐ.എസ്.എല്ലിലും ഐ ലീഗിലും തുടങ്ങി നിരവധി ലീഗുകളില്‍ തന്‍റെ പ്രതിഭ തെളിയിച്ച താരമാണ് സുനില്‍ ഛേത്രി. നിലവില്‍ ബെംഗളൂരു എഫ്.സിയുടെ ക്യാപ്റ്റനായ ഛേത്രി മെന്‍ ഇന്‍ ബ്ലൂസിന് നേടിക്കൊടുത്ത കിരീടങ്ങളും ചില്ലറയല്ല.
ഇപ്പോഴിതാ, ഡ്യൂറന്‍ഡ് കപ്പിനുള്ള തയ്യാറെടുപ്പിലാണ് ബെംഗളൂരു എഫ്.സി. ഇതിനിടയില്‍ സുനില്‍ ഛേത്രി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ച ഒരു വീഡിയോ ആണ് ഇപ്പോള്‍ തരംഗമാവുന്നത്.
ബെംഗളൂരു എഫ്. സി ക്യാമ്പിലെത്തിയ അദ്ദേഹത്തെ ടീമിലെ യുവതാരങ്ങള്‍ക്കൊന്നും തോല്‍പിക്കാനായില്ലെന്നും അടുത്ത തവണ തന്റെ പ്രായത്തെ കളിയാക്കുമ്പോള്‍ പലതും ഓര്‍ക്കണമെന്നുമാണ് അദ്ദേഹം പറയുന്നത്.

കഴിഞ്ഞ ഒരു മാസമായി താന്‍ യൂറോപ്പിലായിരുന്നുവെന്നും കണ്ണില്‍ കണ്ടതെല്ലാം കഴിച്ചുവെന്നും സുനില്‍ ഛേത്രി പറയുന്നു. അഞ്ച് ദിവസം മുമ്പ് ഞാന്‍ ട്രെയ്‌നിങ് ക്യാമ്പിലേക്ക് മടങ്ങിയെത്തിയെന്നും ഇവിടുത്തെ യുവതാരങ്ങള്‍ക്കൊന്നും തന്നെ തോല്‍പിക്കാന്‍ പറ്റിയില്ലെന്നും താരം പറയുന്നു.
ഒപ്പമുണ്ടായ യുവതാരങ്ങള്‍ക്ക് 22ഉം 21ഉം വയസാണ് പ്രായമെന്നും ഇതേ പ്രായത്തിലുള്ള പലരും ഇവിടെയുണ്ടെന്നും അവരെയെല്ലാം താന്‍ തോല്‍പിച്ചുവെന്നും ഛേത്രി പറയുന്നു.
