| Saturday, 1st March 2025, 8:50 am

കൂലിയുടെ 45 മിനിറ്റ് കണ്ടു; ചിത്രം എന്തായാലും ആയിരം കോടി നേടും: സുന്ദീപ് കിഷന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

രജിനികാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ‘കൂലി’ സിനിമ പ്രേമികള്‍ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളില്‍ ഒന്നാണ്. സത്യരാജ്, നാഗാര്‍ജുന, സൗബിന്‍ ഷാഹിര്‍, ശ്രുതി ഹാസന്‍ എന്നിവരുള്‍പ്പെടെ വലിയൊരു താരനിര തന്നെ ചിത്രത്തിനായി ഒന്നിക്കുന്നുണ്ട്. കൂടാതെ ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ ആമിര്‍ ഖാനും ചിത്രത്തില്‍ അഥിതി വേഷത്തില്‍ എത്തുന്നുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഈ വര്‍ഷം ആഗസ്റ്റിന് ചിത്രം തിയേറ്ററുകളില്‍ എത്തും.

ഇപ്പോള്‍ കൂലി എന്ന ചിത്രത്തെ കുറിച്ച് സംസാരിക്കുകയാണ് നടനും നിര്‍മാതാവുമായ സുന്ദീപ് കിഷന്‍. സുന്ദീപ് കിഷന്‍ ഈ ചിത്രത്തിന്റെ ഭാഗമാകുമെന്ന് ഊഹാപോഹങ്ങള്‍ ഉണ്ടായിരുന്നെങ്കിലും താന്‍ കൂലിയില്‍ ഭാഗമല്ലെന്ന് അദ്ദേഹം ഇപ്പോള്‍ വ്യക്തമാക്കിയിട്ടുണ്ട്.

സിനിമയുടെ ഭാഗമല്ലെങ്കിലും ലോകേഷ് കനകരാജിന്റെ അടുത്ത സുഹൃത്ത് എന്ന നിലയിലും രജിനികാന്തിനെ കാണുക എന്ന ഉദ്ദേശത്തോടെയും കൂലി സിനിമയുടെ സെറ്റ് സന്ദര്‍ശിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

ഈ സന്ദര്‍ശന സമയത്ത് ചിത്രത്തിന്റെ 45 മിനിറ്റ് കാണാനുള്ള അവസരം തനിക്ക് ലഭിച്ചുവെന്നും റെക്കോഡുകള്‍ തകര്‍ക്കാന്‍ അതിന് കഴിവുണ്ടെന്ന് ഉറച്ചു വിശ്വസിക്കുന്നുവെന്നും സുന്ദീപ് കിഷന്‍ പറഞ്ഞു. ഐഡില്‍ ബ്രെയിനിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സുന്ദീപ് കിഷന്‍.

‘ഞാന്‍ കൂലിയുടെ ഭാഗമല്ല. ലോകേഷ് എന്റെ സുഹൃത്തായതിനാലും സൂപ്പര്‍സ്റ്റാര്‍ രജിനികാന്തിനെ കാണുന്നതിനുമാണ് ഞാന്‍ സെറ്റിലേക്ക് വന്നത്. സിനിമയുടെ 45 മിനിറ്റ് ഞാന്‍ കണ്ടു. ചിത്രം തീര്‍ച്ചയായും ആയിരം കോടി കളക്ഷന്‍ ചിത്രം നേടും,’ സുന്ദീപ് കിഷന്‍ പറയുന്നു.

കൂലി എല്‍.സി.യുവിന്റെ ഭാഗമായിരിക്കില്ലെന്ന് സംവിധായകന്‍ ലോകേഷ് കനകരാജ് ആദ്യമേ പറഞ്ഞിട്ടുണ്ടായിരുന്നു. ലോകേഷ് കനകരാജും രജിനികാന്തും ആദ്യമായി ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകത കൂടി കൂലിക്കുണ്ട്. വിജയ് നായകനായ ലിയോ ആണ് ലോകേഷിന്റെ സംവിധാനത്തില്‍ അവസാനമിറങ്ങിയ ചിത്രം. ലിയോ എല്‍.സി.യുവിന്റെ ഭാഗമായിരുന്നു.

Content Highlight: Sundeep Kishan says he Watched 45 minutes of coolie movie and The film will earn Rs 1000 crores

We use cookies to give you the best possible experience. Learn more