ഈഴവ- നായർ ഐക്യം കാലഘട്ടത്തിന്റെ ആവശ്യം: സുകുമാരൻ നായർ
Kerala
ഈഴവ- നായർ ഐക്യം കാലഘട്ടത്തിന്റെ ആവശ്യം: സുകുമാരൻ നായർ
മുഹമ്മദ് നബീല്‍
Sunday, 18th January 2026, 3:13 pm

കോട്ടയം: ഈഴവ- നായർ ഐക്യം കാലഘട്ടത്തിന്റെ ആവശ്യമാണെന്നും എസ്.എൻ.ഡി.പി – എൻ.എസ്.എസ് ഐക്യത്തിലെന്താണ് തെറ്റെന്നും എൻ.എസ്.എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ. എസ്.എൻ.ഡി.പി യുമായി അകന്നത് സംവരണ വിഷയത്തിലാണെന്നും സുകുമാരൻ നായർ പറഞ്ഞു.

പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ രൂക്ഷ വിമർശനങ്ങളാണ് സുകുമാരൻ നായർ ഉന്നയിച്ചത്. വി.ഡി സതീശനെ ആരാണ് അഴിച്ചുവിട്ടതെന്നും വോട്ടിനുവേണ്ടി ആരുടേയും തിണ്ണനിരങ്ങില്ലെന്ന് പറഞ്ഞ സതീശൻ ക്നാനായ സഭയുടെ തിണ്ണ നിറങ്ങിയെന്നും സുകുമാരൻ നായർ പറഞ്ഞു.

സതീശന്റെ വാക്കും പ്രവർത്തിയും തമ്മിൽ ബന്ധമില്ലെന്നും ഇപ്പോൾ നിയന്ത്രിച്ചില്ലെങ്കിൽ കോൺഗ്രസിന് വലിയ അടിയായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വി.ഡി സതീശൻ തന്നെ തികഞ്ഞ വർഗീയവിരുദ്ധൻ എന്ന് പറഞ്ഞത് വേറെ വഴിയില്ലാഞ്ഞിട്ടാണെന്നും അദ്ദേഹം പറഞ്ഞു.

 

കോൺഗ്രസിനകത്ത് രമേശ് ചെന്നിത്തലയെക്കാളും യോഗ്യനായ ആരുമില്ലെന്നും അദ്ദേഹത്തെ കോൺഗ്രസ് വേണ്ടരീതിയിൽ പരിഗണിക്കുന്നില്ലെന്നും എൻ.എസ്.എസ് ജനറൽ സെക്രട്ടറി അഭിപ്രായപ്പെട്ടു.

‘ശബരിമലയിലെ യുവതീപ്രവേശനത്തെ എൻ.എസ്.എസ് എതിർത്തപ്പോൾ ബി.ജെ.പി യും കോൺഗ്രസും അവസരം മുതലെടുക്കാനാണ് വന്നത്. അതിനു സാധിക്കാതെ വന്നപ്പോൾ അവർ എൻ.എസ്.എസിനെ ഉപേക്ഷിച്ചു. എൽ.ഡി.എഫ് തങ്ങൾക്കുപറ്റിയ തെറ്റുകൾ തിരുത്തുമ്പോൾ അതിന്റെകൂടെ നിൽക്കണം’ സുകുമാരൻ നായർ പറഞ്ഞു.

ബി.ജെ.പി ശബരിമലയിലെ യുവതീപ്രവേശനത്തിൽ നിയമഭേദഗതി നടത്തുമെന്ന് പറഞ്ഞെങ്കിലും ഒന്നും ചെയ്തില്ല. വികസനം കൊണ്ടുവരുമെന്ന് പറഞ്ഞിട്ടും ഒന്നും ചെയ്തില്ല. ട്രെയിൻ കൊണ്ടുവരുമെന്ന് പറഞ്ഞിട്ടും അതും ഉണ്ടായില്ല. തൃശൂർ പിടിച്ചപോലെ ബി.ജെ.പിക്ക് എൻ.എസ്.എസിനെ പിടിക്കാൻ കഴിയില്ലെന്നും സുകുമാരൻ നായർ ഓർമപ്പെടുത്തി.

ശബരിമല സ്വർണക്കൊള്ള കേസിൽ ശരിയായരീതിയിൽ അന്വേഷണം മുന്നോട്ട് പോകുന്നുണ്ട്. എൽ.ഡി.എഫ് വികസനം കൊണ്ടുവരുമ്പോൾ അതിനെ പിന്തുണക്കണം. എൻ.എസ്.എസിന്റെ സമദൂര നിലപാടിൽ മാറ്റമില്ലെന്നും ആർക്കുവേണമെങ്കിലും തന്നെ വന്നുകാണാവുന്നതാണെന്നും സുകുമാരൻ നായർ പറഞ്ഞു.

തെരഞ്ഞെടുപ്പടുത്ത വേളയിൽ എസ്.എൻ.ഡി.പി – എൻ.എസ്.എസ് ഐക്യം വലിയ ചർച്ചകളാണ് തുടങ്ങിവെക്കുന്നത്. മുന്നണികൾ ഈ ഐക്യത്തെ എങ്ങനെ കാണുന്നു എന്നത് ഏറെ പ്രധാനമാണ്.

Content Highlight: Sukumaaranm Nair On SNDP

 

മുഹമ്മദ് നബീല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര് ട്രെയിനി, കണ്ണൂർ സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം