ഹിന്ദുസമൂഹം വെല്ലിവിളികൾ നേരിടുന്നു, എസ്.എൻ.ഡി.പിയുമായുള്ള ഐക്യം അടിസ്ഥാന മൂല്യങ്ങളിൽ മാറ്റമുണ്ടാകില്ല: സുകുമാരൻ നായർ
Kerala
ഹിന്ദുസമൂഹം വെല്ലിവിളികൾ നേരിടുന്നു, എസ്.എൻ.ഡി.പിയുമായുള്ള ഐക്യം അടിസ്ഥാന മൂല്യങ്ങളിൽ മാറ്റമുണ്ടാകില്ല: സുകുമാരൻ നായർ
മുഹമ്മദ് നബീല്‍
Wednesday, 21st January 2026, 6:13 pm

കോട്ടയം: എസ്.എൻ.ഡി.പി – എൻ.എസ്.എസ് ഐക്യം സാധ്യമാകുമ്പോൾ പോലും അടിസ്ഥാന മൂല്യങ്ങളിൽ മാറ്റുണ്ടാവില്ലെന്ന് എൻ.എസ്.എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ.

ഐക്യം കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് ആവർത്തിച്ച സുകുമാരൻ നായർ ഹിന്ദു സമുദായം വെല്ലുവിളികൾ നേരിടുന്നതായും പറഞ്ഞു.

ഐക്യം സമദൂരനിലപാടിൽ മാറ്റം വരുത്തില്ല. രാഷ്ട്രീയ തീരുമാനങ്ങൾ ഇതിനെ ബാധിക്കില്ലെന്നും ഐക്യം രാഷ്ട്രീയലക്ഷ്യത്തോടെയുള്ളതല്ലെന്നും സുകുമാരൻ നായർ കൂട്ടിച്ചേർത്തു.

കഴിഞ്ഞദിവസം നടത്തിയ പത്രസമ്മേളനത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശനെ ലക്ഷ്യം വച്ചിട്ടില്ലെന്ന് പറഞ്ഞ സുകുമാരൻ നായർ, കോൺഗ്രസ് എന്തിനാണ് സതീശനെ ഉന്തികാണിക്കുന്നതെന്നും ചോദിച്ചു.

തെരഞ്ഞെടുപ്പ് നേട്ടങ്ങൾക്കുവേണ്ടി വർഗീയതയെ പ്രോത്സാഹിപ്പിച്ച ശേഷം വർഗീയതയെ എതിർക്കുന്നതായി പറയുന്നതിൽ കാര്യമില്ലെന്ന് അദ്ദേഹം ജമാഅത്തുമായുള്ള യു.ഡി.എഫ് ബന്ധത്തെക്കുറിച്ച് പറയാതെ പറഞ്ഞു.

മുസ്‌ലിം ലീഗ് ഒഴികെ ആരുമായും ചർച്ചക്ക് തയ്യാറാണെന്നാണ് എസ്.എൻ.ഡി.പി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞത്. എന്നാൽ ലീഗ് തങ്ങളെപ്പറ്റി ഒന്നും പറഞ്ഞിട്ടില്ല. അതുകൊണ്ട് തങ്ങളും ഒന്നും പറയുന്നില്ല എന്നായിരുന്നു സുകുമാരൻ നായരുടെ മറുപടി.

അതേസമയം സജി ചെറിയാൻ വിഷയത്തിലടക്കം പല നിർണായക ചോദ്യത്തിനും സുകുമാരൻ നായർ പ്രതികരിച്ചില്ല.

 

Content Highlight : Sukumaran nair on NSS and SNDP alliance

 

 

മുഹമ്മദ് നബീല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര് ട്രെയിനി, കണ്ണൂർ സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം