| Thursday, 20th March 2025, 1:48 pm

ഒരു ചെണ്ടക്കാരാനായാണ് ആ സിനിമയില്‍ ആദ്യം വന്നത്: സുജിത്ത് വാസുദേവ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തിലെ മികച്ച ഛായാഗ്രഹകന്മാരില്‍ ഒരാളാണ് സുജിത് വാസുദേവ്. കേരള കഫേയിലെ ചെറിയൊരു സെഗ്മെന്റിന് ക്യാമറ ചലിപ്പിച്ചുകൊണ്ടാണ് സുജിത് സിനിമാലോകത്തേക്ക് കടന്നുവന്നത്. ശേഷം മെമ്മറീസ്, ദൃശ്യം, അനാര്‍ക്കലി, ലൂസിഫര്‍ തുടങ്ങി ഒരുപിടി മികച്ച ചിത്രങ്ങള്‍ക്കും അദ്ദേഹം ക്യാമറ നിര്‍വഹിക്കുകയുണ്ടായി.

സിനിമാലോകം ഒന്നടങ്കം കാത്തിരിക്കുന്ന എമ്പുരാന്‍ സിനിമയുടെ ക്യാമറ ചെയ്തിരിക്കുന്നത് സുജിത്ത് വാസുദേവ് ആണ്. ഇപ്പോള്‍ സിനിമയിലേക്ക് താന്‍ ആദ്യമായി എത്തിപ്പെട്ട രസകരമായ അനുഭവത്തെ കുറിച്ച് സംസാരിക്കുകയാണ് സുജിത്ത് വാസുദേവ്.

താന്‍ ആദ്യമായി സിനിമയിലേക്ക് വന്നത് ഒരു ചെണ്ടക്കാരാനായിട്ടാണെന്നും ജോര്‍ജ് കിത്തുവിന്റെ ആധാരം എന്ന സിനിമയിലായിരുന്നുവെന്നും സുജിത്ത് പറയുന്നു. ആധാരം സിനിമയുടെ മ്യൂസിക് ഡിപ്പാര്‍ട്ട്മെന്റെിലേക്ക് തന്റെ അച്ഛന് ഒരു ഫോണ്‍ കോള്‍ വന്നിരുന്നുവെന്നും എന്നാല്‍ അച്ഛന്‍ തന്നോട് പോകാന്‍ പറഞ്ഞുവെന്നും സുജിത്ത് പറയുന്നു. റെഡ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘സിനിമയിലേക്ക് ആദ്യമായി എത്തിപ്പെടുന്നത് ഒരു ചെണ്ടക്കാരന്‍ ആയിട്ടാണ്, മ്യൂസിക് ഡിപ്പാര്‍ട്ട്മെന്റിലാണ്. ജോര്‍ജ് കിത്തുവിന്റെ ആധാരം എന്ന സിനിമയില്‍. അന്ന് ജോണ്‍സണ്‍ മാഷാണ് അതിന്റെ സംഗീതം നിര്‍വഹിച്ചിരുന്നത്. അന്ന് ഞാന്‍ കോളേജില്‍ പഠിക്കുന്ന സമയം അച്ഛന് ഒരു ഫോണ്‍ കോള്‍ വരുന്നു ഈ സിനിമയിലേക്ക്. അന്ന് സുഖമില്ലാത്ത കാരണം കൊണ്ട് അച്ഛന്‍ ഹോസ്പിറ്റലില്‍ ആയിരുന്നു. ആ സമയം അച്ഛന്‍ എന്നാല്‍ മോനെ വിളിച്ചോണ്ട് പൊക്കോളാന്‍ പറഞ്ഞു.

അങ്ങനെ ആളുകള്‍ എന്നെ തേടി കോളേജ് ക്യാമ്പസില്‍ വന്നു. ഒരു ചെണ്ടയും സംഘടിപ്പിച്ച് നേരേ ചിത്രാഞ്ജലി സ്റ്റുഡിയോയിലേക്ക് പോയി. അപ്പോള്‍ ചെണ്ട കൊട്ടും എന്നല്ലാതെ ഇതിനെ പറ്റി മറ്റൊന്നും അറിയില്ലായിരുന്നു അവിടെ വലിയൊരു ക്ര്യൂവിന്റെ അടുത്ത് എത്തി. തബല വായിക്കുന്ന ഒരാളെ പരിചയപ്പെട്ടു. ഒരാളടുത്ത് വന്ന് അടുത്തത് നിങ്ങളാണ് വായിക്കേണ്ടതെന്ന് പറഞ്ഞു. ഇങ്ങനെയാണോ ചെണ്ട വായിക്കേണ്ടത് എന്ന് പറഞ്ഞു നല്ല ചീത്തയും കേട്ടു,’ സുജിത്ത് വാസുദേവന്‍ പറയുന്നു.

Content highlight: Sujith Vasudevan talks about his first film

We use cookies to give you the best possible experience. Learn more