| Tuesday, 1st April 2025, 11:42 am

വിചിത്രമായി ചിന്തിക്കുന്ന കുറച്ചാളുകള്‍ക്ക് വേണ്ടി ആശയം മാറ്റുക എന്നത് പ്രാവര്‍ത്തികമല്ല: ഛായാഗ്രാഹകന്‍ സുജിത് വാസുദേവ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

എമ്പുരാന്‍ ബോക്സ് ഓഫീസില്‍ തരംഗമായി മുന്നേറിക്കൊണ്ടിരിക്കുകയാണ്. അതേസമയം സിനിമക്കെതിരെ വ്യാപകമായ പ്രതിഷേധങ്ങളും വന്നുകൊണ്ടിരിക്കുകയാണ്. സിനിമയിലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട രംഗങ്ങള്‍ക്ക് നേരെ സംഘപരിവാര്‍ രംഗത്തെത്തിയിരുന്നു.

ഇപ്പോള്‍ ഇത് സബന്ധിച്ച് കൗമുദി മൂവിസുമായുള്ള അഭിമുഖത്തില്‍ സംസാരിക്കുകയാണ് സിനിമയുടെ ഛായഗ്രാഹകന്‍ സുജിത് വാസുദേവ്.

ഒരു സിനിമയില്‍ കാണുന്ന ആശയം അതുപോലേ എല്ലാ ആളുകളും സ്വീകരിക്കുകയാണോ ചെയ്യുന്നത്?

താന്‍ അങ്ങനെ വിശ്വസിക്കുന്നില്ലെന്നും സിനിമ കഥയായിട്ടാണ് കാണേണ്ടതെന്നും സുജിത് വാസുദേവ് പറയുന്നു. വളരെ വിചിത്രമായി ചിന്തിക്കുന്ന കുറച്ചാളുകള്‍ക്ക് വേണ്ടി നമ്മുടെ ആശയം മാറ്റുക എന്നത് ഒട്ടും പ്രാവര്‍ത്തികമായ കാര്യമല്ലെന്നും സിനിമയില്‍ പറയുന്ന രാഷ്ട്രീയമാണോ ജനങ്ങള്‍ വിശ്വസിക്കേണ്ടതെന്നും സുജിത് വാസുദേവ് പറയുന്നു.

‘മാര്‍ക്കോ പോലൊരു സിനിമ ഇറങ്ങി. ആ സിനിമ കണ്ടിട്ട് ഒരാളെ തലക്കടിച്ചു കൊല്ലുക എന്നൊരു ആശയം ഇപ്ലാന്റ് ചെയ്യാന്‍ പറ്റുമെന്ന് എനിക്ക് തോന്നുന്നില്ല. അങ്ങനെയല്ലല്ലോ നമ്മള്‍ സിനിമയെ കാണേണ്ടത്. സിനിമ കഥയായിട്ടല്ലേ കാണേണ്ടത്. അതൊരു ഫിക്ഷനാണ്, കഥയാണ്. ആ കഥയിലെ കഥാപാത്രങ്ങള്‍ ഇങ്ങനെ ചെയ്യുന്നു എന്ന് പറഞ്ഞിട്ട് ആ കഥയിലെ കഥാപാത്രങ്ങള്‍ ഞാനാണ് എന്ന് ധരിക്കുന്നത് എങ്ങനെയാണ്. അത് എന്തൊരു പൊട്ടത്തരം ആണ്. വളരെ വിചിത്രമായി ചിന്തിക്കുന്ന കുറച്ച് ആളുകള്‍ മാത്രമേ ഉണ്ടാകൂ. അവര്‍ക്ക് വേണ്ടിയിട്ട് നമ്മള്‍ ആശയം മാറ്റുക എന്ന് പറയുന്നത് ഒട്ടും പ്രാവര്‍ത്തികമായിട്ട് തോന്നുന്നില്ല.

നമ്മള്‍ പറയുന്ന രാഷ്ട്രീയവും മറ്റു കാര്യങ്ങളുമാണോ ജനങ്ങള്‍ വിശ്വസിക്കേണ്ടത്. അല്ലെങ്കില്‍ ഒരു മീഡിയ പറയുന്നതാണോ ജനം വിശ്വസിക്കേണ്ടത്. ഒരിക്കലും അല്ല. അവര്‍ക്ക് അവരുടേതായ രാഷ്ട്രീയം ഉണ്ടാകുകയല്ലേ വേണ്ടത്. ഇത് കഥയായിട്ടാണ് കാണേണ്ടത്. ഒരിക്കലും ‘ഇതൊരു റിയല്‍ ലൈഫ് ആണ് ഈ പാര്‍ട്ടിയെ കുറിച്ചാണ്’ പറയുന്നത് എന്ന രീതിയിലല്ല കാണേണ്ടത്,’സുജിത് വാസുദേവ് പറയുന്നു

Content Highlight: Sujith vasudev talks about Empuraan movie

We use cookies to give you the best possible experience. Learn more