| Monday, 14th April 2025, 4:14 pm

അദ്ദേഹം വന്നതിന് ശേഷമാണ് ഞാന്‍ പാട്ടിലേക്ക് കടക്കാമെന്ന് തീരുമാനിച്ചത്: സുജാത മോഹന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സംഗീതപ്രേമികള്‍ക്ക് ഏറെ പ്രിയങ്കരിയായ ഗായികയാണ് സുജാത മോഹന്‍. 1975ല്‍ ടൂറിസ്റ്റ് ബംഗ്ലാവ് എന്ന ചിത്രത്തിലൂടെയാണ് പിന്നണിഗാനരംഗത്ത് സുജാത തന്റെ സാന്നിധ്യമറിയിച്ചത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളില്‍ 2000ത്തിലധികം പാട്ടുകള്‍ സുജാത പാടിയിട്ടുണ്ട്. കേരള, തമിഴ്നാട് സംസ്ഥാന അവാര്‍ഡുകളും സുജാതയെ തേടിയെത്തിയിട്ടുണ്ട്.

ഇപ്പോള്‍ എങ്ങനെയാണ് സംഗീതത്തിലേക്ക് താന്‍ വന്നതെന്നും പങ്കാളിയായ മോഹനെ കുറിച്ചും സംസാരിക്കുകയാണ് സുജാത മോഹന്‍.

യേശുദാസാണ് തന്നെ ആദ്യമായി പാട്ട് പാടാന്‍ വിളിച്ചതെന്നും എന്നാല്‍ അദ്ദേഹത്തിന്റെ കൂടെ പാട്ട് പാടുന്ന സമയത്തും ഒരു പ്രൊഫഷണല്‍ സിങ്ങറായി താന്‍ തന്നെ കണക്കാക്കിയിരുന്നില്ലെന്നും സുജാത മോഹന്‍ പറയുന്നു. കല്ല്യാണത്തിന് ശേഷമാണ് ഇനി താന്‍ ഒരു ഗായികയാണെന്ന് തീരുമാനിച്ചതെന്നും ഇപ്പോഴും ഒരു ഗായികയായി തുടരാന്‍ കാരണം മോഹന്‍ ആണെന്നും സുജാത കൂട്ടിചേര്‍ത്തു. അദ്ദേഹം വന്നതിന് ശേഷമാണ് ഇനി പാട്ടിലേക്ക് കടക്കാമെന്ന് താന്‍ ധൈര്യമായി തീരുമാനിച്ചതെന്നും അവര്‍ പറയുന്നു. പേര്‍ളി മാണി ഷോയില്‍ സംസാരിക്കുകയായിരുന്നു സുജാത മോഹന്‍.

‘ദാസേട്ടന്‍ ഒരു സ്ഥലത്ത് നിന്ന് എന്റെ പാട്ട് കേട്ടു. എന്നെ ദാസേട്ടന്റെ കൂടെ പാടാന്‍ വിളിച്ചു. അതിന് മുമ്പ് ഞാന്‍ കലാഭവനിലെ അംഗമായിരുന്നു. അത് കഴിഞ്ഞ് ഞാന്‍ പാടാന്‍ തുടങ്ങിയിരുന്നു. പക്ഷേ അപ്പോഴൊന്നും ഞാന്‍ എന്നെ പ്രൊഫഷണല്‍ സിങ്ങറാണെന്ന് പറയില്ല. ദാസേട്ടന്റെ കൂടെയൊക്കെ പാടി നടന്നിരുന്നപ്പോള്‍ നല്ല രസമായിരുന്നു. നല്ല പേര് കിട്ടിയിരുന്നു. ബേബി സുജാത എന്നൊക്കെ പറഞ്ഞ് ഫുള്‍ ഹൈപ്പില്‍ നടന്നിരുന്നു.

പക്ഷേ ഞാന്‍ എന്നെ പാട്ടുകാരി എന്ന് കണ്ട് തുടങ്ങിയത് എന്റെ കല്യാണത്തിന് ശേഷം ഒരു ഗ്യാപ്പ് കഴിഞ്ഞ് വന്നപ്പോഴാണ്. ഇതാണ് എന്റെ ലൈന്‍ എന്ന് ഞാന്‍ തീരുമാനിച്ചത്. കാരണം നമുക്ക് വരുന്നയാള് നീ പാടണ്ട എന്ന് പറഞ്ഞ് വീട്ടില്‍ ഇരുന്നാല്‍ അതോടെ കഴിഞ്ഞു പാട്ട്.

അച്ഛനില്ലാത്ത കുട്ടി, ഒരു മകള്‍, എല്ലാവരുടെ കാര്യം നോക്കണം, കൃത്യ സമയത്ത് കല്യാണം കഴിച്ചിരിക്കണം, പാട്ടായിട്ട് നടന്നാല്‍ ശരിയാവില്ലെന്ന് പറയുന്ന മൈന്‍ഡ് സെറ്റാണ്. വന്നയാളേ അറിയാലോ, അയാള്‍ പാട്ടിന് വേണ്ടിയാണ് കല്ല്യാണം കഴിച്ചത്. എന്നെ ഈ മേഖലയിലേക്ക് പുഷ് ചെയ്യുന്നയാളാണ് മോഹന്‍. മോഹന്‍ വന്നതിന് ശേഷമാണ് പാട്ടിലേക്ക് കടക്കാമെന്ന് ധൈര്യമായിട്ട് തീരുമാനം എടുത്തത്,’ സുജാത മോഹന്‍ പറയുന്നു.

Content Highlight: Sujatha Mohan about His husband Mohan

We use cookies to give you the best possible experience. Learn more