മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ ഗായികയാണ് സുജാത മോഹന്‍. ചെറുപ്പം മുതല്‍ വെള്ളിത്തിരയില്‍ സജീവമായ സുജാത, ഒമ്പത് വയസുമുതല്‍ യേശുദാസിനൊപ്പം ഗാനമേളകളിലും പാടിയിട്ടുണ്ട്. 1978ല്‍ ടൂറിസ്റ്റ് ബംഗ്ലാവ് എന്ന ചിത്രത്തിന് വേണ്ടി പിന്നണി പാടിയാണ് സുജാത ഗാനരംഗത്തേക്ക് കടന്നുവന്നത്.
പിന്നീട് തമിഴ്, കന്നഡ, തെലുങ്ക് തുടങ്ങിയ ഭാഷകളിലായി നിരവധി സിനിമകളില്‍ ആലപിച്ചു.
എ.ആര്‍. റഹ്‌മാനടക്കമുള്ള പ്രമുഖ സംഗീത സംവിധായകര്‍ക്ക് വേണ്ടി ഗാനമാലപിച്ചിട്ടുണ്ടെങ്കിലും സുജാതയുടെ ശംബ്ദത്തിന് സ്വര മാധുര്യം കൂടുതല്‍ തോന്നുന്നത് വിദ്യാസാഗര്‍ ഈണമിട്ട ഗാനങ്ങള്‍ പാടുമ്പോഴാണെന്ന് അഭിപ്രായങ്ങളുണ്ട്. വിദ്യാജിയുടെ ആദ്യ സിനിമയായ അഴകിയ രാവണന്‍ പ്രണയമണിതൂവല്‍ എന്ന ഗാനം തന്നെ അതിനുദാഹരണമാണ്.
ഇപ്പോഴിതാ സ്റ്റാര്‍ ആന്‍ഡ് സ്റ്റൈല്‍ മാഗസിന് നല്‍കിയ അഭിമുഖത്തില്‍ വിദ്യാസാഗറിനെ കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവെക്കുകയാണ് സുജാത. വിദ്യാജിയുടെ പാട്ടുകള്‍ പാടുമ്പോള്‍ തന്റെ സ്വരം നന്നായി വരാറുണ്ടെന്നും തോന്നിയിട്ടുണ്ടെന്ന് അവര്‍ പറയുന്നു.
‘പ്രണയവും വിരഹവും സന്തോഷവും സങ്കടവുമൊക്കെ ഈണത്തോട് ഇഴുകിച്ചേര്‍ന്നിരിക്കുന്നതുപോലെ തോന്നും. നമ്മുടെതായിട്ടുള്ള ചില സ്വരസംഗതികളൊക്കെ ചേര്‍ക്കണമെങ്കില്‍ അത് പാടി കേള്‍പ്പിച്ചശേഷം ഇഷ്ടപ്പെട്ടാല്‍ സമ്മതിക്കും. അദ്ദേഹം പറഞ്ഞുതരുന്ന ഭാവങ്ങള്‍ പാട്ടില്‍ കിട്ടിയാല്‍ മാത്രം മതി. വിദ്യാജി ഉദ്ദേശിച്ചതുപോലെ പാട്ട് ഭംഗിയായി വന്നാല്‍ അദ്ദേഹം സന്തോഷവാനാണ്.
വിദ്യാസാഗറിന്റെ പാട്ടുകള്‍ പാടുക എന്നത് ഓരോ ഗായകരുടെയും സ്വപ്നമാണ്. ആ ഭാഗ്യം എനിക്കും കിട്ടിയതില്‍ ഒരുപാട് സന്തോഷമുണ്ട്. അദ്ദേഹത്തിന്റെ പാട്ടുകളിലൂടെയാണ് എന്റെ ശബ്ദത്തെയും തേച്ചുമിനുക്കിയെടുത്തത്. ഓരോ വര്‍ഷവും അദ്ദേഹത്തിന്റെ പാട്ടിലൂടെ ഞാനെന്ന ഗായികയും വളര്‍ന്നു. ഔസേപ്പേട്ടനും വിദ്യാജിയുമൊക്കെ നല്ല അധ്യാപകരാണ്,’ സുജാത പറയുന്നു.
നമ്മുടെ ശബ്ദത്തെ ഫലപ്രദമായ രീതിയില്‍ ഉപയോഗപ്പെടുത്താന്‍ അവര്‍ക്കറിയാമെന്നും ഇപ്പോഴത്തെ കുട്ടികള്‍ക്ക് അങ്ങനെയുള്ള അധ്യാപകരെ കിട്ടുന്നുണ്ടോ എന്നറിയില്ലെന്നും അവര്‍ പറഞ്ഞു. പ്രണയവര്‍ ണങ്ങള്‍ സിനിമയിലെ ‘വരമഞ്ഞളാടിയ രാവിന്റെ മാറില്‍’ തന്റെ പ്രിയപ്പെട്ട പാട്ടുകളിലൊന്നാണെന്നും സുജാത കൂട്ടിച്ചേര്‍ത്തു. മറ്റൊരു സംഗീത സംവിധായകനായിരുന്നെങ്കില്‍, ഈ പാട്ട് തനിക്ക് തരുമോ എന്നറിയില്ലെന്നും എന്നാല്‍ വിദ്യാസാഗറിന് ആ ദീര്‍ഘവീക്ഷണമുണ്ടായിരുന്നുവെന്നും സുജാത പറഞ്ഞു.
മലയാളത്തിന് പുറമെ വിദ്യാസാഗര്‍ സംഗീതം നിര്‍വഹിച്ച കാട്രിന് മൊഴി, ആസയ് ആസയ് എന്നീ ഗാനങ്ങള്‍ സുജാത ആലപിച്ചിട്ടുണ്ട്.
Content Highlight: Sujatha is sharing her memories of Vidyasagar