വിദ്യാര്‍ത്ഥികളില്‍ വര്‍ദ്ധിക്കുന്ന ആത്മഹത്യാ പ്രവണതകള്‍; കഴിഞ്ഞ വര്‍ഷം പൊലിഞ്ഞത് 29 ജീവന്‍
Child Rights
വിദ്യാര്‍ത്ഥികളില്‍ വര്‍ദ്ധിക്കുന്ന ആത്മഹത്യാ പ്രവണതകള്‍; കഴിഞ്ഞ വര്‍ഷം പൊലിഞ്ഞത് 29 ജീവന്‍
ഷാരോണ്‍ പ്രദീപ്‌
Saturday, 4th August 2018, 4:40 pm

കഴിഞ്ഞ ദിവസമാണ് ശിവപുരം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ റഫ്‌സീന ആത്മഹത്യ ചെയ്തത്. പ്ലസ് പരീക്ഷയില്‍ 1200ല്‍ 1180 മാര്‍ക്ക് വാങ്ങിയ മിടുക്കി ആത്മഹത്യ ചെയ്തത് മാധ്യമങ്ങളില്‍ തന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് വന്ന വാര്‍ത്തകളില്‍ മനം നൊന്തായിരുന്നു.

നിലമ്പൂരിലെ ലക്ഷം വീട് കോളനിയിലെ ഒറ്റമുറി വീട്ടിലായിരുന്നു ഈ വിദ്യാര്‍ത്ഥിനി താമസിച്ചിരുന്നത്. അച്ഛനും അമ്മയും ദിവസവേതനക്കാരും. ഈ ചുറ്റുപാടുകളോട് പൊരുതിയാണ് റഫ്‌സീന പ്ലസ്ടുവില്‍ ഉന്നത വിജയം നേടിയത്.

മാളൂര്‍ ഗ്രാമത്തിന് മുഴുവന്‍ അഭിമാനമായ റഫ്‌സീന തന്റെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കൂട്ടുകാരില്‍ നിന്ന് മറച്ച് വെച്ചിരിക്കുകയായിരുന്നു. വാര്‍ത്തകള്‍ വന്നതോടെ കണ്ണൂര്‍ എം.പി പി.കെ ശ്രീമതി ഉള്‍പ്പെടെ പലരും സഹായവാഗ്ദാനങ്ങള്‍ നല്‍കിയിരുന്നു. അതിനിടയ്ക്കാണ് റഫ്‌സീനയുടെ ആത്മഹുതി

ആത്മഹത്യക്കുറിപ്പില്‍ തന്റെ ചുറ്റുപാടുകളെക്കുറിച്ച് മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകളാണ് തന്നെ ഇത്തരമൊരു തീരുമാനം എടുക്കാന്‍ പ്രേരിപ്പിച്ചതെന്ന് കൃത്യമായ സൂചനകള്‍ നല്‍കുന്നുണ്ട്.

റഫ്‌സീനയുടേത് ഒരു ഒറ്റപ്പെട്ട സംഭവമല്ല. കാരണങ്ങള്‍ പലതാണെങ്കിലും സംസ്ഥാനത്ത് വിദ്യാര്‍ഥികള്‍ക്കിടയിലുള്ള ആത്മഹത്യ പ്രവണത വര്‍ദ്ധിച്ച് വരുന്നതായാണ്് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

ഇന്ത്യയിലെ മൊത്തം കണക്കുകള്‍ പരിശോധിച്ചാല്‍ ഓരോ മണിക്കൂറിലും ഒരു വിദ്യാര്‍ത്ഥി എന്ന തോതില്‍ ആത്മഹത്യകള്‍ നടക്കുന്നുണ്ട് എന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. ഇതിലേറേയും പെണ്‍കുട്ടികളാണ്. ഔദ്യോഗിക കണക്ക് പ്രകാരം 2016ല്‍ ഇന്ത്യയില്‍ ആത്മഹത്യ ചെയ്ത വിദ്യാര്‍ത്ഥികളുടെ എണ്ണം 9,474 ആണ്. മഹാരാഷ്ട്രയും ബംഗാളുമാണ് ഈ കാര്യത്തില്‍ ഇന്ത്യയില്‍ മുന്നില്‍ നില്‍ക്കുന്ന സംസ്ഥാനങ്ങള്‍.

വിദ്യാഭ്യാസത്തിലും ആരോഗ്യരംഗത്തും ഏറെ മുന്‍പന്തിയില്‍ നില്‍ക്കുന്ന കേരളത്തിലെ അവസ്ഥയും വ്യത്യസ്ഥമല്ല എന്നാണ് അനുഭവങ്ങളും കണക്കും സൂചിപ്പിക്കുന്നത്.

ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ ബോര്‍ഡ് പുറത്തുവിട്ട കണക്ക് പ്രകാരം 2016-17 അക്കാദമിക വര്‍ഷത്തില്‍ മാത്രം 66 ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ത്ഥികള്‍ ആത്മഹത്യ ചെയ്യാന്‍ ശ്രമം നടത്തിയിട്ടുണ്ട്. ഇതില്‍ തന്നെ 50പേരും പെണ്‍കുട്ടികളാണ്. 29പേരാണ് ഇതില്‍ മരണപ്പെട്ടത്. ഇതില്‍ മുന്നില്‍ നില്‍ക്കുന്നത് കണ്ണൂര്‍ ജില്ലയാണ്. മൊത്തം 13 പേരാണ് കണ്ണൂര്‍ ജില്ലയില്‍ നിന്നും ആത്മഹത്യ ശ്രമം നടത്തിയത്. ഇതില്‍ 10 പേര്‍ പെണ്‍കുട്ടികളാണ്.

കുട്ടികള്‍ പല കോഴ്‌സുകളും തെരഞ്ഞെടുക്കുന്നത് മാതാപിതാക്കളുടെ നിര്‍ബന്ധം കൊണ്ടാണെന്നും ഇത് സൃഷ്ടിക്കുന്ന മാനസിക സമ്മര്‍ദ്ദങ്ങളുമാണ് ഏറിയപങ്ക് ആത്മഹത്യകളുടേയും കാരണമെന്ന് മലബാര്‍ ക്രിസ്റ്റ്യന്‍ കോളേജ് അധ്യാപകനും, കൗണ്‍സിലിംഗ് വിദഗ്ദനുമായ പ്രൊഫ. ലാംബര്‍ട്ട് കിഷോര്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു.

കൗമാര പ്രണയം, ലഹരി ഉപയോഗം തുടങ്ങിയ കാരണങ്ങളും ആത്മഹത്യങ്ങള്‍ക്ക് കാരണമാകുന്നുവെന്നും ലാംബര്‍ട്ട് കിഷോര്‍ പറയുന്നു. ഒരുപാട് വിദ്യാര്‍ത്ഥികള്‍ കൗണ്‍സിലിങ്ങിനായി സമീപിക്കുന്നതായും അധ്യാപകന്‍ വെളിപ്പെടുത്തുന്നു.

എങ്കിലും പഠനവിഷയങ്ങളില്‍ വീട്ടില്‍ നിന്നും, സമൂഹത്തില്‍നിന്നും ഉണ്ടാവുന്ന സമ്മര്‍ദ്ദം തന്നെയാണ്. ഒരുപാട് ആത്മഹത്യാക്കുറിപ്പുകളില്‍ അച്ഛനും അമ്മയും ആഗ്രഹിച്ചത് പ്രകാരം ആയിത്തീരാന്‍ സാധിക്കാത്തതാണ് കാരണമായി ചൂണ്ടിക്കാണിക്കുന്നത്.

ബോധവല്‍ക്കരണവും, ക്ലാസുകളും ഈ വിഷയത്തില്‍ കുട്ടികളേക്കാള്‍ മാതാപിതാക്കള്‍ക്കും അധ്യാപകര്‍ക്കും ആണ് നല്‍കേണ്ടതെന്നും അധ്യാപകന്‍ പറയുന്നു.

കുട്ടികളില്‍ മാനസികാരോഗ്യം വളര്‍ത്താനും കൃത്യമായ കൗണ്‍സിലിങ്ങ് ക്ലാസുകള്‍ നല്‍കാനും വിദ്യാഭ്യാസ വകുപ്പിന്റെ വിവിധ പദ്ധതികളുണ്ട്. സൗഹൃദ ക്ലബ് പോലെ കൗമാരക്കാര്‍ക്ക് കൗണ്‍സിലിങ്ങ് നല്‍കുന്ന പദ്ധതികള്‍ വേണ്ടത്ര ഫലപ്രദം അല്ലെന്നാണ് വര്‍ദ്ധിച്ച് വരുന്ന ആത്മഹത്യാ നിരക്ക് സൂചിപ്പിക്കുന്നത്. മാനസികാരോഗ്യം ഓരോ കുട്ടിയുടേയും ഭരണഘടനാപരമായ അവകാശമായിരിക്കുമ്പോഴാണിത്.

അധ്യാപകര്‍ക്കുള്ള റീഫ്രഷര്‍ കോഴ്‌സ് രണ്ട് മൂന്ന് ദിവസം എന്നുള്ളത് നീട്ടി പത്ത് ദിവസമാക്കുമെന്നും, ക്ലിനിക്കല്‍ സൈക്കോളജി ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ പരിശീലനത്തിന്റെ ഭാഗമാക്കുമെന്നും ഡി.എച്ച്.എസ്.സി ജോയിന്റ് ഡയറക്ടര്‍ പി.പി പ്രകാശന്‍ പറയുന്നു. കുട്ടികളെ അറിയുക എന്ന മുദ്രാവാക്യത്തോടെ മള്‍ട്ടിമീഡിയ സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് നല്‍കുമെന്നും ജോയിന്റ് ഡയറക്ടര്‍ പറയുന്നു. ഐ.ഐ.ടികളില്‍ നിന്നുമുള്ള വിദഗ്ദര്‍ നയിക്കുന്ന ക്ലാസുകള്‍ അധ്യാപകര്‍ക്കായി നല്‍കാനും ഡി.എച്.എസ്.സി ലക്ഷ്യമിടുന്നുണ്ട്.

ഇത്തരം കൂടുതല്‍ പദ്ധതികള്‍ വരികയാണെങ്കില്‍ ഒരു പരിധി വരെ അധ്യാപകര്‍ക്ക് മനശാസ്ത്ര വിഷയത്തില്‍ പരിശീലനം നല്‍കാനും, വിദ്യാര്‍ത്ഥികള്‍ക്ക് മെച്ചപ്പെട്ട മാനസികാരോഗ്യം പകരാനുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതമാക്കാനും സാധിക്കും. നിസ്സാരമായ പ്രശ്‌നങ്ങള്‍ക്ക് പോലും ജീവിതം അവസാനിപ്പിക്കാന്‍ തീരുമാനമെടുക്കുന്നതില്‍ നിന്ന് യുവതലമുറയെ പിന്തിരിപ്പിച്ചേ മതിയാവൂ.

ഷാരോണ്‍ പ്രദീപ്‌
സ്വതന്ത്ര മാധ്യമപ്രവര്‍ത്തകന്‍