| Monday, 23rd June 2025, 6:56 am

ഡമസ്‌കസിലെ ചര്‍ച്ചില്‍ ചാവേറാക്രമണം; 22 പേര്‍ കൊല്ലപ്പെട്ടു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഡമസ്‌കസ്: സിറിയയിലെ ഡമസ്‌കസിലെ പള്ളിയിലുണ്ടായ ചാവേര്‍ ബോംബാക്രമണത്തില്‍ 22 പേര്‍ കൊല്ലപ്പെട്ടെന്ന് സിറിയന്‍ അധികൃതര്‍ അറിയിച്ചു. സിറിയന്‍ ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക് പ്രകാരം ആക്രമണത്തില്‍ 22 പേര്‍ മരിച്ചതായും 63 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായാണ് റിപ്പോര്‍ട്ട്.

ദ്വീലയില്‍ മാര്‍ ഏലിയാസ് പള്ളിക്കുള്ളില്‍ ആളുകള്‍ പ്രാര്‍ത്ഥിക്കുന്നതിനിടെയാണ് സ്‌ഫോടനം നടന്നതെന്നാണ് വിവരം. കുട്ടികളടക്കമുള്ളവരാണ് കൊല്ലപ്പെട്ടത്. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഒരു സംഘടനയും ഏറ്റെടുത്തിട്ടില്ലെന്നാണ് വിവരം.

ഇസ്‌ലാമിക് സ്റ്റേറ്റ് ഗ്രൂപ്പിലെ ഒരു തീവ്രവാദി പള്ളിയില്‍ പ്രവേശിച്ച് അവിടെയുള്ള ആളുകള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയും പിന്നീട് ഒരു സ്‌ഫോടകവസ്തു ഉപയോഗിച്ച് സ്വയം ചാവേറാകുകയും ചെയ്തുവെന്ന് സിറിയന്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

അതേസമയം ചാവേറായ വ്യക്തി പള്ളിയിലേക്ക് വെടിയുതിര്‍ക്കുകയായിരുന്നുവെന്നും പിന്നീട് പള്ളിക്കുള്ളില്‍ കയറി വരുകയുമായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. എന്നാല്‍ ആക്രമണം ഭീകരാക്രമാണമാണെന്നാണ് സിറിയന്‍ ഇന്‍ഫര്‍മേഷന്‍ മന്ത്രി ഹംസ മൊസ്തഫ പറഞ്ഞത്.

പള്ളിക്കുള്ളില്‍ സാരമായ കേടുപാടുകള്‍ ഉണ്ടായതായും ഇരിപ്പിടങ്ങളും രക്തം തെറിച്ച ചുവരുകളും പുറത്ത് വന്ന ചിത്രങ്ങളില്‍ കാണാം. വിമതസേന ഡമസ്‌കസ് പിടിച്ചെടുത്തതിന് ശേഷമുള്ള ആദ്യ ആക്രമണമാണ് ഇന്നലെയുണ്ടായതെന്നാണ് വിവരം.

Content Highlight: Suicide attack on church in Damascus; 22 killed

We use cookies to give you the best possible experience. Learn more