| Thursday, 15th May 2025, 7:33 am

ആ നടിയുള്ളപ്പോള്‍ ഞാന്‍ എന്തിനെന്ന് ചോദിച്ച് പിന്മാറി; പിന്നീട് മണി എന്നെ ഒരിക്കല്‍ പോലും കാസ്റ്റ് ചെയ്തില്ല: സുഹാസിനി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികള്‍ക്ക് ഇന്നും ഏറെ പ്രിയപ്പെട്ട നടിയാണ് സുഹാസിനി. 1980ല്‍ നെഞ്ചത്തൈ കിള്ളാതെ എന്ന തമിഴ് ചിത്രത്തിലൂടെയാണ് സുഹാസിനി തന്റെ സിനിമാ കരിയര്‍ ആരംഭിക്കുന്നത്. 1983ല്‍ പുറത്തിറങ്ങിയ കൂടെവിടെ എന്ന ചിത്രത്തിലൂടെയാണ് നടി മലയാള സിനിമയിലേക്കെത്തിയത്.

മലയാളത്തില്‍ മമ്മൂട്ടി, മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ളവരുടെ നായികയായും സുഹാസിനി അഭിനയിച്ചിട്ടുണ്ട്. സംവിധായകന്‍ മണി രത്‌നമാണ് സുഹാസിനിയുടെ പങ്കാളി. എന്നാല്‍ നടി ഇതുവരെ അദ്ദേഹത്തിന്റെ ഒരു സിനിമയില്‍ പോലും നായികയായിട്ടില്ല.

ഇത്രയും വര്‍ഷങ്ങള്‍ക്കിടയില്‍ മണി രത്‌നത്തിന്റെ ഒരു സിനിമയില്‍ പോലും അഭിനയിക്കാത്തത് എന്തുകൊണ്ടാണ് എന്ന ചോദ്യത്തിന് മറുപടി പറയുകയാണ് സുഹാസിനി. ഗലാട്ട തമിഴിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടി.

‘ആ ചോദ്യത്തിനുള്ള ഉത്തരം മണിയാണ് പറയേണ്ടത്. എന്നെ മണിയുടെ ആദ്യ സിനിമയിലേക്ക് വിളിച്ചിരുന്നു. പല്ലവി അനു പല്ലവി എന്ന സിനിമയായിരുന്നു അത്. പക്ഷെ അതില്‍ എന്തോ കാരണം കൊണ്ട് ഞാന്‍ അഭിനയിക്കില്ലെന്ന് പറയുകയായിരുന്നു.

അതില്‍ നായികയായി ലക്ഷ്മി മാഡം ഉണ്ടായിരുന്നു. അവരായിരുന്നു ആ സിനിമയിലെ പ്രധാന കഥാപാത്രം. അനില്‍ കപൂറായിരുന്നു ആ സിനിമയിലെ നായകന്‍. അനില്‍ കപൂറിന്റെ ഗേള്‍ഫ്രണ്ടായ കിരണ്‍ വൈരാളി എന്ന കഥാപാത്രത്തിന് വേണ്ടി ആയിരുന്നു എന്നെ വിളിച്ചത്.

പക്ഷെ കഥയൊക്കെ കേട്ടപ്പോള്‍ ‘ലക്ഷ്മി മാഡം ഉള്ളപ്പോള്‍ എനിക്ക് അതില്‍ എന്താണ് ഉള്ളത്’ എന്ന് ചോദിച്ചു കൊണ്ട് ഞാന്‍ ആ സിനിമ വേണ്ടെന്ന് പറഞ്ഞു. അതുകൊണ്ടാണോ എന്നറിയില്ല, മണി പിന്നെ എന്നെ ഇതുവരെ ഒരു സിനിമയിലും കാസ്റ്റ് ചെയ്തില്ല.

പിന്നെ അഞ്ജലി എന്ന സിനിമയില്‍ ഒരു ചാന്‍സ് ഉണ്ടായിരുന്നു. പക്ഷെ അപ്പോഴേക്കും രേവതി കോംപ്രമൈസായി തിരികെ വന്നു. രേവതിക്ക് അന്ന് എന്തോ ഒരു ഡേറ്റ് പ്രശ്‌നം ഉണ്ടായിരുന്നു. അതില്‍ ഞാന്‍ അഭിനയിക്കേണ്ടതായിരുന്നു,’ സുഹാസിനി പറയുന്നു.


Content Highlight: Suhasini Talk About Why She Didn’t Act Any Mani Ratnam Movies

We use cookies to give you the best possible experience. Learn more