ആ പാട്ടെഴുതാന്‍ മണ്‍റോതുരുത്തില്‍ പോയി; അതിന് പ്രത്യേക ഫീലുണ്ട്: സുഹൈല്‍ കോയ
Malayalam Cinema
ആ പാട്ടെഴുതാന്‍ മണ്‍റോതുരുത്തില്‍ പോയി; അതിന് പ്രത്യേക ഫീലുണ്ട്: സുഹൈല്‍ കോയ
ഐറിന്‍ മരിയ ആന്റണി
Thursday, 19th March 2026, 4:40 pm

ഗാനരചയിതാവ്, തിരക്കഥാകൃത്ത് എന്നീ മേഖലകളില്‍ മലയാള സിനിമയില്‍ ശ്രദ്ധേയനാണ് സുഹൈല്‍ കോയ. മോസയിലെ കുതിര മീനുകള്‍ എന്ന ചിത്രത്തിലൂടെ ഗാനരചയിതാവായി അരങ്ങേറ്റം കുറിച്ച അദ്ദേഹം, തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ എന്ന ചിത്രത്തിലെ ‘ജാതിക്കത്തോട്ടം’ എന്ന ഗാനത്തിലൂടെ വലിയ പ്രേക്ഷ ശ്രദ്ധ നേടി.

തുടര്‍ന്ന് സൂപ്പര്‍ ശരണ്യ, പ്രേമലു എന്നീ ഗിരീഷ് എ.ഡി ചിത്രങ്ങളിലും ഗാനരചയിതാവായി പ്രവര്‍ത്തിച്ചു. സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയ ചിറാപ്പൂഞ്ചി മഴയത്ത് എന്ന ഗാനത്തിന് വരികളെഴുതിയും അദ്ദേഹമായിരുന്നു. ബേസില്‍ ജോസഫ് നായകനായി 2025ല്‍ പുറത്തിറങ്ങിയ പൊന്മാന്‍ എന്ന ചിത്രത്തിനും സുഹൈല്‍ ഗാനരചയിതാവ് പ്രവര്‍ത്തിച്ചിരുന്നു. ഏറെ നിരൂപകപ്രശംസ നേടിയ പൊന്മാനിലെ ഗാനങ്ങളും ശ്രദ്ധിക്കപ്പെട്ടു.

ഇപ്പോള്‍ ഗൃഹലക്ഷ്മിയുമായുള്ള അഭിമുഖത്തില്‍ ഒരു സിനിമയിലെ എല്ലാ ഗാനങ്ങളും ഒരാള്‍ ചെയ്യുന്നതാണ് നല്ലതെന്ന് അദ്ദേഹം പറയുന്നു.

‘അതാകുമ്പോള്‍ വാക്കുകളുടെ ടോണ്‍ നമുക്ക് തന്നെ സെറ്റ് ചെയ്യാനുള്ള സ്വാതന്ത്ര്യം കിട്ടും. കഥാപാത്രങ്ങളുടെ സ്വഭാവവും സാഹചര്യവും മനസിലാക്കാന്‍ സാധിക്കും. ഉദാഹരണത്തിന് ‘പൊന്‍മാനിലെ മുഴുവന്‍ പാട്ടും എഴുതിയത് ഞാനാണ്. അതില്‍ ‘നെഞ്ചില്‍ പണ്ടേ നോവായി’ എന്ന പാട്ട് എഴുതാന്‍ മണ്‍റോതുരുത്തില്‍ പോയിട്ടുണ്ട്. അങ്ങനെ പോകുമ്പോള്‍ പ്രത്യേക ഫീല്‍ കിട്ടും.

ആ സ്ഥലത്തിരുന്ന് കഥ കേള്‍ക്കുന്നു, ചുറ്റുപാടിനെ നിരീക്ഷിക്കുന്നു. അവിടുത്തെ ആളുകളുടെ ജീവിതര രീതി കാണുന്നു. മൊത്തത്തില്‍ എഴുതാനുള്ളത് കൊണ്ടാണ് അങ്ങനെ പോകുന്നത്. ഒരു പാട്ട് മാത്രമാണെങ്കില്‍ അങ്ങനെയൊന്നിന് മുതിരില്ല. അതുപോലെ ആ സിനിമയിലെ ‘ബ്രൈഡാത്തി’ എന്ന പാട്ടും അവി ടെനിന്ന് കിട്ടിയതാണ്.

മണ്‍റോതുരുത്തിലുള്ളവര്‍ ഇംഗ്ലീഷ് വാക്കുകളെ മലയാളത്തിലാക്കുമെന്ന് ഞാന്‍ കേട്ടിട്ടുണ്ട്. സെറ്റേഷ്, മൂഡേഷ് തുടങ്ങിയ വാക്കുകള്‍. അതിനെ കോംപ്ലിമെന്റ് ചെയ്യാന്‍ പറ്റുന്ന വാക്കില്‍ തുടങ്ങിയാലോ എന്ന് ആലോചിച്ചു. പെണ്ണാത്തി, ചങ്കത്തി എന്നെല്ലാം പറയുന്നപോലെ ബ്രൈഡാത്തി എന്ന വാക്കിലേക്കെത്തി,’ സുഹൈല്‍ കോയ പറഞ്ഞു.

ഒരുപാട് വരികള്‍ പുതിയ തലമുറക്ക് ഡീകോഡ് ചെയ്യാന്‍ ബുദ്ധിമുട്ടാണെന്ന് തോന്നിയിട്ടുണ്ടെന്നും അറ്റഷന്‍ സ്പാന്‍ കുറഞ്ഞ കാലമാണിതെന്നും അദ്ദേഹം പറയുന്നു. 30, 40 സെക്കന്‍ഡില്‍ ഹിറ്റടിക്കണമെന്നതാണ് പുതിയതലമുറയുടെ ചിന്തയെന്നും സുഹൈല്‍ കോയ കൂട്ടിച്ചേര്‍ത്തു.

Content highlight: Suhailkoya talks about the songs in Ponman

ഐറിന്‍ മരിയ ആന്റണി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.