മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടനാണ് സുധീഷ്. സിനിമയില്‍ കാലങ്ങളായി നിറഞ്ഞ് നില്‍ക്കുന്ന അദ്ദേഹം ബാലതാരമായാണ് തന്റെ കരിയര്‍ ആരംഭിച്ചത്. അടൂര്‍ ഗോപാലകൃഷ്ണന്റെ സംവിധാനത്തില്‍ 1987ല്‍ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രമായ അനന്തരം ആണ് അദ്ദേഹത്തിന്റെ ആദ്യ ചിത്രം.
പിന്നീട് ഒരുപാട് മികച്ച സംവിധായകരോടൊപ്പം സിനിമകള്‍ ചെയ്യാന്‍ സുധീഷിന് സാധിച്ചു. ഇപ്പോള്‍ സുധീഷിന്റേതായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ധീരന്‍. ഈ സിനിമയില്‍ രാജേഷ് മാധവനാണ് നായകനായി എത്തുന്നത്.
ഇപ്പോള്‍ സില്ലിമോങ്ക്‌സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തില്‍ രാജേഷ് മാധവനെ കുറിച്ച് സംസാരിക്കുകയാണ് സുധീഷ്. മരണമാസ് എന്ന സിനിമ താന്‍ കണ്ടിരുന്നുവെന്നും അത് ഒരുപാട് ഇഷ്ടപ്പെട്ടുവെന്നും നടന്‍ പറയുന്നു.
ചിത്രത്തില്‍ രാജേഷ് ഒരു സൈക്കോ കഥാപാത്രമായിട്ടായിരുന്നു എത്തിയത്. അദ്ദേഹത്തിന്റെ കഥാപാത്രം അടിപൊളി ആണെന്നും ഒരുപാട് ഇഷ്ടമായെന്നും സുധീഷ് അഭിമുഖത്തില്‍ പറഞ്ഞു. ഓരോ ഷോട്ടിലും സൈക്കോ കഥാപാത്രത്തെ കൃത്യമായി കാണാമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘മരണമാസ് എന്ന സിനിമ ഞാന്‍ കണ്ടിരുന്നു. അത് എനിക്ക് ഒരുപാട് ഇഷ്ടമായി. അതിലെ രാജേഷ് മാധവിന്റെ സൈക്കോ കഥാപാത്രവും അടിപൊളിയാണ്. അവന്റെ അഭിനയം എനിക്ക് ഒരുപാട് ഇഷ്ടമായി.
കാരണം സൈക്കോ കഥാപാത്രം എന്നത് ഓരോ ഷോട്ടിലും വ്യക്തമായി കാണാമായിരുന്നു. ക്ലോസപ്പ് ഷോട്ടിലും മിഡ് ഷോട്ടിലുമൊക്കെ ആ കഥാപാത്രത്തിന്റെ സൈക്കോത്തരം നന്നായി കാണിച്ചിട്ടുണ്ട്. അത്ര നല്ല അഭിനയമാണ്.
ഇപ്പോള്‍ ധീരന്‍ എന്ന സിനിമയില്‍ ഞങ്ങള്‍ രണ്ടുപേരും ഒരുമിച്ച് വര്‍ക്ക് ചെയ്തു. പക്ഷെ ധീരന്‍ സ്‌ക്രീനില്‍ എങ്ങനെയാണെന്ന് ഞാന്‍ കണ്ടിട്ടില്ല. കൂടെ അഭിനയിക്കുമ്പോള്‍ ഉണ്ടായ കാര്യങ്ങള്‍ മാത്രമാണ് ഇപ്പോള്‍ അറിയുന്നത്. സിനിമ കണ്ടിട്ട് പറയേണ്ടി വരും,’ സുധീഷ് പറയുന്നു.
ധീരന്‍:
ജാന്‍ എ.മന്‍, ജയ ജയ ജയ ജയഹേ, ഫാലിമി എന്നീ ബ്ലോക്ക് ബസ്റ്റര്‍ ചിത്രങ്ങള്‍ക്ക് ശേഷം ചീയേഴ്‌സ് എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ധീരന്‍. ഫണ്‍ ആക്ഷന്‍ എന്റര്‍ടൈനറായിട്ടാണ് ഈ സിനിമ ഒരുങ്ങുന്നത്.
രാജേഷ് മാധവന്‍ നായകനാകുന്ന ഈ സിനിമയില്‍ ജഗദീഷ്, മനോജ് കെ. ജയന്‍, അശോകന്‍ തുടങ്ങി വലിയ താരനിര തന്നെയാണ് ഒന്നിക്കുന്നത്. അവര്‍ക്ക് പുറമെ സുധീഷ്, വിനീത്, ശബരീഷ് വര്‍മ, സിദ്ധാര്‍ത്ഥ് ഭരതന്‍ ഉള്‍പ്പെടെയുള്ളവരും ധീരന്‍ സിനിമയില്‍ അഭിനയിക്കുന്നുണ്ട്.
Content Highlight: Sudheesh Talks About Rajesh Madhavan And Maranamass Movie