| Tuesday, 20th August 2024, 9:39 am

ലാലേട്ടനെ കണ്ടാല്‍ അറിയാതെ റിയാക്ഷന്‍സ് വന്നുപോകും; അദ്ദേഹത്തിന്റെ ആലിംഗനത്തിന് മാഗ്നെറ്റിക് ഫീല്‍: സുധീഷ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

1993ലായിരുന്നു ഫാസില്‍ സംവിധാനം ചെയ്ത മണിച്ചിത്രത്താഴ് റിലീസാകുന്നത്. മധു മുട്ടം തിരക്കഥ ഒരുക്കിയ സിനിമ മലയാളത്തിലെ ഏറ്റവും മികച്ച സൈക്കോളജിക്കല്‍ ഹൊറര്‍ ത്രില്ലറായാണ് കണക്കാക്കപ്പെടുന്നത്.

മോഹന്‍ലാല്‍ നായകനായ സിനിമയില്‍ സുരേഷ് ഗോപി, ശോഭന, നെടുമുടി വേണു, ഇന്നസെന്റ്, വിനയ പ്രസാദ്, കെ.പി.എ.സി. ലളിത, ശ്രീധര്‍, കെ.ബി. ഗണേഷ് കുമാര്‍, സുധീഷ്, തിലകന്‍ തുടങ്ങിയ മികച്ച താരനിര തന്നെ ഒന്നിച്ചിരുന്നു. ചിത്രത്തില്‍ ചന്തു എന്ന കഥാപാത്രമായിട്ടായിരുന്നു സുധീഷ് എത്തിയത്.

മോഹന്‍ലാലിനൊപ്പം സുധീഷ് സ്‌ക്രീന്‍ പങ്കിടുന്ന ആദ്യ സിനിമയായിരുന്നു മണിച്ചിത്രത്താഴ്. ഇപ്പോള്‍ മോഹന്‍ലാലിനെ കുറിച്ച് പറയുകയാണ് സുധീഷ്. 31 വര്‍ഷങ്ങള്‍ക്ക് ശേഷം മണിച്ചിത്രത്താഴ് റീ റിലീസ് ചെയ്തതിന്റെ ഭാഗമായി സെല്ലുലോയിഡ് മാഗസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ലാലേട്ടനെ കുറിച്ച് പ്രത്യേകിച്ച് പറയേണ്ട ആവശ്യമില്ല. ഒരു കുട്ടിക്കളിയുള്ള ആളാണ് അദ്ദേഹം എന്നാണ് എന്റെ മനസില്‍ ഉണ്ടായിരുന്നത്. അതേപോലെ തന്നെയാണ് എനിക്ക് സെറ്റില്‍ പോയപ്പോള്‍ ഫീല്‍ ചെയ്തത്. ലാലേട്ടനൊപ്പം ഞാന്‍ അഭിനയിക്കുന്ന ആദ്യ സിനിമ ‘മണിച്ചിത്രത്താഴ്’ ആയിരുന്നു. അത് വല്ലാത്തൊരു അനുഭവമായിരുന്നു.

ഒരു ഗിവ് ഏന്‍ഡ് ടേക്ക് ആയിട്ടുള്ള അഭിനയമായിരുന്നു ആ സിനിമയില്‍. അദ്ദേഹത്തെ നോക്കുമ്പോള്‍ നമ്മള്‍ അറിയാതെ അഭിനയിച്ചു പോകും. റിയാക്ഷന്‍സൊക്കെ അറിയാതെ തന്നെ വന്നുപോകും. അത്രത്തോളം നമുക്ക് സീനുകള്‍ ഈസിയാക്കി തരുന്ന ആളാണ് ലാലേട്ടന്‍. അദ്ദേഹത്തിന് ഒരു മാഗ്നെറ്റിക് പവറുണ്ട്. അദ്ദേഹം നമ്മളെ ആലിംഗനം ചെയ്യുമ്പോള്‍ ഒരു മാഗ്നെറ്റിക് ഫീലാണ് ലഭിക്കുക.

ഒരു എക്‌സ്ട്രാ ഓര്‍ഡിനറിമാന്‍ ആണ് ലാലേട്ടന്‍. അത് അദ്ദേഹത്തിന് മാത്രം പറ്റുന്ന ഒരു ഏരിയയാണ്. അദ്ദേഹം ടേക്കിന് മുമ്പ് വരെ ചിരിച്ചു കളിച്ച് നില്‍ക്കുകയാവും. ആക്ഷന്‍ പറയുമ്പോള്‍ മാത്രമാണ് അദ്ദേഹത്തിന് അഭിനയം വരുന്നത്. അത് എവിടുന്നോ വരുന്ന കാര്യമാണ്,’ സുധീഷ് പറഞ്ഞു.


Content Highlight: Sudheesh Talks About Mohanlal

Latest Stories

We use cookies to give you the best possible experience. Learn more