| Monday, 30th June 2025, 8:00 pm

ഒരു കഥാപാത്രത്തെ വ്യത്യസ്തമാക്കാന്‍ ആകുന്നവര്‍ മലയാളത്തില്‍ അപൂര്‍വം; അതിലൊരാളാണ് ആ നടന്‍: സുധീഷ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടനാണ് സുധീഷ്. സിനിമയില്‍ കാലങ്ങളായി നിറഞ്ഞ് നില്‍ക്കുന്ന അദ്ദേഹം ബാലതാരമായാണ് തന്റെ കരിയര്‍ ആരംഭിച്ചത്. അടൂര്‍ ഗോപാലകൃഷ്ണന്റെ സംവിധാനത്തില്‍ 1987ല്‍ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രമായ അനന്തരം ആണ് അദ്ദേഹത്തിന്റെ ആദ്യ ചിത്രം.

പിന്നീട് ഒരുപാട് മികച്ച സംവിധായകരോടൊപ്പം സിനിമകള്‍ ചെയ്യാന്‍ സുധീഷിന് സാധിച്ചു. ഇപ്പോള്‍ സുധീഷിന്റേതായി എത്തുന്ന ചിത്രമാണ് ധീരന്‍. ഈ സിനിമയില്‍ നടന്‍ മനോജ് കെ. ജയനും ഒരു പ്രധാനവേഷത്തില്‍ എത്തിയിരുന്നു.

ഇപ്പോള്‍ മനോജിനെ കുറിച്ച് പറയുകയാണ് സുധീഷ്. അനന്തഭദ്രം, അര്‍ദ്ധനാരി, ദ്രോണ തുടങ്ങിയ ചിത്രങ്ങളിലെ നടന്റെ കഥാപാത്രങ്ങളെ കുറിച്ചാണ് സുധീഷ് പറയുന്നത്. ധീരന്‍ സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി ക്ലബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ചില കഥാപാത്രങ്ങളെ വ്യത്യസ്തമായ രീതിയില്‍ കൊണ്ടുവരണമെങ്കില്‍ അതിന് മനോജേട്ടനെ പോലെയുള്ള നടന്മാരെ വെച്ചാലേ ആലോചിക്കാന്‍ പറ്റുകയുള്ളൂ. അത് മനോജ് കെ. ജയന്‍ എന്ന നടന്‍ ഒരുപാട് തവണ പ്രൂവ് ചെയ്തതാണ്.

അല്ലെങ്കില്‍ പിന്നെ സ്ഥിരമായിട്ട് ഒരു ഫോര്‍മുലയില്‍ തന്നെ വരുന്ന ഒരേതരം കഥാപാത്രങ്ങള്‍ ചെയ്താല്‍ മതിയല്ലോ. എന്നാല്‍ മനോജേട്ടന്‍ അനന്തഭദ്രം, അര്‍ദ്ധനാരി, ദ്രോണ പോലെയുള്ള സിനിമകളില്‍ അഭിനയിച്ചു.

ആ സിനിമകളിലൂടെയൊക്കെ വ്യത്യസ്തമായ കഥാപാത്രങ്ങള്‍ ചെയ്ത് ഫലിപ്പിച്ചു. അതിലൊക്കെ വേറെ ആളായി മാറിയിട്ടാണ് ചേട്ടന്‍ അഭിനയിച്ചത്. അങ്ങനെ അഭിനയിക്കാന്‍ വളരെ അപൂര്‍വം നടന്മാര്‍ മാത്രമേ മലയാളത്തിലുള്ളൂ,’ സുധീഷ് പറയുന്നു.

ധീരന്‍:

ജാന്‍ എ.മന്‍, ജയ ജയ ജയ ജയഹേ, ഫാലിമി എന്നീ ബ്ലോക്ക് ബസ്റ്റര്‍ ചിത്രങ്ങള്‍ക്ക് ശേഷം ചീയേഴ്സ് എന്റര്‍ടൈന്‍മെന്റ്സിന്റെ ബാനറില്‍ എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ധീരന്‍. ഫണ്‍ ആക്ഷന്‍ എന്റര്‍ടൈനറായിട്ടാണ് ഈ സിനിമ ഒരുങ്ങുന്നത്.

രാജേഷ് മാധവന്‍ നായകനാകുന്ന ഈ സിനിമയില്‍ ജഗദീഷ്, മനോജ് കെ. ജയന്‍, അശോകന്‍ തുടങ്ങി വലിയ താരനിര തന്നെയാണ് ഒന്നിക്കുന്നത്. അവര്‍ക്ക് പുറമെ സുധീഷ്, വിനീത്, ശബരീഷ് വര്‍മ, സിദ്ധാര്‍ത്ഥ് ഭരതന്‍ ഉള്‍പ്പെടെയുള്ളവരും ധീരന്‍ സിനിമയില്‍ അഭിനയിക്കുന്നുണ്ട്.


Content Highlight: Sudheesh Talks About Manoj K Jayan

We use cookies to give you the best possible experience. Learn more