| Sunday, 6th July 2025, 9:50 pm

ലാലേട്ടന്‍ എന്നെ ആദ്യമായി കിണ്ടിയെന്ന് വിളിച്ചത് ആ സീനില്‍, ഇപ്പോഴും എന്നെ കാണുമ്പോള്‍ ആ പേര് തന്നെയാണ് വിളിക്കാറുള്ളത്: സുധീഷ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

അടൂര്‍ ഗോപാലകൃഷ്ണന്‍ മലയാളികള്‍ക്ക് സമ്മാനിച്ച നടനാണ് സുധീഷ്. മമ്മൂട്ടി നായകനായി 1987ല്‍ പുറത്തിറങ്ങിയ അനന്തരം എന്ന ചിത്രത്തലൂടെയാണ് സുധീഷ് സിനിമാലോകത്തേക്ക് കടന്നുവന്നത്. നാല് പതിറ്റാണ്ടിനടുത്ത് മലയാളസിനിമയില്‍ നിറഞ്ഞുനില്‍ക്കുന്ന സുധീഷ് ഇന്നും മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ ഞെട്ടിക്കുന്നുണ്ട്.

സുധീഷിന്റെ കരിയറിലെ മികച്ച കഥാപാത്രങ്ങളിലൊന്നാണ് മണിച്ചിത്രത്താഴിലെ ചന്തു. കിണ്ടി എന്ന ഇരട്ടപ്പേരില്‍ മണിച്ചിത്രത്താഴില്‍ ചിരിപ്പിക്കാന്‍ സുധീഷിന് സാധിച്ചു. ചിത്രത്തെക്കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവെക്കുകയാണ് സുധീഷ്. ക്യാമറക്ക് മുന്നില്‍ കിണ്ടി എന്ന ഇരട്ടപ്പേര് ആദ്യമായി കേട്ടത് ടെയ്ല്‍ എന്‍ഡ് സീനിലാണെന്ന് താരം പറഞ്ഞു.

ആദ്യമായിട്ടാണ് ആ പേര് കേള്‍ക്കുന്നതെങ്കിലും ആരെങ്കിലും അത് കേള്‍ക്കുന്നുണ്ടോ എന്ന ഭാവം മുഖത്ത് വരുത്തണമെന്ന് നെടുമുടി വേണു തന്നോട് ആവശ്യപ്പെട്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആ സിനിമയോട് കിണ്ടി എന്ന പേര് തനിക്ക് ചാര്‍ത്തിക്കിട്ടിയെന്നും അദ്ദേഹം പറയുന്നു. പുതിയ ചിത്രമായ ധീരന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് റെഡ് എഫ്.എം. മലയാളത്തോട് സംസാരിക്കുകയായിരുന്നു സുധീഷ്.

മണിച്ചിത്രത്താഴില്‍ കിണ്ടി എന്ന പേര് ക്യാമറക്ക് മുന്നില്‍ ആദ്യമായി കേള്‍ക്കുന്നത് ടെയ്ല്‍ എന്‍ഡ് സീനിലാണ്. ലാലേട്ടന്‍ എല്ലാവരോടും യാത്ര പറയുന്നതിന്റെ ഇടയില്‍ എന്റെ ചെവിയില്‍ ‘കിണ്ടി’ എന്ന് രഹസ്യമായി പറയുന്നുണ്ട്. ആ സീന്‍ എടുക്കുന്നതിന് മുമ്പ് നെടുമുടി വേണുച്ചേട്ടന്‍ എനിക്ക് ഒരു നിര്‍ദേശം തന്നിട്ടുണ്ടായിരുന്നു.

‘ഇതിന് മുമ്പ് കിണ്ടി എന്നുള്ള വിളി കേട്ടപ്പോള്‍ മുഴുവന്‍ മോഹന്‍ലാല്‍ മാത്രമേ നിന്റെ കൂടെയുണ്ടായിരുന്നുള്ളൂ. പക്ഷേ, ഇപ്പോള്‍ അങ്ങനെയല്ല. ചുറ്റും ആളുകളുണ്ട്. അതുകൊണ്ട് ആ വിളി വേറെയാരെങ്കിലും കേട്ടോ എന്ന് ചെറിയൊരു ചമ്മലോടെ നോക്കണം’ എന്നായിരുന്നു വേണുച്ചേട്ടന്‍ പറഞ്ഞത്. ആ സീനിലെ എന്റെ റിയാക്ഷന്‍ അങ്ങനെ തന്നെയായിരുന്നു.

ഇപ്പോഴും ലാലേട്ടന്‍ എന്നെ കാണുമ്പോള്‍ അതേ പേര് തന്നെയാണ് വിളിക്കുന്നത്. എല്ലാവരും കേള്‍ക്കെ വിളിക്കില്ല. സംസാരിച്ച് കഴിഞ്ഞ് പോകാന്‍ നേരത്ത് കൈ തന്നിട്ട് രഹസ്യമായിട്ട് ‘കിണ്ടി’ എന്ന് വിളിക്കും. കഥാപാത്രത്തിന്റെ പേരില്‍ ഇത്രയും വര്‍ഷത്തിന് ശേഷം അറിയപ്പെടുകയാണ് ഞാന്‍. അത്രമാത്രം ഇംപാക്ട് ആ സിനിമക്കുണ്ട്,’ സുധീഷ് പറയുന്നു.

Content Highlight: Sudheesh shares the shooting experience of Manichithrathazhu movie

We use cookies to give you the best possible experience. Learn more