എല്ലായ്‌പ്പോഴും മുറിവുണക്കാനാണ് നെഹ്‌റു ശ്രമിച്ചത്, വിടവുകള്‍ ഉണ്ടാക്കാനല്ല
DISCOURSE
എല്ലായ്‌പ്പോഴും മുറിവുണക്കാനാണ് നെഹ്‌റു ശ്രമിച്ചത്, വിടവുകള്‍ ഉണ്ടാക്കാനല്ല
സുധ മേനോന്‍
Saturday, 27th May 2023, 8:54 pm

അമേരിക്കന്‍ എഴുത്തുകാരനും പ്രൊഫസറുമായിരുന്നു നോര്‍മന്‍ കസിന്‍സ്. ജവാഹര്‍ലാല്‍ നെഹ്‌റുവുമായുള്ള കൂടിക്കാഴ്ചയുടെ അടിസ്ഥാനത്തില്‍ അദ്ദേഹമെഴുതിയ ‘Talks with Nehru’ എന്ന പുസ്തകം ഏറെ വായിക്കപ്പെട്ട ഒന്നാണ്. നോര്‍മന്‍ കസിന്‍സ് എഴുതിയ ഒരു ലേഖനത്തില്‍, സ്വാതന്ത്ര്യം കിട്ടിയ ആദ്യനാളുകളില്‍ ദില്ലിയിലെ തെരുവുകളെ പ്രക്ഷുബ്ധമാക്കിയ വര്‍ഗീയലഹളകളില്‍ എല്ലാം നഷ്ടപ്പെട്ട മനുഷ്യരെ നെഹ്‌റു ചേര്‍ത്ത് പിടിച്ച കഥ സൂചിപ്പിക്കുന്നുണ്ട്.

അന്ന്, യോര്‍ക്ക് റോഡിലെ നെഹ്‌റുവിന്റെ വസതി ഒരു അഭയാര്‍ഥി ക്യാമ്പ് കൂടിയായിരുന്നു. എല്ലാം നഷ്ടപ്പെട്ട് പഞ്ചാബില്‍ നിന്നും സിന്ധില്‍ നിന്നും ഓടിയെത്തിയ ഹിന്ദുക്കള്‍ക്ക് ടെന്റ് കെട്ടി താമസിക്കാന്‍ ഔദ്യോഗികവസതിയിലെ മുറ്റവും പുല്‍ത്തകിടിയും വിട്ടു നല്കി, ഇന്ത്യയുടെ പ്രധാനമന്ത്രി. ആ അഭയാര്‍ഥികളില്‍ രണ്ടുപേര്- വിമലസിന്ധിയും, മോഹനും- അദ്ദേഹത്തിന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ ആയി ഏറെനാള്‍ ജോലി ചെയ്തു.

നഹ്‌റുവും ഗാന്ധിജിയും

പിന്നീട്, സെപ്റ്റംബര്‍ മാസത്തില്‍, പഞ്ചാബി ഹിന്ദുക്കളുടെ കൂട്ടക്കുരുതിക്ക് പകരംവീട്ടാനിറങ്ങിയ ദല്‍ഹിയിലെ ഹിന്ദുക്കള്‍, മുസ്‌ലിങ്ങളുടെ കടകള്‍ വ്യാപകമായി കൊള്ളയടിക്കുകയും തീയിടുകയും ചെയ്തപ്പോള്‍ നെഹ്‌റു യോര്‍ക്ക് റോഡിലെ പതിനേഴാം നമ്പര്‍ വസതിയില്‍ അവര്‍ക്ക് വേണ്ടി റിലീഫ് ക്യാമ്പ് തുടങ്ങി. സ്വന്തം വീട്ടുമുറ്റത്ത് അവര്‍ക്ക് വേണ്ടി അടുപ്പുകള്‍ എരിഞ്ഞു.

മാത്രമല്ല, വെറുമൊരു ജീപ്പില്‍ ഇന്ത്യയുടെ പ്രധാനമന്ത്രി തെരുവില്‍ ഇറങ്ങി. ഒരു പൊലീസുകാരനെപ്പോലെ വടി ചുഴറ്റിക്കൊണ്ട് അദ്ദേഹം കലാപകാരികളെ നേരിട്ടു. ഇന്ദിരാഗാന്ധിയുടെ ജീവചരിത്രമെഴുതിയ കാതറിന്‍ഫ്രാങ്കും ഈ സംഭവം വിവരിക്കുന്നുണ്ട്. നെഹ്‌റു ചെന്നിടത്തൊക്കെ കലാപകാരികള്‍ ആയുധങ്ങള്‍ ഉപേക്ഷിച്ചു ചിതറിയോടി. ഒരിടത്ത് ഹിന്ദുക്കള്‍ ഒരു മുസ്‌ലിം കച്ചവടക്കാരനെ ആക്രമിക്കുന്നത് കണ്ടപ്പോള്‍, അദ്ദേഹം അവര്‍ക്കിടയില്‍ ചെന്ന്, ആ മനുഷ്യനെ ഒരു പരിചപോലെ പൊതിഞ്ഞുപിടിച്ചു. ‘ജവാഹര്‍ലാല്‍ ഇവിടെയുണ്ട്, ആരും അദ്ദേഹത്തെ ഉപദ്രവിക്കരുത്’ എന്ന് പരിഭ്രാന്തരായി വിളിച്ചുപറഞ്ഞുകൊണ്ടു കലാപകാരികള്‍ ഓടിപ്പോയി. അദ്ദേഹം എല്ലാവര്‍ക്കും ഒരുപോലെ പ്രിയങ്കരനായിരുന്നു.

നഹ്‌റുവും ഇന്ധിര ഗാന്ധിയും

ദല്‍ഹിയിലെ ന്യൂനപക്ഷമായ മുസ്‌ലിങ്ങള്‍ കടുത്ത ഭയത്തിലും അരക്ഷിതത്വത്തിലും ആണ്ടിരിക്കവേയാണ് പ്രധാനമന്ത്രി സ്വന്തം വസതിയുടെ ഗേറ്റുകള്‍ അവര്‍ക്ക് മുന്നില്‍ തുറന്നിട്ടത്. അദ്ദേഹം എല്ലാ ദിവസവും രാവിലെ അവരെ നേരില്‍ കണ്ട് ആശ്വസിപ്പിച്ചു. പ്രധാനമന്ത്രിയുടെ വാക്കില്‍ അവര്‍ അഭയം കണ്ടെത്തി. അദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരം മകള്‍ ഇന്ദിരാ ഗാന്ധിയും മൃദുലാ സാരാഭായിയും സുഭദ്രാ ദത്തയും റിലീഫ് ക്യാമ്പുകളില്‍ സജീവമായി. നീതിബോധത്തോടെയും, മതം നോക്കാതെയുള്ള കര്‍ശനനടപടിയിലൂടെയും ഒരു മതേതരരാഷ്ട്രത്തെ നയിക്കാന്‍ പ്രാപ്തനാണ് എന്ന് ജവാഹര്‍ലാല്‍ തെളിയിച്ചു.

പിന്നീട് മാസങ്ങള്‍ക്ക് ശേഷം, 1948 ജനുവരി പതിനാലാം തീയതി, നെഹ്‌റു വീണ്ടും അക്രമാസക്തരായ ജനക്കൂട്ടത്തെ ഒറ്റക്ക് നേരിട്ടു. ദില്ലിയിലെ ബിര്‍ലാഹൗസിന് മുന്നില്‍വെച്ചായിരുന്നു അത്. ബാപ്പു ഉപവാസം ആരംഭിച്ച നാളുകള്‍. ബാപ്പുവിനെ സന്ദര്‍ശിച്ചശേഷം, സന്ധ്യ നേരത്ത് പട്ടേലും ആസാദുമൊത്ത് തിരികെ വരുമ്പോഴാണ് ഏതാണ്ട് മുപ്പതോളം ഹിന്ദു വര്‍ഗീയവാദികള്‍ ‘ഗാന്ധിയെ മരിക്കാന്‍ അനുവദിക്കൂ’ എന്ന മുദ്രാവാക്യം ഉച്ചത്തില്‍ മുഴക്കിക്കൊണ്ട് ഗേറ്റിനരികില്‍ അണിനിരന്നത്. രോഷാകുലനായ നെഹ്‌റു കാറില്‍ നിന്ന് ചാടിയിറങ്ങി. ‘വരൂ, അതിന് മുന്‍പ് എന്നെ ആദ്യം കൊല്ലൂ’ എന്ന് ഉച്ചത്തില്‍ വിളിച്ചുപറഞ്ഞു. അമ്പരന്നുപോയ ജനക്കൂട്ടം പെട്ടെന്ന് ഇരുളില്‍ അപ്രത്യക്ഷമായി.

നെഹ്റുവിനെ നേരില്‍ കണ്ടപ്പോള്‍, എങ്ങനെയാണ് സ്വന്തം സുരക്ഷപോലും നോക്കാതെ കലാപകാരികള്‍ക്കിടയിലേക്ക് ഇറങ്ങിച്ചെന്ന് സമാധാനം സൃഷ്ടിച്ചത് എന്ന് നോര്‍മന്‍ കസിന്‍സ് അദ്ദേഹത്തോട് അത്ഭുതത്തോടെ ആരാഞ്ഞു. അപ്പോള്‍, തന്റെ നെഞ്ചിലെ റോസാപ്പൂവില്‍ തിരുകിപ്പിടിച്ചുകൊണ്ട്, ഒരു ദാര്‍ശനികനെപ്പോലെ നെഹ്‌റു പറഞ്ഞു: ‘അതിശക്തമായ സാമുദായികവികാരം നിലനില്‍ക്കുന്ന സങ്കീര്‍ണമായ ഒരു രാജ്യം ഏത് നിമിഷവും അപകടകരമായ കലാപത്തിലേക്ക് വഴുതി വീഴാമെന്ന തിരിച്ചറിവ് ഉള്ള ഒരാള്‍ക്ക് മാത്രമേ ഇന്ത്യയുടെ ഭരണാധികാരിയാകാന്‍ കഴിയൂ. ഏത് വിധേനയും അത് പടര്‍ന്നുപിടിക്കാതെ തടയേണ്ടത് നമ്മുടെ കടമയാണ്’. അതായിരുന്നു നെഹ്‌റു. അദ്ദേഹം എല്ലായ്‌പ്പോഴും മുറിവുണക്കാന്‍ ആണ് ശ്രമിച്ചത്. വിടവുകള്‍ ഉണ്ടാക്കാന്‍ അല്ല. നെഹ്‌റു തഞ്ചാവൂരില്‍ നിന്നെത്തിയ ശൈവസന്ന്യാസിമാര്‍ നല്‍കിയ ചെങ്കോല്‍ വിനയപൂര്‍വം ഏറ്റുവാങ്ങുകയും, അവര്‍ നല്കിയ ഭസ്മക്കുറി തൊടുകയും ചെയ്തിരുന്നു. പക്ഷേ, ആ ‘ചെങ്കോല്‍’ അധികാരത്തിന്റെ പ്രതീകമായി ഒരിക്കലും അദ്ദേഹം ഉയര്‍ത്തിക്കാട്ടിയില്ല. തനിക്ക് കിട്ടിയ അസംഖ്യം സമ്മാനങ്ങളെപ്പോലെ ആ ചെങ്കോലും മ്യൂസിയത്തിന് കൈമാറി. പകരം, ഒരു ചെറിയ വടിയുമായി അദ്ദേഹം തെരുവില്‍ ഇറങ്ങി. കലാപം നിയന്ത്രിച്ചുകൊണ്ട് മനുഷ്യജീവനുകള്‍ സംരക്ഷിച്ചു.

കലാപകാലത്ത് നിസംഗനായി ഇരിക്കാനും അതില്‍ നിന്ന് രാഷ്ട്രീയനേട്ടം ഉണ്ടാക്കാനും പലരേയും പോലെ അദ്ദേഹം ഒരിക്കലും ശ്രമിച്ചില്ല. അവിടെയാണ് ജവാഹര്‍ലാല്‍ നെഹ്‌റു വ്യത്യസ്തനാകുന്നത്.

ചരിത്രത്തിനു മേല്‍ വെള്ളപൂശി, പെയിന്റടിച്ച്, കാഴ്ചക്കാരന്റെ കണ്ണഞ്ചുന്ന വിധം ‘മോഡിഫൈ’ ചെയ്ത് ആ ചരിത്രത്തെ തന്നെ വില്‍പ്പനക്ക് വെക്കുന്നവര്‍ക്ക് നെഹ്‌റുവിയന്‍ പാരമ്പര്യം പിന്തുടരാന്‍ കഴിയില്ല. അതുകൊണ്ടാണ്, അന്‍പത്തൊന്‍പത് വര്‍ഷം മുന്‍പ് ഈ ലോകം വിട്ടുപോയ നെഹ്‌റു
ഇന്നും പലരെയും അസ്വസ്ഥമാക്കുന്നത്. പക്ഷേ, എത്രയേറെ അപമാനിക്കാനും നിഷേധിക്കാനും ശ്രമിച്ചാലും അതിനെയെല്ലാം അതിലംഘിക്കുന്ന അനന്യമായ ‘സ്റ്റേറ്റ്‌സ്മാന്‍ഷിപ്പിന്റെ രസതന്ത്രം’ ജവാഹര്‍ലാല്‍ നെഹ്രുവിന്റെ ഓര്‍മകളെ ജനമനസില്‍ സജീവമാക്കിക്കൊണ്ടിരിക്കും.??

Content Highlight: Sudha Menon’s write up about Jawaharlal Nehru

സുധ മേനോന്‍
സാമൂഹ്യപ്രവര്‍ത്തക