'മുസ്ലിങ്ങളാണോ ഈഴവരുടെ അവകാശങ്ങള്‍ തട്ടിയെടുക്കുന്നത്? മുസ്‌ലിങ്ങള്‍ക്ക് അര്‍ഹമായ അവകാശങ്ങള്‍ പോലും കിട്ടുന്നില്ല,'; വെള്ളാപ്പള്ളിയുടെ പ്രസ്താവനക്കെതിരെ സുദേഷ് എം. രഘു
Kerala
'മുസ്ലിങ്ങളാണോ ഈഴവരുടെ അവകാശങ്ങള്‍ തട്ടിയെടുക്കുന്നത്? മുസ്‌ലിങ്ങള്‍ക്ക് അര്‍ഹമായ അവകാശങ്ങള്‍ പോലും കിട്ടുന്നില്ല,'; വെള്ളാപ്പള്ളിയുടെ പ്രസ്താവനക്കെതിരെ സുദേഷ് എം. രഘു
സിജൊ
Thursday, 25th June 2026, 11:05 pm

കൊച്ചി: അവകാശങ്ങള്‍ ചോദിച്ചതിനാണ് ചിലര്‍ തന്നെ മുസ്‌ലിം വിരോധിയായി ചിത്രീകരിക്കുന്നതെന്ന എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനക്കെതിരെ വിമര്‍ശനവുമായി സാമൂഹ്യ പ്രവര്‍ത്തകനും രാഷ്ട്രീയ നിരീക്ഷകനുമായ സുദേഷ് എം. രഘു. മുസ്‌ലിങ്ങളാണോ ഈഴവരുടെ അവകാശങ്ങള്‍ തട്ടിയെടുക്കുന്നതെന്ന് സുദേഷ് എം രഘു ചോദിച്ചു. മുസ്‌ലിങ്ങള്‍ക്ക് അര്‍ഹമായ അവകാശങ്ങള്‍ പോലും ഈ കേരളത്തില്‍ കിട്ടുന്നില്ലെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ ചൂണ്ടിക്കാട്ടി.

ജാതി പറഞ്ഞ് അവകാശങ്ങള്‍ ചോദിക്കുന്നതിന് മുസ്ലിങ്ങളുടെ മെക്കിട്ട് കയറുന്നത് എന്തിനാണെന്നാണ് ഇദ്ദേഹത്തോടു ചോദിക്കാനുള്ളതെന്നും വെള്ളാപ്പള്ളിയുടെ പ്രസ്താവനയെക്കുറിച്ച് സുദേഷ് എം. രഘു പറഞ്ഞു.

‘മുസ്ലിങ്ങളാണോ ഈഴവരുടെ അവകാശങ്ങള്‍ തട്ടിയെടുക്കുന്നത്? മുസ്ലിങ്ങള്‍ക്ക് അര്‍ഹമായ അവകാശങ്ങള്‍ പോലും ഈ കേരളത്തില്‍ കിട്ടുന്നില്ല,’ എന്നും അദ്ദേഹം കുറിച്ചു.

‘ഈഴവ-തീയ്യ സമുദായക്കാരില്‍ നിന്ന് കേരളത്തില്‍ 3 മുഖ്യമന്ത്രിമാരുണ്ടായി. അതില്‍ ഒരാള്‍ 10 കൊല്ലം ഭരിച്ചു. മുസ്ലിങ്ങളില്‍ നിന്ന് എത്ര മുഖ്യമന്ത്രിമാരുണ്ടായി? കേവലം ഒരേയൊരാള്‍ മാത്രം. അതും രണ്ടു മാസത്തില്‍ താഴെ മാത്രം,’ സുദേഷ് എം രഘു ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

എം എല്‍ എ മാര്‍, എം പി മാര്‍, മന്ത്രിമാര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങി ഏതു മേഖലയില്‍ നോക്കിയാലും അര്‍ഹമായ പ്രാതിനിധ്യം കിട്ടാത്ത വിഭാഗത്തിനു നേരെ വിഷം തുപ്പുന്നു എന്നതാണ് വെള്ളാപ്പള്ളിയുടെ തകറാറ്. അതിലൂടെ യഥാര്‍ഥ വില്ലന്മാരെ രക്ഷിക്കുകയാണ് ഇദ്ദേഹം ചെയ്യുന്നത്. അതിന്റെ താത്പര്യം ഈഴവ/തീയ്യ സമുദായ താത്പര്യമല്ലെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

വെള്ളാപ്പള്ളിയുടെ ‘അഴിമതി’യും മറ്റും ചൂണ്ടിക്കാണിക്കാന്‍ ഈഴവ സമുദായത്തില്‍ സംഘടനകളും വ്യക്തികളുമുണ്ട്. എന്നാല്‍ അവരാരും വെള്ളാപ്പള്ളി മുസ്‌ലിങ്ങള്‍ക്കെതിരെ ഉന്നയിക്കുന്ന വാദങ്ങള്‍ വസ്തുതാപരമല്ല എന്നു് ശക്തമായും കണക്കവതരിപ്പിച്ചും ചൂണ്ടിക്കാണിക്കുന്നില്ല എന്നതാണ് ദൌര്‍ഭാഗ്യകരം. അതു ചെയ്യുന്നത് ഒറ്റപ്പെട്ട വ്യക്തികള്‍ മാത്രമാണെന്നും സുദേഷ് എം രഘു ചൂണ്ടിക്കാട്ടി.

വെള്ളാപ്പള്ളിയുടെ വാദങ്ങള്‍ക്കെതിരെ പറയുന്നവരോട് വസ്തുതാപരമായി എതിര്‍ വാദം പറയാന്‍ വെള്ളാപ്പള്ളി അനുകൂലികളാരും തയ്യാറായിട്ടില്ല. പകരം, ‘മുസ്ലിങ്ങളുടെ കൈയില്‍ നിന്നു പണം വാങ്ങുന്നു’ എന്ന് അവര്‍ ആരോപിക്കുകയാണെന്നും സുദേഷ് എം രഘു കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റ പൂര്‍ണ രൂപം

ജാതി പറഞ്ഞ് അവകാശങ്ങള്‍ ചോദിക്കുന്നതിന് മുസ്ലിങ്ങളുടെ മെക്കിട്ട് കയറുന്നത് എന്തിനാണെന്നാണ് ഇദ്ദേഹത്തോടു ചോദിക്കാനുള്ളത്

മുസ്ലിങ്ങളാണോ ഈഴവരുടെ അവകാശങ്ങള്‍ തട്ടിയെടുക്കുന്നത്?

മുസ്ലിങ്ങള്‍ക്ക് അര്‍ഹമായ അവകാശങ്ങള്‍ പോലും ഈ കേരളത്തില്‍ കിട്ടുന്നില്ല.

ഈഴവ-തീയ്യ സമുദായക്കാരില്‍ നിന്ന് കേരളത്തില്‍ 3 മുഖ്യമന്ത്രിമാരുണ്ടായി. അതില്‍ ഒരാള്‍ 10 കൊല്ലം ഭരിച്ചു.

മുസ്ലിങ്ങളില്‍ നിന്ന് എത്ര മുഖ്യമന്ത്രിമാരുണ്ടായി???

കേവലം ഒരേയൊരാള്‍ മാത്രം. അതും രണ്ടു മാസത്തില്‍ താഴെ മാത്രം.

എം എല്‍ എ മാര്‍, എം പി മാര്‍, മന്ത്രിമാര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങി ഏതു മേഖലയില്‍ നോക്കിയാലും അര്‍ഹമായ പ്രാതിനിധ്യം കിട്ടാത്ത വിഭാഗത്തിനു നേരെ വിഷം തുപ്പുന്നു എന്നതാണ് വെള്ളാപ്പള്ളിയുടെ തകരാറ്.

അതിലൂടെ യഥാര്‍ഥ വില്ലന്മാരെ രക്ഷിക്കുകയാണ് ഇദ്ദേഹം ചെയ്യുന്നത്.

അതിന്റെ താത്പര്യം ഈഴവ/തീയ്യ സമുദായ താത്പര്യമല്ല.

വെള്ളാപ്പള്ളിയുടെ ‘അഴിമതി’യും മറ്റും ചൂണ്ടിക്കാണിക്കാന്‍ ഈഴവ സമുദായത്തില്‍ സംഘടനകളും വ്യക്തികളുമുണ്ട്. എന്നാല്‍ അവരാരും വെള്ളാപ്പള്ളിയുടെ മുസ്ലിം ഭര്‍ത്സനം വസ്തുതാപരമല്ല എന്നു് ശക്തമായും കണക്കവതരിപ്പിച്ചും ചൂണ്ടിക്കാണിക്കുന്നില്ല എന്നതാണ് ദൌര്‍ഭാഗ്യകരം. അതു ചെയ്യുന്നത് എന്നെപ്പോലെ ഒറ്റപ്പെട്ട വ്യക്തികള്‍ മാത്രമാണ്.

ഞങ്ങളെ വസ്തുതാപരമായി കൌണ്ടര്‍ ചെയ്യാന്‍ വെള്ളാപ്പള്ളി അനുകൂലികളാരും തയ്യാറായിട്ടില്ല. പകരം, ‘മുസ്ലിങ്ങളുടെ കൈയില്‍ നിന്നു പണം വാങ്ങി’യാണ് ഞങ്ങളിതു ചെയ്യുന്നതെന്ന് ആരോപിച്ചുകൊണ്ടിരിക്കും. എളുപ്പം അതാണല്ലോ.

Content highlight: Sudesh M Raghu Critisised Vellappalli Natesan’s Statement against Muslim Community