പിന്നണി ഗായകരില്‍ മുന്‍നിരയില്‍ നില്‍ക്കുന്ന ഗായകനാണ് സുദീപ് കുമാര്‍. നിരവധി ഭാഷകളിലായി ഏകദേശം 5000ല്‍ അധികം ഗാനങ്ങള്‍ക്ക് ഈണം നല്‍കിയ വ്യക്തിയാണ് സുദീപ്. 1998ല്‍ താലോലം എന്ന ചിത്രത്തിലാണ് ഇദ്ദേഹം ആദ്യമായി പാടിയത്. ദേവരാജന്‍ മാസ്റ്ററിനെ കണ്ടുമുട്ടിയത് സുദീപിന്റെ കരിയറില്‍ നിര്‍ണായകമായ ഒരു വഴിത്തിരിവായിരുന്നു. വിനയന്റെ നിരവധി സിനിമകളില്‍ അദ്ദേഹം ഗാനം ആലപിച്ചു.
എന്നാല്‍ സംഗീത സംവിധായകന്‍ എം. ജയചന്ദ്രനാണ് സുദീപ് കുമാറിന് മികച്ച അവസരങ്ങള്‍ നല്‍കിയത്. ഒടിയനിലെ കൊണ്ടോരം, മാടമ്പിയിലെ എന്റെ ശാരികേ, രതിനിര്‍വേദം സിനിമയിലെ ചെമ്പകപ്പൂ തുടങ്ങി ഒരു പിടി മികച്ച ഗാനങ്ങള്‍ ഇരുവരും മലയാള സിനിമക്ക് നല്‍കി.
ഇപ്പോള്‍ രതിനിര്‍വേദം സിനിമയിലെ ചെമ്പങ്കപ്പൂകാട്ടിലെ എന്ന ഗാനത്തെ കുറിച്ചും സംഗീത സംവിധായകന്‍ എം ജയചന്ദ്രനെ കുറിച്ചും സംസാരിക്കുകയാണ് സുദീപ് കുമാര്‍.
ജയചന്ദ്രന്‍ അദ്ദേഹത്തിന്റെ ഒരോ ഗാനങ്ങളും വളരെ പേര്‍സണലായി സമീപിക്കുന്ന വ്യക്തിയാണെന്നും എല്ലാ ഗാനങ്ങളിലും അദ്ദേഹത്തിന്റെ ഒരു ശൈലി നമ്മള്‍ പാടുമ്പോള്‍ വരുമെന്നും സുദീപ് പറയുന്നു. അങ്ങനെ വേണമെന്ന് ആഗ്രഹമുള്ള ആളുകൂടിയാണ് ജയചന്ദ്രനെന്നും സുദീപ് കുമാര്‍ കൂട്ടിച്ചേര്‍ത്തു.
രതിനിര്‍വേദത്തിലെ ‘ചെമ്പങ്കപ്പൂകാട്ടിലെ‘ എന്ന ഗാനത്തിലെ ഒരു ഭാഗം അറുപത് ടേക്കോളം പോയെന്നും എങ്ങനെ പാട്ടിയിട്ടും അദ്ദേഹത്തിന് തൃപ്ത്തിയായില്ലെന്നും അദ്ദേഹം പറയുന്നു. പിന്നീട് താന്‍ ജയചന്ദ്രനെ മനസില്‍ വിചാരിച്ച് അദ്ദേഹത്തിന്റേതായ ശൈലിയില്‍ പാട്ട് പാടുകയായിരുന്നുവെന്നും ആ ടേക്ക് അപ്പോള്‍ ഓക്കെയായിരുന്നുവെന്നും സുദീപ് കുമാര്‍ പറഞ്ഞു. മൂവി വേള്‍ഡ് മീഡിയയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘അദ്ദേഹം ഓരോ പാട്ടിനെയും സമീപിക്കുന്നത്, വളരെ പേര്‍സണലൈസ് ചെയ്തിട്ടാണ്. ജയേട്ടന് പാടുന്ന ഒരു ശൈലി നമ്മുടെ പാട്ടിനും വരും. അദ്ദേഹം എന്ന പാട്ടുക്കാരന്‍ തന്നെയാണ് ഈ പാട്ടുകളില്‍ എപ്പോഴും മുന്നില്‍ നില്‍ക്കുന്നത്. അത് ആര് പാടിയാലും അങ്ങനെ വേണമെന്നുള്ളത് അദ്ദേഹം കുറച്ച് കൂടുതലായി ആഗ്രഹിക്കുന്നുമുണ്ട്. ഈ പാട്ടിലെ തേരനനാ തേരനനാ.. ഈ ഭാഗം ഞാനൊരു 50, 60 ടേക്ക് റെക്കോഡില്‍ പാടിയിട്ടുണ്ട്. അദ്ദേഹത്തിന് തൃപ്ത്തിയാവുന്നില്ല.
ജയന്‍ ചേട്ടന്‍ പാടുമ്പോള്‍ കുറച്ചുകൂടി സ്ട്രസ് ചെയ്ത് അദ്ദേഹത്തിന്റെ ശൈലിയിലാണ് ചെയ്യുന്നത്. ഞാനത് മനസില്‍ വെച്ച് പാടിയിട്ടും എനിക്കത് എന്റേതായ ഒരു രീതിയിലാണ് പോകുന്നത്. അപ്പോള്‍ ജയചന്ദ്രന്‍ ചേട്ടന്‍ പറഞ്ഞു. ‘ഇത് മാത്രം ശരിയാവുന്നില്ല, ബാക്കി പാട്ട് ഓക്കെയാണ്, അത് നമ്മള്‍ക്ക് പിന്നെ എന്തെങ്കിലും ചെയ്യാം, എന്ന്. അവസാനം ഒരു പ്രാവശ്യം കൂടെ നോക്കാം എന്ന് പറഞ്ഞ് ഞാന്‍ മനസില്‍ കണ്ണടച്ച് ധ്യാനിച്ചുകൊണ്ട് ജയന്‍ ചേട്ടന്‍ പാടുന്നതായി വിചാരിച്ചു. അദ്ദേഹം പാടുന്ന പോലെ ആക്ട് ചെയ്തിട്ട് അങ്ങ് പാടി. അപ്പോള്‍ ആ ടേക്ക് ഓക്കെയായി,’ സുദീപ് കുമാര്‍ പറഞ്ഞു.
Content highlight: Sudeep Kumar talks about the song Chembakapoo from the movie Rathinirvedam and music director M Jayachandran.