ലണ്ടൻ: സുഡാൻ ആഭ്യന്തരയുദ്ധത്തിൽ യു.എ.ഇയ്ക്ക് പങ്കുണ്ടെന്ന തരത്തിൽ ലണ്ടനിൽ ബിൽബോർഡ് പ്രദർശിപ്പിച്ച് എൻ.ജി.ഒ. ആവാസ് എന്ന സംഘടന നയിക്കുന്ന ക്യാമ്പയ്‌നിന്റെ ഭാഗമായാണ് ബിൽബോർഡ് പ്രദർശിപ്പിച്ചത്.
സുഡാനിൽ ആർ.എസ്.എഫ് നടത്തുന്ന യുദ്ധത്തിൽ യു.എ.ഇ വഹിക്കുന്ന പങ്കിലേക്ക് ജനങ്ങളുടെ ശ്രദ്ധ ആകർഷിക്കാനാണ് സംഘടന ബിൽബോർഡ് സ്ഥാപിച്ചതെന്ന് അന്താരാഷ്ട്ര മാധ്യമമായ മിഡിൽ ഈസ്റ്റ് ഐ റിപ്പോർട്ട് ചെയ്തു.
യു.എ.ഇയെന്ന ലൊക്കേഷനും ചിത്രത്തിൽ കാണാം. സുഡാനിൽ അവർ ചെയ്യുന്നത് എന്താണെന്ന് നിങ്ങൾ കണ്ടെത്തി കഴിഞ്ഞാൽ നിങ്ങളുടെ സെൽഫി അത്ര ഭംഗിയുള്ളതാവില്ലെന്നാണ് ചിത്രത്തിന്റെ അടിക്കുറിപ്പ്.
മിഡിൽ ഈസ്റ്റ് ഐ, ദി ഗാർഡിയൻ, ന്യൂയോർക്ക് ടൈംസ് എന്നീ മാധ്യമങ്ങൾ പങ്കുവെച്ച സുഡാൻ യുദ്ധത്തിൽ യു.എ.ഇയുടെ പങ്കിനെക്കുറിച്ചുള്ള ലേഖനങ്ങളുടെ ക്യൂ ആർ കോഡും ബിൽബോർഡിലുണ്ട്.
യുദ്ധത്തിലുടനീളം യു.എ.ഇയുടെ പങ്കാളിത്തത്തിന് തെളിവുകളുണ്ടെന്നും മിഡിൽ ഈസ്റ്റ് ഐ റിപ്പോർട്ട് ചെയ്തു. ആർ.എസ്.എഫിനെ പിന്തുണയ്ക്കുന്നുവെന്ന വാദം യു.എ.ഇ തുടർച്ചയായി നിഷേധിക്കുകയാണ്.
Content Highlight: Sudan civil war; NGO displays billboard alleging UAE’s role