സിനിമാപ്രേമികള്‍ക്ക് ഏറെ പരിചിതനായ ആക്ഷന്‍ കൊറിയോഗ്രാഫര്‍മാരില്‍ ഒരാളാണ് സ്റ്റണ്ട് സില്‍വ. 2007ല്‍ എസ്.എസ്. രാജമൗലി സംവിധാനം ചെയ്ത തെലുങ്ക് ചിത്രമായ യമദൊങ്കയിലൂടെയാണ് അദ്ദേഹം ആക്ഷന്‍ കൊറിയോഗ്രഫറായി തന്റെ കരിയര്‍ ആരംഭിക്കുന്നത്.
ശേഷം തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, നേപ്പാളി, ഹിന്ദി എന്നീ ഭാഷകളിലായി നിരവധി സിനിമകളില്‍ പ്രവര്‍ത്തിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. തമിഴ് ചിത്രമായ ജില്ല മുതല്‍ മോഹന്‍ലാലിനൊപ്പം നിരവധി സിനിമകളില്‍ വര്‍ക്ക് ചെയ്യാനും സില്‍വക്ക് കഴിഞ്ഞിരുന്നു.
ഇപ്പോള്‍ മോണ്‍സ്റ്റര്‍ എന്ന സിനിമയുടെ സമയത്ത് മോഹന്‍ലാലിനൊപ്പം പ്രവര്‍ത്തിക്കുമ്പോള്‍ ഉണ്ടായ അനുഭവം പറയുകയാണ് സ്റ്റണ്ട് സില്‍വ. സ്‌കൈലാര്‍ക്ക് പിക്ച്ചേഴ്സ് എന്റര്‍ടൈമെന്റിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഞാന്‍ ലാല്‍ സാറിന്റെ കൂടെ മോണ്‍സ്റ്റര്‍ എന്ന സിനിമയില്‍ വര്‍ക്ക് ചെയ്തിരുന്നു. പുലിമുരുകന്‍ സിനിമയുടെ സംവിധായകനായ വൈശാഖ് സാറായിരുന്നു ആ സിനിമയും സംവിധാനം ചെയ്തത്. ആ പടത്തില്‍ ലക്ഷ്മി മഞ്ചു എന്ന നടിയായിരുന്നു ഓപ്പോസിറ്റ് വേഷം ചെയ്തത്.
അവരുടെ കൂടെ ലാല്‍ സാറിന് ഒരു ഫൈറ്റ് ചെയ്യാന്‍ ഉണ്ടായിരുന്നു. അത് രാത്രി ആയിരുന്നു ഷൂട്ട് ചെയ്യേണ്ടിയിരുന്നത്. ആ സമയത്ത് ഷൂട്ട് ചെയ്യുമ്പോള്‍ സാധാരണയായി എല്ലാവരും വളരെ എളുപ്പം ക്ഷീണിക്കും. മൂന്ന് മണി വരെയൊക്കെ അന്ന് ഷൂട്ടിങ് നീണ്ടു പോയിരുന്നു.
എന്നാല്‍ ആ സമയത്തും ലാല്‍ സാര്‍ മാത്രം ബോക്‌സറിനെ പോലെ ഇങ്ങനെ ചാടി കളിക്കുകയാണ്. ‘മാസ്റ്റര്‍ പെട്ടെന്ന് സീന്‍ എടുക്കൂ’ എന്ന് പറഞ്ഞു കൊണ്ടേയിരിക്കുകയാണ്. ‘എല്ലാവരും ക്ഷീണിച്ച് ഇരിക്കുമ്പോള്‍ നിങ്ങള്‍ മാത്രം ഇങ്ങനെ നിന്നാല്‍ നമ്മള്‍ എന്തുചെയ്യും’ എന്ന് ഞാന്‍ അദ്ദേഹത്തോട് ചോദിച്ചു.
അതുമാത്രമല്ല ‘ഇങ്ങനെ എനര്‍ജിയില്‍ നില്‍ക്കാന്‍ മാത്രം നിങ്ങള്‍ എന്താണ് കഴിച്ച് വന്നത്’ എന്നും ഞാന്‍ ചോദിച്ചു. പുലര്‍ച്ചെ മൂന്ന് മണിക്കാണ് അതെന്ന് ഓര്‍ക്കണം. ഫൈറ്റിനോട് അത്രയേറെ താത്പര്യമുള്ള നടനാണ് ലാല്‍ സാര്‍,’ സ്റ്റണ്ട് സില്‍വ പറയുന്നു.
Content Highlight: Stunt Silva Talks About Monster Movie And Mohanlal