| Tuesday, 20th May 2025, 6:25 pm

'ഒരു ചെറിയ സിനിമ'യെന്ന് പറഞ്ഞാണ് ലാല്‍ സാര്‍ എന്നെ ആ മലയാള ചിത്രത്തിലേക്ക് വിളിച്ചത്: സ്റ്റണ്ട് സില്‍വ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, നേപ്പാളി, ഹിന്ദി തുടങ്ങിയ ഭാഷകളിലായി നിരവധി സിനിമകളില്‍ പ്രവര്‍ത്തിച്ച ആക്ഷന്‍ കൊറിയോഗ്രാഫറാണ് സ്റ്റണ്ട് സില്‍വ. രാജമൗലി സംവിധാനം ചെയ്ത തെലുങ്ക് ചിത്രമായ യമദൊങ്കയിലൂടെയാണ് അദ്ദേഹം തന്റെ കരിയര്‍ ആരംഭിക്കുന്നത്.

മലയാളത്തില്‍ മമ്മൂട്ടി, മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ളവരുടെ നിരവധി സിനിമകളില്‍ പ്രവര്‍ത്തിക്കാനും അദ്ദേഹത്തിന് സാധിച്ചു. മോഹന്‍ലാലിനൊപ്പം സില്‍വ ആദ്യമായി വര്‍ക്ക് ചെയ്യുന്നത് തമിഴില്‍ വിജയ് ചിത്രമായ ജില്ലയിലൂടെയാണ്.

ശേഷം മിസ്റ്റര്‍ ഫ്രോഡ്, ലോഹം, ഒപ്പം, ലൂസിഫര്‍, ബിഗ് ബ്രദര്‍, മോണ്‍സ്റ്റര്‍, എമ്പുരാന്‍, തുടരും എന്നീ മോഹന്‍ലാല്‍ സിനിമകളിലും സ്റ്റണ്ട് സില്‍വ ആക്ഷന്‍ കൊറിയോഗ്രഫറായി പ്രവര്‍ത്തിച്ചു. ഇപ്പോള്‍ സ്‌കൈലാര്‍ക്ക് പിക്ച്ചേഴ്സ് എന്റര്‍ടൈമെന്റിന് നല്‍കിയ അഭിമുഖത്തില്‍ മോഹന്‍ലാലിലൂടെ താന്‍ മിസ്റ്റര്‍ ഫ്രോഡ് എന്ന സിനിമയിലേക്ക് എത്തിയതിനെ കുറിച്ച് പറയുകയാണ് സ്റ്റണ്ട് സില്‍വ.

‘ഞാന്‍ മലയാളം ഇന്‍ഡസ്ട്രിയിലേക്ക് വരാന്‍ കാരണമായത് മോഹന്‍ലാല്‍ സാറാണ്. ജില്ല എന്ന സിനിമയിലാണ് ഞാന്‍ ആദ്യമായി അദ്ദേഹത്തിന്റെ കൂടെ വര്‍ക്ക് ചെയ്യുന്നത്. ഒരു ദിവസം അദ്ദേഹത്തിന്റെയും വിജയ് സാറിന്റെയും കൂടെ ക്ലൈമാക്‌സ് ഷൂട്ട് ചെയ്യുകയായിരുന്നു.

അതില്‍ വലിയ ഒരു ഫൈറ്റായിരുന്നു ചെയ്യാന്‍ ഉണ്ടായിരുന്നത്. ലാല്‍ സാര്‍ വലിയ സീനിയറായ നടനാണെന്ന് എനിക്ക് അന്നേ അറിയാമായിരുന്നു. പക്ഷെ ഞാന്‍ അദ്ദേഹവുമായി അന്ന് അത്ര അടുപ്പമൊന്നും ഉണ്ടായിരുന്നില്ല.

അന്ന് ലാല്‍ സാര്‍ എന്നെ അദ്ദേഹത്തിന്റെ അടുത്തേക്ക് വിളിക്കുകയായിരുന്നു. ‘മാസ്റ്റര്‍ ഞാന്‍ ഒരു ചെറിയ സിനിമ ചെയ്യുന്നുണ്ട്. നിങ്ങള്‍ വന്ന് ആ സിനിമയില്‍ ഫൈറ്റ് ഒന്ന് ചെയ്ത് തരാമോ’ എന്നായിരുന്നു അദ്ദേഹം അന്ന് ചോദിച്ചത്.

എന്തിനാണ് സാര്‍ ഇങ്ങനെ പറയുന്നതെന്ന് ഞാന്‍ അദ്ദേഹത്തോട് അപ്പോള്‍ ചോദിച്ചു. ‘ചെറിയ പടമെന്നുണ്ടോ സാര്‍. നിങ്ങള്‍ ചെയ്യുന്നതൊക്കെ വലിയ പടം തന്നെയല്ലേ’ എന്നും ഞാന്‍ ചോദിച്ചു. ലാല്‍ സാര്‍ വലിയ നടനാണെന്ന് എനിക്ക് അറിയാവുന്ന കാര്യമല്ലേ.

പക്ഷെ അദ്ദേഹം എന്നോട് ചോദിച്ച രീതി വ്യത്യസ്തമായിരുന്നു. വളരെ വിനയത്തോടെ റിക്വസ്റ്റ് എന്നോണമാണ് എന്നോട് ചോദിച്ചത്. അങ്ങനെയാണ് ഞാന്‍ മിസ്റ്റര്‍ ഫ്രോഡ് എന്ന സിനിമയിലേക്ക് വരുന്നത്. പിന്നീട് അദ്ദേഹത്തിന്റെ കൂടെ ഒരുപാട് സിനിമകളില്‍ എനിക്ക് വര്‍ക്ക് ചെയ്യാന്‍ സാധിച്ചു,’ സ്റ്റണ്ട് സില്‍വ പറയുന്നു.


Content Highlight: Stunt Silva Talks About Mohanlal And Mr Fraud Movie

We use cookies to give you the best possible experience. Learn more