ചെന്നൈ: സ്റ്റണ്ട് മാസ്റ്റര്‍ എസ്.എം രാജുവിന്റെ മരണത്തില്‍ സംവിധായകന്‍ പാ. രഞ്ജിത്തിനെതിരെ കേസെടുത്ത് പൊലീസ്.
പാ. രഞ്ജിത്ത് ഉള്‍പ്പെടെ നാല് പേര്‍ക്കെതിരാണ് നാഗപട്ടണം പൊലീസ് കേസെടുത്തത്. പാ. രഞ്ജിത്തിന്റെ ചിത്രത്തിലെ സ്റ്റണ്ട് ചിത്രീകരണത്തിനിടെയാണ് എസ്.എം. രാജു മരിച്ചത്.
കാര്‍ സ്റ്റണ്ട് ചിത്രീകരണത്തിനിടെയാണ് അപകടമുണ്ടായത്. ആര്യ നായകനായ സിനിമയുടെ ചിത്രീകരണത്തിനിടെയാണ് അപകടം നടന്നതെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. സാഹസികമായ സ്റ്റണ്ട് ചിത്രീകരിക്കുന്നതിനിടെ കാര്‍ തലകീഴായി മറിഞ്ഞാണ് അപകടം.
കാര്‍ ചേസിങ് ചിത്രീകരിക്കുന്നതിനിടെ നിയന്ത്രണം വിട്ട കാര്‍ കീഴ്‌മേല്‍ മറിയുകയായിരുന്നു. അതിവേഗത്തില്‍ വന്ന എസ്.യു.വി റാമ്പിലൂടെ ഓടിച്ചുകയറ്റുന്നതിനിടെ വായുവിലൂടെ മലക്കംമറിഞ്ഞ് നിലത്തേക്ക് വീഴുകയായിരുന്നു. അപകടത്തിന്റെ ദൃശ്യങ്ങളടക്കം പുറത്ത് വന്നിരുന്നു.
ഇദ്ദേഹത്തെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മോഹന്‍ രാജു എന്നാണ് എസ്.എം രാജുവിന്റെ മുഴുവന്‍ പേര്. മരണത്തില്‍ തമിഴ് സിനിമ ലോകത്തെ നിരവധി പേര്‍ അനുശോചനം രേഖപ്പെടുത്തി.
തന്റെ നിരവധി ചിത്രങ്ങളില്‍ സാഹസികരംഗങ്ങള്‍ കൈകാര്യം ചെയ്തിരുന്നത് രാജുവാണെന്നും അദ്ദേഹത്തിന്റെ കുടുംബത്തിന് ഇത് താങ്ങാനുള്ള ധൈര്യം ലഭിക്കട്ടേയെന്നും നടന്‍ വിശാല്‍ പ്രതികരിച്ചു.
Content Highlight: Stunt master S.M Rajus’s death; Case filed against director Pa Ranjith