| Monday, 2nd April 2018, 7:04 pm

വിവാഹ വീഡിയോ മോര്‍ഫിംഗ്: സ്റ്റുഡിയോ ഉടമയെയും ഫോട്ടോഗ്രാഫറേയും അറസ്റ്റ് ചെയ്തു

ഡൂള്‍ന്യൂസ് ഡെസ്‌ക്

വടകര: വിവാഹ വീഡിയോകളില്‍ നിന്ന് സ്ത്രീകളുടെ ചിത്രങ്ങളെടുത്ത് അശ്ലീലചിത്രങ്ങളാക്കി മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച സംഭവത്തില്‍ സ്റ്റുഡിയോ ഉടമ അടക്കം രണ്ട് പേര്‍ അറസ്റ്റില്‍. ഐ.ടി ആക്ട് പ്രകാരവും സ്ത്രീകളെ അപകീര്‍ത്തിപ്പെടുത്തിയെന്നുമായ ജാമ്യമില്ലാത്ത വകുപ്പിലാണ് കേസെടുത്തത്. വടകരയിലെ സദയം സ്റ്റുഡിയോ ഉടമ ദിനേഷനും ഫോട്ടോഗ്രഫര്‍ സതീശനുമാണ് കസ്റ്റഡിയിലായത്. തൊട്ടില്‍പ്പാലത്തെ ബന്ധുവീട്ടില്‍ നിന്നാണ് പൊലീസ് ഇവരെ പിടികൂടിയത്. മുഖ്യപ്രതിയെന്ന് കരുതപ്പെടുന്ന എഡിറ്റര്‍ ബിബീഷിനെ ഇനിയും പിടികൂടാനായിട്ടില്ല.

വിവാഹ ചടങ്ങുകളുടെ വീഡിയോകളില്‍ നിന്ന് സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ഫോട്ടോ എടുത്ത് അശ്ലീല ചിത്രങ്ങളില്‍ ചേര്‍ത്ത് പ്രചരിപ്പിച്ചതിനാണ് ഇവര്‍ അറസ്റ്റിലായത്. ദുരുപയോഗം ചെയ്യപ്പെട്ട ഫോട്ടോകള്‍ വിദേശത്തടക്കമുള്ള ആളുകള്‍ക്ക് കിട്ടിയിട്ടുണ്ട്. 40,000 ത്തില്‍ അധികം ഫോട്ടോകളാണ് ബിബീഷ് ഉപയോഗിച്ചിരുന്ന കമ്പ്യൂട്ടറില്‍ നിന്ന് കണ്ടെടുത്തത്.


Read Also: ഔറംഗാബാദ് കലാപം; പൊലീസ് കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ട ബി.ജെ.പി പ്രവര്‍ത്തകന്‍ കീഴടങ്ങി


ബിബീഷാണ് ചിത്രങ്ങള്‍ മോര്‍ഫ് ചെയ്തതെന്നാണ് ആരോപണം. ഇതറിഞ്ഞിട്ടും മറച്ചു വച്ചതിനും കുറ്റകൃത്യത്തിന് കൂട്ടുനിന്നതിനാലുമാണ് രണ്ടുപേരെ കസ്റ്റഡിയിലെടുത്തത്. മോര്‍ഫിങ്ങിനെക്കുറിച്ച് നാല് മാസം മുമ്പേ പരാതി ഉയര്‍ന്നിരുന്നെങ്കിലും ഫോട്ടോകള്‍ അടങ്ങിയ ഹാര്‍ഡ് ഡിസ്‌ക് തങ്ങള്‍ നശിപ്പിച്ചുവെന്നാണ് സ്റ്റുഡിയോ ഉടമകള്‍ പറഞ്ഞത്. എന്നാല്‍ ഇത് നശിപ്പിക്കാതെ സൂക്ഷിച്ച് വെക്കുകയായിരുന്നു.

ബിബീഷ് ചിത്രങ്ങള്‍ മോര്‍ഫ് ചെയ്യുന്ന വിവരം ഏഴുമാസം മുന്‍പ് തന്നെ സ്ഥാപന ഉടമകള്‍ അറിഞ്ഞിരുന്നതായാണ് വിവരം. എന്നാല്‍ എഡിറ്റിങ്ങില്‍ മിടുക്കനായ ബിബീഷിനെ പിണക്കാന്‍ സ്റ്റുഡിയോ ഉടമകള്‍ തയ്യാറായില്ല. ബിബീഷ് ഈ സ്റ്റുഡിയോ വിട്ട് മറ്റൊരു സ്റ്റുഡിയോ തുറക്കാന്‍ ശ്രമം തുടങ്ങിയപ്പോഴാണ് കാര്യങ്ങള്‍ പുറത്തായത്.


Read Also: സര്‍ക്കാര്‍ പരിപാടികളില്‍ നിന്ന് മാറ്റി നിര്‍ത്തിയാല്‍ തീരുന്നതാണോ രജത് കുമാറിന്റെ മനുഷ്യത്വ വിരുദ്ധത


വടകര വനിതാ സെല്‍ സി.ഐ ഭാനുമതിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. കേസ് അന്വേഷണത്തിന് മൂന്ന് സ്‌ക്വാഡുകള്‍ രൂപീകരിച്ചിട്ടുണ്ട്.

We use cookies to give you the best possible experience. Learn more