ഫീസിനത്തില്‍ വാങ്ങിയത് വന്‍തുക, പഠിക്കാന്‍ തന്നത് മോശം മെറ്റീരിയല്‍; കോഴിക്കോട് ഡയറക്ഷന്‍ കോച്ചിങ്ങ് സെന്ററിനെതിരെ ആരോപണവുമായി വിദ്യാര്‍ത്ഥികള്‍
details
ഫീസിനത്തില്‍ വാങ്ങിയത് വന്‍തുക, പഠിക്കാന്‍ തന്നത് മോശം മെറ്റീരിയല്‍; കോഴിക്കോട് ഡയറക്ഷന്‍ കോച്ചിങ്ങ് സെന്ററിനെതിരെ ആരോപണവുമായി വിദ്യാര്‍ത്ഥികള്‍
രോഷ്‌നി രാജന്‍.എ
Sunday, 8th November 2020, 6:00 pm

കോഴിക്കോടുള്ള പി.എസ്.സി കോച്ചിങ്ങ് സെന്ററായ ഡയറക്ഷനെതിരെ ഗുതുതര പരാതികള്‍ ഉന്നയിച്ചുകൊണ്ട് വിദ്യാര്‍ത്ഥികള്‍ രംഗത്തു വന്നിരിക്കുകയാണ്. ഉയര്‍ന്ന കാശ് വാങ്ങി വിദ്യാര്‍ത്ഥികള്‍ക്ക് മോശം പഠന സാഹചര്യങ്ങള്‍ ഒരുക്കുന്നുവെന്ന ആരോപണമാണ് ഡയറക്ഷനെതിരെ ഉയര്‍ന്നു വന്നിരിക്കുന്നത്. തുടക്കത്തില്‍ തന്നെ ഫീസിന്റെ മുഴുവന്‍ തുകയും ആവശ്യപ്പെട്ടും മോശം സ്റ്റഡി മെറ്റീരിയലുകള്‍ നല്‍കിയും വിദ്യാര്‍ത്ഥികളെ പ്രതിസന്ധിയിലാക്കുകയായിരുന്നു ഡയറക്ഷന്‍ അധികൃതരെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു.

മികച്ച പഠന സാഹചര്യങ്ങള്‍ വാഗ്ദാനം ചെയ്ത് കോച്ചിങ്ങിനായി 29750 രൂപ വിദ്യാര്‍ത്ഥികളില്‍ നിന്നും തുടക്കത്തില്‍ തന്നെ മേടിച്ച സ്ഥാപനത്തില്‍ നിന്ന് മോശമായ അനുഭവമാണ് തുടക്കം മുതലേ ഉണ്ടായതെന്ന് കോളേജിയേറ്റ് വിഭാഗം വിദ്യാര്‍ത്ഥി ഷര്‍മിയ നൂറുദ്ദീന്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു.

‘29750 രൂപയില്‍ 11800 രൂപ സ്റ്റഡി മെറ്റീരിയല്‍ ഇനത്തിലാണ് ഞങ്ങളില്‍ നിന്നും വാങ്ങിയത്. എന്നാല്‍ പരീക്ഷയുടെ രണ്ട് ദിവസങ്ങള്‍ക്കു മുന്‍പ് മാത്രമാണ് മിക്ക വിദ്യാര്‍ത്ഥികള്‍ക്കും മെറ്റീരിയലുകള്‍ ലഭിച്ചത്. ലഭിച്ച മെറ്റീരിയലുകള്‍ ഉപയോഗിച്ച് പഠിക്കാന്‍ കഴിയാത്ത സാഹചര്യമായിരുന്നു.
വിക്കിപീഡിയ പേജുകള്‍ അതേപടി പകര്‍ത്തിയും, റഫറന്‍സ് പുസ്തകങ്ങളുടെ അനവധി പേജുകള്‍ സ്‌കാന്‍ ചെയ്ത് ചേര്‍ത്തും, പലയിടത്തും വായിക്കാന്‍ ഭൂതകണ്ണാടിയുടെ സഹായം വേണ്ടവണ്ണം വൃത്തികേടായി അച്ചടിച്ചും, വാക്യഘടനാ പ്രശ്‌നങ്ങളോടെ പകര്‍പ്പവകാശ മുന്നറിയിപ്പ് നല്‍കിയുമെല്ലാമായിരുന്നു ഞങ്ങള്‍ക്ക് മെറ്റീരിയലുകള്‍ അയച്ചു തന്നത് മറ്റ് പല മെറ്റീരിയലുകള്‍ പലരുടെ തിസീസുകളുടെ പകര്‍പ്പായിരുന്നു’, ഷര്‍മിയ പറയുന്നു.

വിദ്യാര്‍ത്ഥികള്‍ നിരന്തരമായി പരാതികള്‍ ഉന്നയിച്ചതിന് ശേഷം മാത്രമാണ് മെറ്റീരിയലുകള്‍ ലഭ്യമാക്കിയതെന്ന് മറ്റൊരു വിദ്യാര്‍ത്ഥിയായ മഞ്ജുലക്ഷ്മിയും ഡൂള്‍ന്യൂസിനോട് പറഞ്ഞു. കൊവിഡ് മൂലം പ്രവര്‍ത്തനം നിര്‍ത്തിവെച്ച സ്ഥാപനം വളരെ വൈകിയാണ് ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിച്ചതെന്നും ഇവര്‍ പറയുന്നു.

‘സ്ഥാപനം അടച്ചു പൂട്ടിയതിന് രണ്ടു മൂന്ന് മാസങ്ങള്‍ക്ക് ശേഷമാണ് ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിച്ചത്. എട്ട് വര്‍ഷത്തിന് ശേഷമാണ് കോളജിയേറ്റ് പരീക്ഷകളുടെ നോട്ടിഫിക്കേഷന്‍ വരുന്നത്. അത്തരമൊരു സാഹചര്യത്തില്‍ മികച്ച രീതിയില്‍ പരീക്ഷ എഴുതാന്‍ വേണ്ടിയാണ് പരീശീലനത്തിനായി ഒരു സ്ഥാപനത്തില്‍ ചേര്‍ന്നു പഠിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ പരസ്യവാചകങ്ങളും ഓറിയന്റേഷനിലെ അവതരണവുമെല്ലാം അസ്ഥാനത്താവുന്ന രീതിയിലായിരുന്നു ഡയറക്ഷനിലെ കോച്ചിങ്ങ്. പരീക്ഷക്കൊരുങ്ങുന്ന ഞങ്ങളെ പ്രതികൂലമായാണ് പരിശീലനം ബാധിച്ചത്’, മഞ്ജുലക്ഷ്മി പറഞ്ഞു.

ഡയറക്ഷന്റെ പരസ്യത്തിലെ വാഗ്ദാനങ്ങളില്‍ ചെറിയൊരു ഭാഗം പോലും പാലിക്കപ്പെട്ടില്ലെന്നും ഷര്‍മിയ പറയുന്നു. വിഷയവിദഗ്ധരുടെ ക്ലാസുകള്‍, വിദഗ്ധര്‍ തയ്യാറാക്കുന്ന സ്റ്റഡി മെറ്റീരിയലുകള്‍, നിരന്തരം പരീക്ഷണ പരീക്ഷയിലൂടെയുള്ള കടന്ന് പോക്ക്, ആഴ്ചയില്‍ എല്ലാ ഞായറാഴ്ചയും ക്ലാസ് ഇത്തരത്തിലായിരുന്നു കോച്ചിങ്ങിനായുള്ള ഡയറക്ഷന്റെ പരസ്യവാചകങ്ങള്‍. മാത്രവുമല്ല ഏതൊരു കോച്ചിങ്ങ് സ്ഥാപനത്തേക്കാളും ഉയര്‍ന്ന ഫീസാണ് ഡയറക്ഷന്‍ വാങ്ങിയിരുന്നത്.

ഗഡുക്കളായി ഫീസ് നല്‍കിക്കോട്ടേയെന്ന് നിരവധി വിദ്യാര്‍ത്ഥികള്‍ ചോദിച്ചിരുന്നുവെങ്കിലും അധികൃതര്‍ അനുവദിക്കാതിരിക്കുകയായിരുന്നുവെന്നും ആരോപണമുണ്ട്. തുടക്കത്തില്‍ തന്നെ വലിയൊരു തുക ഫീസായി നല്‍കുന്നതില്‍ ഒട്ടു മിക്ക വിദ്യാര്‍ത്ഥികളും സാമ്പത്തികമായി ബുദ്ധിമുട്ടുകള്‍ നേരിട്ടിരുന്നതായും എന്നാല്‍ ഒരു തരത്തിലുള്ള വിട്ടുവീഴ്ചകള്‍ക്കും അധികൃതര്‍ തയ്യാറായിരുന്നില്ലെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു.

‘ഫീസ് ഗഡുക്കളായി നല്‍കാമെന്ന് ഡിസംബര്‍ 8ന് ആദ്യ ക്ലാസ്സിന് ചെന്ന ഞാനും സുഹൃത്തും പറയുകയുണ്ടായി. അപ്പോള്‍ ക്ലാസ്സില്‍ കയറ്റില്ലെന്ന ഉഗ്രശാസനയായിരുന്നു ഫലം. അതും പോരാതെ ‘ഫീ ഒരു കാരണവശാലും തിരികെ തരുന്നതല്ല’ എന്നെഴുതിയ കടലാസ്സില്‍ ഒപ്പ് വെപ്പിക്കുകയും ചെയ്തു. ഏതായാലും ഒപ്പും വെച്ച്, മുഴുവന്‍ തുകയും കൊടുത്ത് ക്ലാസിന് ചേര്‍ന്നു. ആദ്യം ലഭിച്ച മൂന്ന് സ്റ്റഡി മെറ്റീരിയലുകളും ക്വാളിറ്റി പുലര്‍ത്തിയില്ലെന്ന് മാത്രമല്ല വിക്കിപീഡിയയെ പകര്‍ത്തുന്നു എന്ന് ഞങ്ങള്‍ പരാതി പറയുകയുണ്ടായി. പറഞ്ഞതിനൊക്കെ ‘അടുത്തതില്‍ ശരിയാക്കാം’ എന്നൊരു മധുരമറുപടി മുറയ്ക്ക് കിട്ടി. മാര്‍ച്ച് 8ന് ക്ലാസ്സ് കഴിഞ്ഞ് കൊറോണക്കാലം തുടങ്ങുകയായി. കാസ്സ് മുടങ്ങി. ഇടയ്ക്കിടെ ഓണ്‍ലൈന്‍ ക്ലാസ്സ് ആരംഭിക്കും എന്ന സന്ദേശം വാട്‌സാപ്പ് ഗ്രൂപ്പില്‍ വന്നതല്ലാതെ ഒരു അനക്കവുമുണ്ടായില്ല. ഓഫീസിലേക്ക് വിളിച്ചും മെയില്‍ അയച്ച് അന്വേഷിച്ചും വലഞ്ഞു ഞങ്ങള്‍. തൃപ്തികരമായ ഒരു മറുപടിയും ലഭിച്ചില്ല .ഫീസ് തിരികെ തന്നതുമില്ല. മാര്‍ച്ച്, ഏപ്രില്‍, മെയ്, മാസങ്ങള്‍ അങ്ങനെ കഴിഞ്ഞു. ജൂണില്‍ ഓണ്‍ലൈന്‍ ക്ലാസ്സ് ആരംഭിച്ചു. പിന്നീടും ഞങ്ങള്‍ മെറ്റീരിയലുകള്‍ക്ക് വേണ്ടി ചോദിച്ചുകൊണ്ടിരുന്നു’, ഷര്‍മിയ പറയുന്നു.

ഏറ്റവും ഒടുവില്‍ ഒക്ടോബര്‍ മാസത്തിലാണ് സ്ഥാപനത്തില്‍ നിന്നും വിദ്യാര്‍ത്ഥികള്‍ക്ക് ചില മെറ്റീരിയലുകള്‍ നല്‍കിയത്. നല്‍കിയ മെറ്റീരിയലുകള്‍ മോശമാണെന്ന് വിദ്യാര്‍ത്ഥികള്‍ പരാതി ഉന്നയിച്ചപ്പോള്‍ കൃത്യമായി മറുപടി നല്‍കാതെ അധികൃതര്‍ ഒഴിഞ്ഞുമാറുകയായിരുന്നുവെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു. നഷ്ടമായ തുക തിരികെ ചോദിച്ചുവെങ്കിലും അതിനും മറുപടിയുണ്ടായില്ലെന്നും വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു.

എന്നാല്‍ വിദ്യാര്‍ത്ഥികള്‍ ആരോപിച്ച കാര്യങ്ങള്‍ തെറ്റാണെന്നും മാധ്യമങ്ങളോട് മറുപടി പറയേണ്ട ആവശ്യമില്ലെന്നും പൊലീസിനെ സമീപിച്ചോളാം എന്നുമാണ് ഒരു ഡയറക്ഷന്‍ ഭാരവാഹി ഡൂള്‍ന്യൂസിനോട് പറഞ്ഞത്.

Content Highlight: students complaint against direction psc coaching centre

 

രോഷ്‌നി രാജന്‍.എ
മഹാരാജാസ് കോളജില്‍ നിന്നും കെമിസ്ട്രിയില്‍ ബിരുദാനന്തര ബിരുദം, കോഴിക്കോട് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്റ് ജേണലിസത്തില്‍ നിന്നും പി.ജി ഡിപ്ലോമ. ഇപ്പോള്‍ ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി.