| Sunday, 20th July 2025, 12:49 pm

വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവം; കുറ്റകരമായ നരഹത്യയ്ക്ക് കേസെടുക്കും

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്ലം: കൊല്ലം തേവലക്കരയില്‍ സ്‌കൂളില്‍വെച്ച് വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ കുറ്റകരമായ നരഹത്യയ്ക്ക് കേസെടുക്കും. സ്‌കൂള്‍ മാനേജ്‌മെന്റ് ഭാരവാഹികള്‍, കെ.എസ്.ഇ.ബി ഉദ്യോഗസ്ഥര്‍, പഞ്ചായത്ത് അസി. എഞ്ചിനീയര്‍ എന്നിവരെ പ്രതിചേര്‍ത്താണ് കേസെടുക്കുക.

മൂന്ന് അന്വേഷണ ഏജന്‍സികളാണ് കേസ് അന്വേഷിക്കുന്നത്. ഇതില്‍ ശാസ്താംകോട്ട ഡി.വൈ.എസ്.പിയുടെ നേതൃത്വത്തില്‍ നടക്കുന്ന അന്വേഷണസംഘമാണ് കുറ്റകരമായ നരഹത്യയ്ക്ക് കേസെടുക്കുക.

മരണത്തില്‍ കുറ്റകരമായ അനാസ്ഥ ഉണ്ടായെന്ന് തെളിഞ്ഞാല്‍ നടപടിയെടുക്കുമെന്ന് നേരത്തെ തന്നെ വിദ്യാഭ്യാസ മന്ത്രി പറഞ്ഞിരുന്നു.

വിദ്യാര്‍ത്ഥിയുടെ മരണത്തില്‍ കഴിഞ്ഞ ദിവസം സ്‌കൂളിലെ പ്രധാന അധ്യാപികയെ സസ്‌പെന്‍ഡ് ചെയ്തു കൊണ്ട് ഉത്തരവിട്ടിരുന്നു. മന്ത്രിയുടെ സന്ദര്‍ശനത്തിന് പിന്നാലെയാണ് സ്‌കൂളിലെ പ്രധാന അധ്യാപികയെ മാനേജ്മെന്റ് സസ്പെന്റ് ചെയ്തത്. പ്രധാനാധ്യാപിക എസ്. സുജയെയാണ് സസ്പെന്റ് ചെയ്തത്.

വിദ്യാര്‍ത്ഥിയുടെ ശവസംസ്‌കാരച്ചടങ്ങുകള്‍ ഇന്നലെ പൂര്‍ത്തിയായിരുന്നു. വിദേശത്ത് ജോലി ചെയ്യുന്ന മിഥുന്റെ അമ്മ സുജ നാട്ടിലെത്തിയതിന് ശേഷമാണ് ചടങ്ങുകള്‍ നടത്തിയത്. വൈകീട്ട് വിളന്തറയിലെ വീട്ടുവളപ്പിലാണ് മിഥുനെ സംസ്‌കാരിച്ചത്.

കഴിഞ്ഞ ദിവസമായിരുന്നു തേവലക്കര ബോയ്സ് സ്‌കൂളില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥി മിഥുന്‍ ഷോക്കേറ്റ് മരിച്ചത്. സ്‌കൂളില്‍ കൂട്ടുകാരോടൊത്ത് കളിക്കുന്നതിനിടെ സൈക്കിള്‍ ഷെഡിന് മുകളില്‍ കുടുങ്ങിയ ചെരുപ്പ് എടുക്കാനുള്ള ശ്രമത്തിനിടെ മിഥുന് സമീപത്തെ വൈദ്യുതകമ്പിയില്‍ നിന്ന് ഷോക്കേല്‍ക്കുകയായിരുന്നു.

Content Highlight: Student dies of shock in school; case of culpable homicide to be filed

We use cookies to give you the best possible experience. Learn more