പത്ത് വര്‍ഷത്തെ യാത്രക്കൊടുവില്‍ സ്‌ട്രെയ്ഞ്ചര്‍ തിങ്‌സ് അവസാനിച്ചിരിക്കുകയാണ്. മൂന്ന് ഭാഗങ്ങളിലായി പുറത്തിറങ്ങിയ ലാസ്റ്റ് സീസണ് വന്‍ വരവേല്പാണ് ലഭിച്ചത്. എല്ലാ പ്രേക്ഷകരെയും അങ്ങേയറ്റം ഇമോഷണലാക്കിയ ക്ലൈമാക്‌സ് അതിഗംഭീരമെന്നാണ് അഭിപ്രായം. രണ്ട് മണിക്കൂറുള്ള അവസാന എപ്പിസോഡിലെ ആക്ഷന്‍ രംഗങ്ങളും കൈയടി നേടുന്നുണ്ട്.
ഇതിനോടൊപ്പം ലാസ്റ്റ് എപ്പിസോഡിന്റെ എഡിറ്റഡ് വീഡിയോകള്‍ക്കും വന്‍ റീച്ചാണ് ലഭിക്കുന്നത്. ക്ലൈമാക്‌സ് സീന്‍ മലയാളി സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍ എഡിറ്റ് ചെയ്താല്‍ എങ്ങനെയുണ്ടാകുമെന്ന എഡിറ്റ് വീഡിയോയാണ് ഇതില്‍ പ്രധാനം. മലയാളത്തിലെ എക്കാലത്തെയും വലിയ ഹിറ്റുകളിലൊന്നായ പ്രേമത്തെപ്പോലെയാണ് സ്‌ട്രെയ്ഞ്ചര്‍ തിങ്‌സ് ഫിനാലെ എഡിറ്റ് ചെയ്തിരിക്കുന്നത്.
വെക്‌നയെ എല്ലാവരും അറ്റാക്ക് ചെയ്യുന്ന രംഗവും ക്ലൈമാക്‌സില്‍ എല്ലാവരും ഒന്നിക്കുന്നതും മാറ്റിമാറ്റിയാണ് വീഡിയോയില്‍ കാണിച്ചിരിക്കുന്നത്. പ്രേമത്തില്‍ അല്‍ഫോണ്‍സ് പുത്രന്റെ കഥാപാത്രത്തെ നായകന്റെ കൂട്ടുകാര്‍ തല്ലുന്ന രംഗത്തിന്റെ ഓഡിയോയാണ് വീഡിയോയില്‍ ഉപയോഗിച്ചിരിക്കുന്നച്. ഷാജി പാപ്പ്‌സ് 3 എന്ന പേജാണ് ഈ വീഡിയോ പങ്കുവെച്ചത്.
‘വെക്‌ന: നിങ്ങള്‍ക്ക് ആള് മാറിയതാണെന്ന് തോന്നുന്ന് ട്ടാ’, ‘അല്‍ഫോണ്‍സ് പുത്രന്‍ എഡിറ്റ് ചെയ്തിരുന്നെങ്കില്‍ രണ്ട് മണിക്കൂറുള്ള എപ്പിസോഡ് ഒരു മണിക്കൂര്‍ കൊണ്ട് തീര്‍ത്തേനെ’, ‘പൂമ്പാറ്റകള്‍ക്ക് പകരം ഡെമോഗോര്‍ഗണുകളെ കാണിച്ചാല്‍ അടിപൊളിയാകും’, എന്നിങ്ങനെ ആളുകളെ ചിരിപ്പിക്കുന്ന ധാരാളം കമന്റുകളുണ്ട്.
ഗെയിം ഓഫ് ത്രോണ്‍സ് പോലെ വന്‍ ഫാന്‍ ബേസുള്ള സീരീസാണ് സ്‌ട്രെയ്ഞ്ചര്‍ തിങ്‌സ്. ഡഫര്‍ ബ്രദേഴ്‌സ് അണിയിച്ചൊരുക്കിയ ഈ സീരീസ് നെറ്റ്ഫ്‌ളിക്‌സിന്റെ ചരിത്രത്തില്‍ ഏറ്റവുമധികം കാഴ്ചക്കാരെ സ്വന്തമാക്കിക്കഴിഞ്ഞു. അഞ്ച് സീസണുകളിലായി 42 എപ്പിസോഡുകളാണ് സ്‌ട്രെയ്ഞ്ചര്‍ തിങ്‌സിലുള്ളത്. അവസാന സീസണ്‍ 480 മില്യണ്‍ ബജറ്റിലാണ് ഒരുങ്ങിയരിക്കുന്നത്.