അത് വേണ്ട നെറ്റ്ഫ്‌ളിക്‌സേ, ആ കഥാപാത്രത്തെ തൊട്ടുകളിക്കണ്ട, സ്‌ട്രെയ്ഞ്ചര്‍ തിങ്‌സ് ഫിനാലെ ട്രെയ്‌ലറിന് പിന്നാലെ വിമര്‍ശനവുമായി ആരാധകര്‍
Trending
അത് വേണ്ട നെറ്റ്ഫ്‌ളിക്‌സേ, ആ കഥാപാത്രത്തെ തൊട്ടുകളിക്കണ്ട, സ്‌ട്രെയ്ഞ്ചര്‍ തിങ്‌സ് ഫിനാലെ ട്രെയ്‌ലറിന് പിന്നാലെ വിമര്‍ശനവുമായി ആരാധകര്‍
അമര്‍നാഥ് എം.
Tuesday, 30th December 2025, 9:55 pm

ഹോക്കിന്‍സ് നഗരത്തിന്റെ കാണാക്കഥകള്‍ പറയുന്ന സ്‌ട്രെയ്ഞ്ചര്‍ തിങ്‌സ് അവസാനിക്കാന്‍ ഇനി വെറും മണിക്കൂറുകള്‍ മാത്രമാണ് ബാക്കി. 2016ല്‍ ആരംഭിച്ച യാത്ര പത്താം വര്‍ഷത്തിലെത്തി നില്‍ക്കുമ്പോഴാണ് അവസാനിക്കുന്നത്. അവസാന സീസണിലെ അവസാന എപ്പിസോഡ് ന്യൂ ഇയര്‍ ഈവിന് പ്രേക്ഷകരിലേക്കെത്തും.

അവസാന എപ്പിസോഡിന്റെ ട്രെയ്‌ലര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുകയാണ്. ജീവന്മരണ പോരാട്ടത്തിനൊടുവില്‍ വെക്‌നയെ ഇല്ലാതാക്കി ലോകത്തെ രക്ഷിക്കാന്‍ ഇലവനും കൂട്ടര്‍ക്കും സാധിക്കുമോ എന്നാണ് പലരും ഉറ്റുനോക്കുന്നത്. എന്നാല്‍ ട്രെയ്‌ലറിലെ ഒരൊറ്റ ഫ്രെയിം സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ക്കാണ് വഴിവെച്ചിരിക്കുന്നത്.

സ്‌ട്രെയ്ഞ്ചര്‍ തിങ്‌സ് Phot: Screen grab/ Netflix

ഡസ്റ്റിന്‍ എന്ന കഥാപാത്രം അലറിക്കരയുന്ന ഒരു ഷോട്ട് ട്രെയ്‌ലറിലുണ്ട്. ഡസ്റ്റിന് ഏറ്റവും പ്രിയപ്പെട്ട ഒരു കഥാപാത്രം മരിക്കുമെന്നുള്ളതിന്റെ സൂചനയാണ് ഈ ഫ്രെയിമെന്ന് പലരും അഭിപ്രായപ്പെടുന്നു. ഉറ്റ സുഹൃത്തായ എഡ്ഡിക്ക് ശേഷം ഡസ്റ്റിന് ഏറ്റവും പ്രിയപ്പെട്ടയാള്‍ സ്റ്റീവാണ്. ഈ ഫ്രെയിം സൂചിപ്പിക്കുന്നത് അവസാന എപ്പിസോഡില്‍ സ്റ്റീവ് കൊല്ലപ്പെടുമെന്നാണെന്ന് പലരും അനുമാനിക്കുന്നുണ്ട്.

എന്നാല്‍ സ്റ്റീവിന്റെ കഥാപാത്രം മരിക്കുന്നതായി കാണിക്കുന്നത് ആരാധകര്‍ക്ക് ഇഷ്ടമല്ല. സ്റ്റീവിനെ തൊട്ടുകളിക്കണ്ട എന്നാണ് പലരും അഭിപ്രായപ്പെടുന്നത്. ആരെങ്കിലും മരിച്ചാല്‍ മാത്രമേ സീരീസ് നന്നാവുകയുള്ളോ എന്നാണ് പലരുടെയും ചോദ്യം. ആദ്യമൊന്നും ആരുടെയും ശ്രദ്ധ കിട്ടാത്ത കഥാപാത്രമായിരുന്നു സ്റ്റീവ്. വെറും സ്‌കൂള്‍ ബുള്ളി എന്ന ലെവലില്‍ നിന്ന് സ്‌ട്രെയ്ഞ്ചര്‍ തിങ്‌സിലെ ഏറ്റവും ഫാന്‍ ബേസുള്ള കഥാപാത്രമായി സ്റ്റീവ് മാറുകയായിരുന്നു.

സ്‌ട്രെയ്ഞ്ചര്‍ തിങ്‌സ് Photo: Screen grab/ Netflix

അത്തരത്തില്‍ ഫാന്‍ ഫോളോയിങ്ങുള്ള കഥാപാത്രം മരിക്കുകയാണെങ്കില്‍ സീരീസിന്റെ റേറ്റിങ്ങിനെ അത് ബാധിക്കും. സ്റ്റീവിനെപ്പോലെ പ്രധാനപ്പെട്ട ഒരു കഥാപാത്രം മരിക്കുന്നുണ്ടെങ്കില്‍ അത് ട്രെയ്‌ലറില്‍ വെളിപ്പെടുത്താന്‍ മാത്രം നെറ്റ്ഫ്‌ളിക്‌സ് ബുദ്ധിയില്ലാത്തവരല്ലെന്നും ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്. ഡസ്റ്റിന്റെ പ്രൊഫസറായിരിക്കും മരിക്കുക എന്നും ചിലര്‍ കണക്കുകൂട്ടുന്നു.

നെറ്റ്ഫ്‌ളിക്‌സിന്റെ ചരിത്രത്തില്‍ ഏറ്റവും ജനപ്രീതിയുള്ള സീരീസാണ് സ്‌ട്രെയ്ഞ്ചര്‍ തിങ്‌സ്. ഡഫര്‍ ബ്രദേഴ്‌സ് അണിയിച്ചൊരുക്കിയ സീരീസ് കോടിക്കണക്കിന് കാഴ്ചക്കാരെയാണ് സ്വന്തമാക്കിയത്. അവസാന സീസണ് വന്‍ വരവേല്പായിരുന്നു ലഭിച്ചത്. അവസാന എപ്പിസോഡിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ഓരോ ആരാധകരും.

Content Highlight: Stranger Things Final episode trailer out now

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം