മെഹബൂബിയന്‍ സംഗീത ലോകത്ത്, ഇങ്ങനെ രണ്ട് പാട്ടുകാര്‍ കൊച്ചിയില്‍.. ബിസ്മില്ലാ അബുവും സിദ്ധീഖ് മട്ടാഞ്ചേരിയും
നിമിഷ ടോം

സംഗീതത്തെ സിരകളിലേക്കാവാഹിച്ച് തലമുറകളിലേക്ക് പകരുന്നയിടമാണ് കൊച്ചിയിലെ മട്ടാഞ്ചേരി. സംഗീതസമാനമായ കാഴ്ചകളാണ് മട്ടാഞ്ചേരിയിലെങ്ങും. നൂറ്റാണ്ടുകളുടെ ചരിത്രമുള്ള ഈ തുറമുഖ നഗരത്തില്‍ വന്നവരും പേയവരുമെല്ലാം അവരുടെ ജീവിതവും കലയും സംസ്‌കാരവുമെല്ലാം കോറിയിട്ടു. വൈവിധ്യങ്ങളെ എക്കാലത്തും സ്വീകരിച്ച മട്ടാഞ്ചേരി ജൂതരും കൊങ്ങിണികളും ഗുജറാത്തികളും ജൈനരും മറാത്തികളുമെല്ലാമടങ്ങുന്ന അനേകം സമുദായങ്ങളുടേതായി മാറുന്നത് അങ്ങനെയാണ്.

ഗസലുകളും ഖവാലിയും ഹിന്ദുസ്ഥാനിയുമെല്ലാം മട്ടാഞ്ചേരിയുടെ ഓരോ അടരുകളിലും പടര്‍ന്നുകിടക്കുന്നതായി നമുക്ക് കാണാം. മട്ടാഞ്ചേരിയുടെ തെരുവുകളിലും കല്യാണവീടുകളിലും സൗഹൃദക്കൂട്ടായ്മകളിലും ഉയര്‍ന്നുവന്ന സംഗീത സദസ്സുകള്‍ കേരളത്തിന് സമ്മാനിച്ച വരദാനമായിരുന്നു എച്ച്. മെഹബൂബ്. മട്ടാഞ്ചേരിയുടെ സ്വന്തം മെഹബൂബ് ഭായി. തെരുവിന്റെ ഓരങ്ങളില്‍ നിന്ന് സംഗീതത്തിന്റെ നാടന്‍ ശീലുകള്‍ കണ്ടെടുത്ത് അവയെ ഗസലുകളിലേക്കും ഖവാലിയിലേക്കും സന്നിവേശിപ്പിച്ച് നാടിന്റെ ഗായകനായി മാറിയ അനുഗ്രഹീത കലാകാരന്‍. മട്ടാഞ്ചേരിയിലെ ഓരോ ഇടവഴികളിലും മെഹബൂബ് സംഗീതവുമായി അലഞ്ഞുനടന്നു. കല്യാണവീടുകളിലും മറ്റ് ആഘോഷരാവുകളിലും മെഹബൂബിന്റെ സംഗീതം നിറഞ്ഞുതുളുമ്പി.

മട്ടാഞ്ചേരിയുടെ സംഗീതസദസ്സുകളില്‍ മുഴങ്ങിയ അസാമാന്യ സംഗീതശബ്ദത്തിന്റെ ഉടമയെത്തേടി മട്ടാഞ്ചേരിയിലേക്ക് പുറംലേകത്തുനിന്നും ആളുകളെത്തി. ഒടുവില്‍ 1951 ല്‍ ജീവിത നൗകയിലൂടെ മെഹബൂബ് മലയാളചലച്ചിത്രത്തിലെ പിന്നണിഗാനരംഗത്തെത്തി. 50 കളില്‍ മലയാളസിനിമയിലെ താരങ്ങളായിരുന്ന തിക്കുറിശ്ശി, സത്യന്‍, പ്രേംനസീര്‍, ബഹദൂര്‍, എസ്.പി പിള്ള തുടങ്ങിയവര്‍ക്ക് വേണ്ടി മെബഹൂബ് പാട്ടുകള്‍ പാടി.

ജീവിത പ്രാരാബ്ദങ്ങളുടെ കൊടുംചൂടില്‍ ചുമടെടുത്തും തണ്ടുവലിച്ചും വലവലിച്ചും തളര്‍ന്ന തൊഴിലാളിജീവിതങ്ങളെ ആശ്വസിപ്പിച്ച കടല്‍ക്കാറ്റായിരുന്നു മട്ടാഞ്ചേരിക്ക് മെഹബൂബ് ഭായിയുടെ സംഗീതം. അവര്‍ക്ക് വേണ്ടിയാണ് മെഹബൂബ് ഭായി പാടിയതും ജീവിച്ചതും.

തെരുവുകളെ ഈണങ്ങള്‍ കൊണ്ടനുഗ്രഹീതമാക്കിയ ഈ മെഹബൂബിയന്‍ സംഗീതം, ഭായിയുടെ കാലം കൊണ്ട് മട്ടാഞ്ചേരിയില്‍ അവസാനിച്ചില്ല. ഒപ്പമുണ്ടായിരുന്നവരും പിറകേ വന്നവരുമായ അനേകം കലാകാരന്‍മാരിലേക്ക് തന്റെ സംഗീതത്തെ പകര്‍ന്നുകൊണ്ടാണ് മെഹബൂബ് ഭായി വിടവാങ്ങിയത്. സംഗീതത്തെ ജീവിതത്തില്‍ നിന്ന് വേര്‍തിരിക്കാന്‍ കഴിയാത്ത നിരവധി പാട്ടുകാര്‍ മെഹബൂബ് സഞ്ചരിച്ച വഴികളില്‍ ഇന്നും മട്ടാഞ്ചേരിയില്‍ ജീവിക്കുകയാണ്.

മട്ടാഞ്ചേരിയുടെ ഈണങ്ങളില്‍ അലിഞ്ഞു ജീവിക്കുന്ന രണ്ടു അപൂര്‍വ മനുഷ്യര്‍, ബിസ്മില്ലാ അബുവും സിദ്ധീഖ് മട്ടാഞ്ചേരിയും.
അവരുടെ ജീവിതമാണിവിടെ.