ജയ്പൂര്‍: രാജസ്ഥാനിലെ ഉദയ്പൂര്‍ ജില്ലയില്‍ ദളിത് വിവാഹ ഘോഷയാത്രയ്ക്ക് നേരെ ആക്രമണം.
വധുവിനെ കുതിരപ്പുരത്ത് നിന്നും ഇറക്കി വിട്ടതായും ജാതി അധിക്ഷേപം നടത്തിയതായും പരാതിയില്‍ പറയുന്നു.
എപ്രില്‍ 29ന് ഹരിയാവ് ഗ്രാമത്തിലാണ് സംഭവം. രാത്രി 10 മണിയോടെ വിവാഹ ഘോഷയാത്ര പ്രധാന റോഡിലൂടെ കടന്ന് പോകവെ അക്രമികള്‍ തടഞ്ഞു നിര്‍ത്തി ജാതീയ അധിക്ഷേപം നടത്തുകയായിരുന്നു.
പൂജ മേഘ് വാള്‍ എന്ന യുവതിയുടെ വിവാഹ ചടങ്ങിന് നേരെയാണ് ഉയര്‍ന്ന ജാതിക്കാരുടെ ആക്രമണം നടന്നത്. യുവതിയെ നിര്‍ബന്ധിച്ച് കുതിരപ്പുറത്ത് നിന്ന് ഇറക്കുകയും സംഘത്തിന് നേരെ കല്ലെറിയുകയും ചെയ്തു.
കല്ലുകള്‍, വടികള്‍, വാളുകള്‍ എന്നിവ ഉപയോഗിച്ച് വിവാഹസംഘത്തെ ആക്രമിച്ചതായും സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേറ്റതായും കുടുംബം പറയുന്നു.
കൂടാതെ അക്രമികള്‍ സാധനങ്ങള്‍ കൊള്ളയടിച്ചതായും പരാതിയുണ്ട്. മംഗള്‍ സൂത്രം കൈവള, വാച്ച് തുടങ്ങിയവ നഷ്ടപ്പെട്ടതായാണ് റിപ്പോര്‍ട്ട്.
വധുവിന്റെ പിതാവിന്റെ പരാതിയില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. ലക്ഷ്മണ്‍ സിങ്, മധു സിങ്, ഉദയ് സിങ്, അര്‍ജുന്‍ സിങ്, തഖത് സിങ്, ഫത്തേ സിങ്, വിക്രം സിങ്, എന്നിവരും സ്ത്രീകളും പ്രതി പട്ടികയിലുണ്ട്.
ഗ്രാമത്തില്‍ നടന്ന മറ്റൊരു വിവാഹവും ഇതേ സംഘം തടസപ്പെടുത്തിയതായി കുടംബം ആരോപിച്ചു.
പ്രതികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഭീം ആര്‍മി അംഗങ്ങള്‍ പൊലീസ് സ്‌റ്റേഷന് പുറത്ത് പ്രതിഷേധിച്ചു.
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.