ബിഗ് ബാഷ് ലീഗില്‍ പെര്‍ത്ത് സ്‌ക്രോച്ചേഴ്‌സിനെതിരെ ഗംഭീര വിജയവുമായി സിഡ്‌നി സിക്‌സേഴ്‌സ്. സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ 14 റണ്‍സിന്റെ വിജയമാണ് സിക്‌സേഴ്‌സ് സ്വന്തമാക്കിയത്. സൂപ്പര്‍ താരം സ്റ്റീവ് സ്മിത്തിന്റെ സെഞ്ച്വറി കരുത്തിലാണ് സിക്‌സേഴ്‌സ് വിജയിച്ചുകയറിയത്.
സിക്‌സേഴ്‌സ് ഉയര്‍ത്തിയ 221 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ സ്‌ക്രോച്ചേഴ്‌സ് 206ന് ഇന്നിങ്‌സ് അവസാനിപ്പിച്ചു.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത സിക്‌സേഴ്‌സിനായി 64 പന്തില്‍ പുറത്താകാതെ 121 റണ്‍സാണ് സ്മിത് നേടിയത്. 198.06 സ്‌ട്രൈക്ക് റേറ്റില്‍ ഏഴ് സിക്‌സറും പത്ത് ഫോറും അടങ്ങുന്നതായിരുന്നു സ്മിത്തിന്റെ ഇന്നിങ്‌സ്.
ഈ സെഞ്ച്വറിക്ക് പിന്നാലെ ടൂര്‍ണമെന്റിന്റെ ചരിത്രപുസ്തകത്തിലേക്കാണ് സ്മിത് നടന്നുകയറിയത്. ബിഗ് ബാഷ് ലീഗില്‍ ഏറ്റവുമധികം സെഞ്ച്വറി നേടുന്ന താരമെന്ന നേട്ടമാണ് സ്മിത് സ്വന്തമാക്കിയത്.
ടി-20 ഫോര്‍മാറ്റില്‍ അഞ്ചാം സെഞ്ച്വറി പൂര്‍ത്തിയാക്കിയ സ്മിത്തിന്റെ മൂന്നാം ബിഗ് ബാഷ് ലീഗ് സെഞ്ച്വറി നേട്ടമാണ് സ്‌ക്രോച്ചേഴ്‌സിനെതിരെ പിറന്നത്. ഇതോടെ ബെന്‍ മക്ഡര്‍മോട്ടിനൊപ്പം ഒന്നാം സ്ഥാനം പങ്കിടുകയാണ് സ്മിത്.
ബിഗ് ബാഷ് ലീഗില്‍ ഏറ്റവുമധികം സെഞ്ച്വറി നേടുന്ന താരം
(താരം – ടീം/ ടീമുകള്‍ – ഇന്നിങ്‌സ് – സെഞ്ച്വറി എന്നീ ക്രമത്തില്‍)
അതേസമയം, മത്സരത്തില്‍ സ്മിത്തിന് പുറമെ ക്യാപ്റ്റന്‍ മോയ്‌സെസ് ഹെന്‌റിക്വെസും മികച്ച പ്രകടനം കാഴ്ചവെച്ചു. 28 പന്തില്‍ 46 റണ്‍സാണ് താരം സ്വന്തമാക്കിയത്. ഏഴ് പന്ത് നേരിട്ട് മൂന്ന് സിക്‌സറും ഒരു ഫോറുമടക്കം 23 റണ്‍സ് നേടിയ ബെന്‍ ഡ്വാര്‍സിയസും സിക്‌സേഴ്‌സ് നിരയില്‍ നിര്‍ണായകമായി.
ഒടുവില്‍ 20ാം ഓവര്‍ അവസാനിക്കുമ്പോള്‍ ഏഴ് വിക്കറ്റിന് 206 റണ്‍സ് മാത്രമാണ് സ്‌ക്രോച്ചേഴ്‌സിന് നേടാന്‍ സാധിച്ചത്.
ഈ വിജയത്തിന് പിന്നാലെ സിക്‌സേഴ്‌സ് ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു. എട്ട് മത്സരത്തില്‍ നിന്നും അഞ്ച് ജയവും രണ്ട് തോല്‍വിയുമായി 11 പോയിന്റാണ് ടീമിനുള്ളത്. ഏഴ് മത്സരത്തില്‍ നിന്നും 11 പോയിന്റുള്ള ഹൊബാര്‍ട്ട് ഹറികെയ്ന്‍സാണ് രണ്ടാമത്.