| Wednesday, 28th March 2018, 2:02 pm

ഒടുവില്‍ നടപടി; സ്മിത്തിനും വാര്‍ണര്‍ക്കും ഒരു വര്‍ഷത്തെ വിലക്ക്; ബാന്‍ക്രോഫ്ടിനു ഒമ്പത് മാസം

സ്പോര്‍ട്സ് ഡെസ്‌ക്

സിഡ്‌നി: പന്തില്‍ കൃത്രിമം കാട്ടിയെന്ന കുറ്റത്തിനു ഓസീസ് മുന്‍ നായകന്‍ സ്റ്റീവ് സ്മിത്തിനും ഉപനായകനായിരുന്ന ഡേവിഡ് വാര്‍ണര്‍ക്കും ഒരു വര്‍ഷം ക്രിക്കറ്റ് ഓസ്‌ട്രേലിയ വിലക്കേര്‍പ്പെടുത്തി. പന്തില്‍ കൃത്രിമം കാണിച്ച ബാന്‍ക്രോഫ്ടിനെ ഒമ്പത് മാസത്തേക്കും വിലക്കിയിട്ടുണ്ട്.

ഐ.സി.സി സ്വീകരിച്ചനടപടിയ്ക്ക് പുറമേയാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ നടപടി. നേരത്തെ സ്മിത്തിനെ ഐ.സി.സി ഒരു മത്സരത്തില്‍ നിന്നും വിലക്കുകയും മാച്ച ഫീയുടെ 100 ശതമാനം പിഴയും വിധിച്ചിരുന്നു. ബാന്‍ക്രോഫ്ടിനു മാച്ച് ഫീയുടെ 75 ശതമാനം പിഴയും ഐ.സി.സി വിധിച്ചിരുന്നു.

ഇതിനു പിന്നാലെയാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയയും ശിക്ഷാ നടപടിയുമായി രംഗത്തെത്തിയത്. നേരത്തെ കോച്ച് ഡാരന്‍ ലേമാനെതിരെ നടപടിയിയുണ്ടാവില്ലെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ വ്യക്തമാക്കിയിരുന്നു. ലേമാനുമായുള്ള കരാര്‍ തുടരുമെന്ന് സി.ഇ.ഒ സതര്‍ലാണ്ടാണ് പറഞ്ഞിരുന്നത്. ക്രിക്കറ്റ് ആരാധകരോട് ക്രിക്കറ്റ് ഓസ്ട്രേലിയ മാപ്പ് പറയുകയും ചെയ്തിരുന്നു.

ഓസ്ട്രേലിയന്‍ നായകന്‍ സ്റ്റീവ് സ്മിത്ത് ഉള്‍പ്പെടെ മൂന്നു പേര്‍ക്കു മാത്രമാണു സംഭവത്തില്‍ പങ്കെന്നാണ് ക്രിക്കറ്റ് ഓസ്ട്രേലിയയുടെ അന്വേഷണ റിപ്പോര്‍ട്ട്.

നേരത്തെ ലേമനെതിരെ വിമര്‍ശനവുമായി മുന്‍ ഓസീസ് നായകന്‍ മൈക്കള്‍ ക്ലാര്‍ക്ക് രംഗത്തെത്തിയിരുന്നു. സംഭവത്തെ കുറിച്ച് ലേമാന് നേരത്തെ അറിഞ്ഞിരുന്നില്ലെങ്കില്‍ ടീമിന് മേല്‍ അദ്ദേഹത്തിന് ഒരു നിയന്ത്രണവും ഉണ്ടായിരുന്നില്ലെന്നാണ് വ്യക്തമാകുന്നതെന്നാണ് ക്ലാര്‍ക്ക് പറഞ്ഞത്. ലേമാന് സംഭവത്തെ കുറിച്ച് വിവരമുണ്ടായിരുന്നെങ്കില്‍ മറ്റാരെയും പോലെയോ അതിലധികോ അദ്ദേഹവും കുറ്റക്കാരനാണെന്നും ക്ലാര്‍ക്ക് പറഞ്ഞിരുന്നു. എന്നാല്‍ സംഭവത്തെ കുറിച്ച് ലേമാന്‍ പ്രതികരിച്ചിരുന്നില്ല.

We use cookies to give you the best possible experience. Learn more