മേജര്‍ ലീഗ് സോക്കറില്‍ മിന്നും പ്രകടനങ്ങളുമായി കളം നിറഞ്ഞ് കളിക്കുകയാണ് അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസി. താരം ഇന്റര്‍ മയാമിക്കായി ഓരോ മത്സരത്തിലും ഒന്നിലധികം ഗോളുകള്‍ സ്‌കോര്‍ ചെയ്ത് ആരാധകരെ ഞെട്ടിക്കുകയാണ്.
കഴിഞ്ഞ ദിവസവും എം.എല്‍.എസില്‍ ഇന്റര്‍ മയാമിക്കായി ഇരട്ട ഗോളുകള്‍ നേടിയിരുന്നു. ന്യൂയോര്‍ക്ക് റെഡ് ബുള്‍സിനെതിരെയായ മത്സരത്തിലായിരുന്നു താരത്തിന്റെ ഈ പ്രകടനം. മത്സരത്തില്‍ ഗോളിന് പുറമെ ഒരു അസിസ്റ്റും താരം നല്‍കിയിരുന്നു.
മത്സരത്തിലെ ഇരട്ട ഗോള്‍ നേട്ടത്തോടെ ഒരു നേട്ടത്തില്‍ തന്റെ ചിരവൈരിയായ പോര്‍ച്ചുഗല്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ മറികടന്നിരുന്നു. ഫുട്‌ബോള്‍ കരിയറില്‍ പെനാല്‍റ്റിയില്‍ നിന്നല്ലാതെ ഏറ്റവും കൂടുതല്‍ ഗോളുകള്‍ എന്ന നേട്ടമാണ് മെസി സ്വന്തമാക്കിയത്. ഓപ്പണ്‍ പ്ലേയിലൂടെ 764 ഗോളുകള്‍ താരം റോണോയെ പിന്നിലാക്കിയത്.
ഈ നേട്ടത്തിന് പിന്നാലെ താരത്തെ കുറിച്ച് സംസാരിക്കുകയാണ് ലിവര്‍പൂള്‍ ഇതിഹാസം സ്റ്റീവ് നിക്കോള്‍. മെസി ഓരോ മല്‍സരത്തെയും സമീപിക്കുന്നത് ചാമ്പ്യന്‍സ് ലീഗ് ഫൈനലിനെ പോലെയാണ് അദ്ദേഹം പറഞ്ഞു. മെസിയുടെ മുന്‍ഗണന എന്നും കളിക്കാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇ.എസ്.പി.എന്നില്‍ സംസാരിക്കുകയായിരുന്നു സ്റ്റീവ് നിക്കോള്‍.
‘മെസിയുടെ മാനസികാവസ്ഥ അവിശ്വസനീയമാണ്. ചാമ്പ്യന്‍സ് ലീഗ് ഫൈനലിനെ പോലെയാണ് അദ്ദേഹം ഓരോ മത്സരത്തെയും സമീപിക്കുന്നത്. അത്രയും പ്രാധാന്യത്തോടെയാണ് അദ്ദേഹം കളിക്കുന്നത്. എന്നും മെസിയുടെ മുന്‍ഗണന കളിക്കായിരുന്നു. അദ്ദേഹത്തിന്റെ ലെഗസി കെട്ടിപ്പടുക്കുന്നതും കുടുംബത്തിനെ പിന്തുണക്കുന്നതും കളിക്കളത്തിലെ നേട്ടങ്ങളാണ്,’ നിക്കോള്‍ പറഞ്ഞു.
അതേസമയം, ടൂര്‍ണമെന്റില്‍ മയാമിക്കായി തുടര്‍ച്ചയായി രണ്ടിലധികം ഗോള്‍ നേടിയും മെസി റെക്കോഡിട്ടിരുന്നു. അഞ്ച് മത്സരങ്ങളിലാണ് താരം രണ്ടില്‍ കൂടുതല്‍ ഗോളുകള്‍ സ്‌കോര്‍ ചെയ്തത്. ജൂലൈ 17ന് സിന്‍സിനാറ്റിക്കെതിരെ പരാജയപ്പെട്ടതോടെയാണ് ഈ സ്ട്രീക്ക് മുറിഞ്ഞത്.