സ്പോര്‍ട്സ് ഡെസ്‌ക്
സ്പോര്‍ട്സ് ഡെസ്‌ക്
ISL
‘ഒരാവശ്യവുമില്ല’; ഐ.എസ്.എല്ലിനെ ‘നന്നാക്കാന്‍’ കോപ്പലാശാന്റെ നിര്‍ദ്ദേശം; പറ്റില്ലെന്ന് തീര്‍ത്ത് പറഞ്ഞ് ഡേവിഡ് ജെയിംസിന്റെ മറുപടി
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday 17th January 2018 1:11pm

മുംബൈ: ഐ.എസ്.എല്ലിന്റെ ഈ സീസണില്‍ ഏറ്റവും കൂടുതല്‍ പഴി കേട്ടത് റഫറിമാരാകും. മോശം റഫറിയിംഗിന്റെ പേരില്‍ പല മത്സരവും വിവാദത്തിലായിരുന്നു കലാശിച്ചത്. പ്രധാനമായും ഇന്ത്യന്‍ റഫറിമാരാണ് വിമര്‍ശനങ്ങള്‍ കേള്‍ക്കേണ്ടി വന്നത്. ഇതിനൊരു പരിഹാരം നിര്‍ദ്ദേശിച്ച് രംഗത്തെത്തിയിരിക്കുകയാണ് ജംഷഡ്പൂര്‍ എഫ്.സിയുടെ പരിശീലകനായ സ്റ്റീവ് കോപ്പല്‍.

വീഡിയോ അസിസ്റ്റന്റ് റഫറിയുടെ (വി.എ.ആര്‍) സഹായം തേടാം എന്നായിരുന്നു കോപ്പലാശാന്‍ മുന്നോട്ട് വെച്ച നിര്‍ദ്ദേശം. സാധാരണ റഫറിമാരേക്കാള്‍ പിഴവ് കുറവായിരിക്കും വീഡിയോയുടെ സഹായത്തോടെയുള്ള റഫറിയിംഗ് എന്നാണ് കോപ്പലിന്റെ അഭിപ്രായം.

‘റഫറിയിംഗ് വളരെ മോശം അവസ്ഥയാണ്. മോശം റഫറിയിംഗ് കാരണം മത്സരഫലം തന്നെ സംശയിക്കപ്പെട്ട സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. അതുകൊണ്ട് വ്യക്തിപരമായി ഞാന്‍ വീഡിയോ റിവ്യൂ നിര്‍ദ്ദേശിക്കുന്നു.’ കോപ്പല്‍ പറയുന്നു.

വീഡിയോ റിവ്യൂവിന്റെ ഉത്തമ ഉദാഹരണമായി കോപ്പലാശാന്‍ മുന്നോട്ട് വെക്കുന്നത് സ്വന്തം രാജ്യമായ ഇംഗ്ലണ്ടാണ്. ‘ ഇംഗ്ലണ്ടില്‍ ഇത് നേരത്തെ തന്നെ അവതരിപ്പിക്കപ്പെട്ടതാണ്. മൊത്തത്തില്‍ നല്ല അഭിപ്രായമാണ്. റഫറിമാരുടെ തീരുമാനങ്ങള്‍ നിരന്തരം സംശയിക്കപ്പെടുന്ന സാഹചര്യത്തില്‍ വീഡിയോ റിവ്യൂ വളരെ നന്നായിരിക്കുമെന്നാണ് തോന്നുന്നത്.’ അദ്ദേഹം പറയുന്നു.

അതേസമയം, നേരെ വിപരീതമായ അഭിപ്രായമാണ് കേരളാ ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍ ഡേവിഡ് ജെയിംസിനുള്ളത്. ഐ.എസ്.എല്‍ റഫറിമാരില്‍ നിന്നും പ്രീമിയര്‍ ലീഗിലെ റഫറിമാരുടെ അത്ര നിലവാരം പ്രതീക്ഷിക്കരുതെന്നാണ് ഡേവിഡ് പറയുന്നത്.

‘യു.കെയില്‍ ഇപ്പോളും ഇതൊരു ഹോട്ട് ടോപ്പിക്കാണ്. നമ്മള്‍ നാലുവര്‍ഷമേ പിന്നിട്ടിട്ടുള്ളൂ. ഇത്ര നേരത്തെ റഫറിമാര്‍ പ്രീമിയര്‍ ലീഗിലെ റഫറിമാരുടെ നിലവാരത്തില്‍ തീരുമാനങ്ങളെടുക്കുമെന്ന് പ്രതീക്ഷിക്കരുത്. ‘ ഡേവിഡ് പറയുന്നു.

കോപ്പലാശാന്‍ നിര്‍ദ്ദേശിച്ച വീഡിയോ റിവ്യൂവിനോടും ഡേവിഡ് ജെയിംസിന് താല്‍പര്യമില്ല. അതേസമയം, ഗോള്‍ ലൈന്‍ ടെക്‌നോളജിയാണ് കൂടുതല്‍ ഫലപ്രദമെന്നും വീഡിയോ റിവ്യൂ കൂടുതല്‍ സമയം ആവശ്യപ്പെടുന്നതുമാണെന്നും അദ്ദേഹം പറയുന്നു.

Advertisement