സ്പോര്‍ട്സ് ഡെസ്‌ക്
സ്പോര്‍ട്സ് ഡെസ്‌ക്
ISL
‘എനിക്കിതു രണ്ടാമത്തെ കേരളം; ബ്ലാസ്‌റ്റേഴ്‌സിനൊപ്പം എങ്ങനെയായിരുന്നുവോ അതുപോലെ തന്നെ ഇവിടെയും തോന്നുന്നു’; ജംഷഡ്പൂരിലെ ആരാധകരെ കുറിച്ച് കോപ്പലാശാന്‍
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday 16th January 2018 3:45pm

മുംബൈ: ജംഷഡ്പൂര്‍ തനിക്ക് രണ്ടാമത്തെ കേരളം പോലെയാണെന്ന് ജംഷഡ്പൂര്‍ എഫ്.സി കോച്ച് സ്റ്റീവ് കോപ്പല്‍. നാളെയാണ് കേരളാ ബ്ലാസ്റ്റേഴ്‌സും ജംഷഡ്പൂര്‍ എഫ്.സിയും തമ്മിലുള്ള മത്സരം. ഇതിന് മുമ്പ് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു മുന്‍ ബ്ലാസ്‌റ്റേഴ്‌സ് കോച്ച് മനസു തുറന്നത്.

‘ എനിക്കിതു രണ്ടാമത്തെ കേരളം പോലെയാണ്. സ്‌നേഹമുള്ള ആരാധകര്‍. എല്ലാ സൗകര്യങ്ങളും നല്‍കുന്ന മാനേജുമെന്റ്. കഠിനാധ്വാനം ചെയ്യുന്ന കളിക്കാര്‍. ബ്ലാസ്‌റ്റേഴ്‌സിന്റെ ഒപ്പം എങ്ങനെയായിരുന്നുവോ അതുപോലെ തന്നെ ഇവിടെയും തോന്നുന്നു.’ മഞ്ഞപ്പടയുടെ കോപ്പലാശാന്‍ പറയുന്നു.

എന്തു ചോദിച്ചാലും ചെയ്തു തരുന്ന മാനേജുമെന്റാണ് ജംഷഡ്പൂരിലേതെന്നും അദ്ദേഹം പറയുന്നു.’ഞങ്ങളൊരു കുടുംബമാണ് ഇവിടെ. കളിക്കാര്‍ക്കു താമസിക്കാന്‍ പഞ്ച നക്ഷത്ര സൗകര്യമുള്ള ഫ്‌ളാറ്റ് ഒരുക്കിയത് എന്തുപെട്ടെന്നാണെന്നോ?’ അദ്ദേഹം പറയുന്നു.

എല്ലാം ഒരുക്കുന്ന അവര്‍ക്കായി സ്വന്തം മൈതാനത്ത് ഒരു വിജയം. നാളെ അതാണു തങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ഐ.എസ്.എല്ലില്‍ ബ്ലാസ്റ്റേഴ്‌സിനെ ഫൈനല്‍ വരെ എത്തിച്ച സ്റ്റീവ് കോപ്പലിന്റെ ജംഷഡ്പൂര്‍ എഫ്.സിയെ നേരിടാന്‍ ഒരുങ്ങുകയാണ് ബ്ലാസ്‌റ്റേഴ്‌സ്. നാളെയാണ് നിര്‍ണ്ണായകമായ മത്സരം. ഡേവിഡ് ജെയിംസിന്റെ മടങ്ങി വരവോടെ അടിമുടി മാറിയ ബ്ലാസ്‌റ്റേഴ്‌സിനെയാണ് കോപ്പാലാശാനും പിള്ളേരും നേരിടേണ്ടത്.

തുടര്‍ വിജയങ്ങള്‍ ബ്ലാസ്റ്റേഴ്‌സിന് ആത്മവിശ്വാസം നല്‍കിയെന്നും ഡേവിഡ് ജെയിംസിന്റെ മടങ്ങി വരവ് ടീമില്‍ മാറ്റങ്ങളുണ്ടാക്കിയെന്നുമാണ് കോപ്പലാശാന്‍ പറയുന്നത്. ‘ തുടര്‍ വിജയങ്ങള്‍ നല്‍കുന്ന ആത്മവിശ്വാസമാകും അവരുടെ കരുത്ത്. ഡേവിഡ് ജെയിംസ് എത്തിയതോടെ ടീമില്‍ മാറ്റങ്ങളുണ്ടായി. അന്നും ഇന്നും അധ്വാനിയായ ഇയാന്‍ ഹ്യൂം അപകടകരിയായി മാറിക്കഴിഞ്ഞു. അവരുമായി നോക്കുമ്പോള്‍ ഞങ്ങള്‍ പിന്നിലാണ്.’ കോപ്പല്‍ പറയുന്നു.

Advertisement