| Sunday, 11th May 2025, 1:22 pm

കൊറിയന്‍ സ്റ്റൈല്‍ കോസ്റ്റ്യൂമുകള്‍ കേരളത്തിലെ യുവാക്കള്‍ക്കിടയില്‍ ട്രെന്‍ഡാകുന്നതിന് മുമ്പ് ആ രണ്ട് നടന്മാര്‍ പരീക്ഷിച്ചിരുന്നു: സ്റ്റെഫി സേവ്യര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തിലെ മികച്ച കോസ്റ്റ്യൂം ഡിസൈനര്‍മാരില്‍ ഒരാളാണ് സ്‌റ്റെഫി സേവ്യര്‍. ലോര്‍ഡ് ലിവിങ്‌സ്റ്റണ്‍ 7000 കണ്ടി എന്ന ചിത്രത്തിലൂടെയാണ് സ്‌റ്റെഫി വസ്ത്രാലങ്കാര രംഗത്തേക്ക് കടന്നുവന്നത്. തുടര്‍ന്ന് ഗപ്പി, എസ്ര, ജോസഫ് തുടങ്ങിയ ചിത്രങ്ങളില്‍ വസ്ത്രാലങ്കാരം നിര്‍വഹിച്ച സ്റ്റെഫി മധുര മനോഹര മോഹം എന്ന ചിത്രത്തിലൂടെ സംവിധാനരംഗത്തും തന്റെ കയ്യൊപ്പ് ചാര്‍ത്തി. ഗപ്പിയിലൂടെ മികച്ച വസ്ത്രാലങ്കാരത്തിനുള്ള സംസ്ഥാന പുരസ്‌കാരവും സ്റ്റെഫി സ്വന്തമാക്കി.

മലയാളത്തില്‍ സ്റ്റൈലിനനുസരിച്ച് നീങ്ങുന്ന നടന്മാരെക്കുറിച്ച് സംസാരിക്കുകയാണ് സ്റ്റെഫി സേവ്യര്‍. യുവനടന്മാരില്‍ ദുല്‍ഖര്‍ സല്‍മാന്‍ ആസിഫ് അലി എന്നിവര്‍ സ്റ്റൈലുകള്‍ കൃത്യമായി ഫോളോ ചെയ്യുന്നവരാണെന്ന് സ്‌റ്റെഫി സേവ്യര്‍ പറഞ്ഞു. നിലവിലുള്ള ട്രെന്‍ഡ് എന്താണോ അത് കൃത്യമായി അവര്‍ ഫോളോ ചെയ്യുമെന്നും സ്‌റ്റെഫി കൂട്ടിച്ചേര്‍ത്തു.

കൊറിയന്‍ സ്റ്റൈല്‍ ഡ്രസിങ് കേരളത്തില്‍ ട്രെന്‍ഡാകുന്നതിന് മുമ്പ് അവര്‍ രണ്ടുപേരും കൊറിയന്‍ സ്റ്റൈല്‍ പിന്തുടര്‍ന്നിട്ടുണ്ടെന്നും സ്റ്റെഫി സേവ്യര്‍ പറയുന്നു. എല്ലാതരം ഔട്ട്ഫിറ്റുകളും അവര്‍ക്ക് ചേരുമെന്നും അതാണ് അവരുടെ പ്രത്യേകതയെന്നും സ്റ്റെഫി കൂട്ടിച്ചേര്‍ത്തു. നായികയമാരില്‍ എല്ലാതരം വസ്ത്രങ്ങളും ചേരുന്ന നടിയായി തനിക്ക് തോന്നിയിട്ടുള്ളത് മംമ്തയെയാണെന്നും സ്‌റ്റെഫി പറയുന്നു.

എന്നാല്‍ അധികം ആളുകള്‍ മംമ്തയെക്കുറിച്ച് പറയാറില്ലെന്നും എന്ത് ചെയ്താലും ചേരുന്നയാളാണ് അവരെന്നും സ്റ്റെഫി കൂട്ടിച്ചേര്‍ത്തു. സ്റ്റൈല്‍ എന്താണെന്ന് കൃത്യമായി ഫോളോ ചെയ്യുന്ന നടി ഐശ്വര്യ ലക്ഷ്മിയാണെന്നും തനിക്ക് പോലും അവര്‍ ടിപ്‌സ് തരാറുണ്ടെന്നും സ്റ്റെഫി സേവ്യര്‍ പറഞ്ഞു. പോര്‍ട്രേയല്‍സ് ബൈ ഗദ്ദാഫിയോട് സംസാരിക്കുകയായിരുന്നു സ്‌റ്റെഫി സേവ്യര്‍.

‘മലയാളസിനിമയില്‍ ഭയങ്കരമായിട്ട് കോസ്റ്റ്യൂം സെന്‍സുള്ള നടന്മാര്‍ ദുല്‍ഖര്‍ സല്‍മാനും ആസിഫ് അലിയുമാണെന്നാണ് എന്റെ അഭിപ്രായം. എല്ലാ തരം വേഷവും അവര്‍ക്ക് ചേരും. ട്രെന്‍ഡ് എന്താണോ അത് കൃത്യമായി മനസിലാക്കി അതിനനുസരിച്ചാണ് അവര്‍ കോസ്റ്റിയൂം സെലക്ട് ചെയ്യാറുള്ളത്. കേരളത്തില്‍ കൊറിയന്‍ സ്‌റ്റൈല്‍ കോസ്റ്റിയൂം ട്രെന്‍ഡിങ്ങാകുന്നതിന് മുമ്പ് അവര്‍ രണ്ടും അത് ട്രൈ ചെയ്തിരുന്നു.

നായികമാരുടെ കാര്യം നോക്കിയാല്‍ മംമ്തയുടെ പേര് പലരും പറയാറുണ്ട്. അതായത് എല്ലാ തരം വേഷവും അവര്‍ക്ക് കറക്ടായി ചേരും. അതാണ് മംമ്തയുടെ ഏറ്റവും വലിയ പ്രത്യേകത. പക്ഷേ, ട്രെന്‍ഡ് എന്താണെന്ന് കൃത്യമായി മനസിലാക്കി അതിനനുസരിച്ച് മുന്നോട്ടുപോകുന്ന നടി ഐശ്വര്യ ലക്ഷ്മിയാണ്. ചില കാര്യങ്ങളില്‍ എനിക്ക് പോലും ടിപ്‌സ് തരാറുണ്ട്,’ സ്റ്റെഫി സേവ്യര്‍ പറഞ്ഞു.

Content Highlight: Stephy Zaviour about the costume sense of Asif Ali and Dulquer Salmaan

We use cookies to give you the best possible experience. Learn more