| Sunday, 9th March 2025, 9:53 pm

പ്രഭാസിനെക്കാള്‍ മികച്ച ഇന്‍ട്രോ ബി.ജി.എമ്മാണ് ലാലേട്ടന്, 60 ചെണ്ടയൊക്കെ വെച്ച് ഒരു ഗംഭീര ഐറ്റമാണത്: സ്റ്റീഫന്‍ ദേവസ്സി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ സംഗീതഞ്ജനാണ് സ്റ്റീഫന്‍ ദേവസ്സി. കീബോര്‍ഡ് പ്രോഗ്രാമറായാണ് സ്റ്റീഫന്‍ ദേവസ്സി തന്റെ കരിയര്‍ ആരംഭിച്ചത്. ചുരുങ്ങിയ സമയത്തിനുള്ളില്‍ വലിയൊരു ഫാന്‍ബേസ് ഉണ്ടാക്കാന്‍ സ്റ്റീഫന് സാധിച്ചു. സംഗീത സംവിധായകനായും സ്റ്റീഫന്‍ തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. വിഷ്ണു മഞ്ചു നായകനാകുന്ന പാന്‍ ഇന്ത്യന്‍ ചിത്രം കണ്ണപ്പയുടെ സംഗീതം നിര്‍വഹിക്കുന്നത് സ്റ്റീഫന്‍ ദേവസ്സിയാണ്.

പ്രഭാസ്, അക്ഷയ് കുമാര്‍ എന്നിവര്‍ക്ക് പുറമെ മലയാളത്തിന്റെ സ്വന്തം മോഹന്‍ലാലും കണ്ണപ്പയില്‍ അതിഥിവേഷത്തിലെത്തുന്നുണ്ട്. ചിത്രത്തിലെ മോഹന്‍ലാലിന്റെ ഗെറ്റപ്പ് വലിയ ചര്‍ച്ചയായിരുന്നു. ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവെക്കുകയാണ് സ്റ്റീഫന്‍ ദേവസ്സി. മോഹന്‍ലാലിനായി താന്‍ ഗംഭീര ബി.ജി.എമ്മാണ് ഒരുക്കിയതെന്ന് സ്റ്റീഫന്‍ ദേവസ്സി പറഞ്ഞു.

മലയാളം ഫ്‌ളേവര്‍ കൊണ്ടുവരാന്‍ 60ലധികം ചെണ്ടകള്‍ വെച്ച് ഒരു ഗംഭീര ബി.ജി.എമ്മാണ് ഒരുക്കിയതെന്ന് സ്റ്റീഫന്‍ ദേവസ്സി കൂട്ടിച്ചേര്‍ത്തു. പ്രഭാസിന് പോലും അത്ര പവര്‍ഫുള്‍ ബി.ജി.എം ഇല്ലായിരുന്നെന്നും അത് കേട്ട ശേഷം മറ്റ് ആര്‍ട്ടിസ്റ്റുകളുടെ ബി.ജി.എമ്മില്‍ റീവര്‍ക്ക് ചെയ്യേണ്ടി വന്നെന്നും സ്റ്റീഫന്‍ ദേവസ്സി പറഞ്ഞു.

ചിത്രത്തിലെ നായകന്‍ വിഷ്ണു മഞ്ചുവാണ് തന്നോട് അത് നിര്‍ദേശിച്ചതെന്നും ബി.ജി.എം കേട്ടപ്പോള്‍ അദ്ദേഹത്തിന് വളരെ ഇഷ്ടമായെന്നും സ്റ്റീഫന്‍ ദേവസ്സി കൂട്ടിച്ചേര്‍ത്തു. പാന്‍ ഇന്ത്യന്‍ സിനിമയാണെങ്കിലും മോഹന്‍ലാലിന്റെ ഇന്‍ട്രോയ്ക്ക് ഒരു മലയാളിത്തം തോന്നുമെന്നും സ്റ്റീഫന്‍ ദേവസ്സി പറഞ്ഞു. കണ്ണപ്പയുടെ പ്രൊമോഷന്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു സ്റ്റീഫന്‍ ദേവസ്സി.

‘ലാലേട്ടന്‍ ഈ പടത്തില്‍ പവര്‍ഫുള്ളായിട്ടുള്ള ക്യാരക്ടറിനെയാണ് അവതരിപ്പിക്കുന്നത്. അദ്ദേഹത്തിന്റെ ഇന്‍ട്രോയ്ക്ക് ചെണ്ടയൊക്കെ വെച്ചിട്ടുള്ള ബി.ജി.എം കൊടുക്കാന്‍ വിഷ്ണുവാണ് എന്നോട് സജസ്റ്റ് ചെയ്തത്. അത് നന്നായിരിക്കുമെന്ന് എനിക്ക് തോന്നി. അങ്ങനെ 60 ചെണ്ടയൊക്കെ വെച്ച് ഒരു കിടിലന്‍ ബി.ജി.എം. ഒരുക്കിയിട്ടുണ്ട്.

മലയാളം ഫ്‌ളേവര്‍ കൊണ്ടുവരാനാണ് ചെണ്ട ഉപയോഗിച്ചത്. പ്രഭാസിനെപ്പോലെ ലോകോത്തര സ്റ്റാറുകള്‍ ഉണ്ടെങ്കിലും അവര്‍ക്കില്ലാത്ത കിടിലന്‍ ബി.ജി.എമ്മാണ് ലാല്‍ സാറിന് കൊടുത്തത്. അത് കേട്ടപ്പോള്‍ വിഷ്ണുവിനൊക്കെ ഇഷ്ടമായി, പിന്നീട് ബാക്കി ആര്‍ട്ടിസ്റ്റുകളുടെ ബി.ജി.എമ്മില്‍ റീവര്‍ക്ക് ചെയ്യേണ്ടി വന്നു,’ സ്റ്റീഫന്‍ ദേവസ്സി പറഞ്ഞു.

Content Highlight: Stephen Devassy about Mohanlal’s character in Kannappa movie

We use cookies to give you the best possible experience. Learn more