'പുരുഷന്മാര്‍ക്ക് നേരെയുള്ള അതിക്രമവും ശിക്ഷാര്‍ഹമാണ്' മലയാളത്തില്‍ ഇങ്ങനെയൊരു വാണിങ് ഇതാദ്യം... വ്യത്യസ്തമായി ഐ, നോബഡി
Malayalam Cinema
'പുരുഷന്മാര്‍ക്ക് നേരെയുള്ള അതിക്രമവും ശിക്ഷാര്‍ഹമാണ്' മലയാളത്തില്‍ ഇങ്ങനെയൊരു വാണിങ് ഇതാദ്യം... വ്യത്യസ്തമായി ഐ, നോബഡി
അമര്‍നാഥ് എം.
Thursday, 9th July 2026, 6:34 pm

വെറും രണ്ട് സിനിമകള്‍ കൊണ്ട് മോളിവുഡില്‍ തന്റേതായ സ്ഥാനം സ്വന്തമാക്കിയ സംവിധായകനാണ് നിസാം ബഷീര്‍. ആദ്യ സിനിമയായ കെട്ട്യോളാണ് എന്റെ മാലാഖയും രണ്ടാമത്തെ ചിത്രമായ റോഷാക്കും സിനിമാപ്രേമികളുടെ ഫേവറെറ്റ് ലിസ്റ്റില്‍ ഇടംപിടിച്ചു. നിസാമിന്റെ മൂന്നാമത്തെ ചിത്രമായ ഐ, നോബഡി തിയേറ്ററുകളിലെത്തിയിരിക്കുകയാണ്.

പൃഥ്വിരാജിനെ നായകനാക്കി ഒരുക്കിയ ചിത്രം ഒരു പ്രത്യേക ഴോണറിലൊതുക്കി നിര്‍ത്താന്‍ പറ്റാത്ത ഒന്നാണ്. ബാങ്ക് മോഷണത്തില്‍ തുടങ്ങുന്ന സിനിമ പിന്നീട് ആക്ഷന്‍, പൊളിറ്റിക്കല്‍, ഫാമിലി എലമെന്റുകളിലൂടെയാണ് മുന്നോട്ടുപോകുന്നത്. ഈ വര്‍ഷത്തെ റിലീസുകളില്‍ ടെക്‌നിക്കലി ഏറ്റവും മികച്ച സിനിമയെന്ന് ഐ, നോബഡിയെ വിശേഷിപ്പിക്കാം.

ഐ, നോബഡി Photo: Screen grab/ E 4 Entertainments

വ്യത്യസ്തമായ ട്രീറ്റ്‌മെന്റാണ് സിനിമക്ക് ഉടനീളം നല്‍കിയിരിക്കുന്നത്. ടൈറ്റില്‍ കാര്‍ഡ് മുതല്‍ ഈയൊരു വ്യത്യസ്തത കാണാന്‍ സാധിക്കും. പുകവലിക്ക് എതിരായിട്ടുള്ള മുന്നറിയിപ്പിന് ശേഷം എല്ലാ സിനിമകളിലും ഉള്ളതുപോലെ ‘സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള അതിക്രമം നിയപ്രകാരം ശിക്ഷാര്‍ഹമാണ്’ എന്ന് എഴുതിക്കാണിച്ചതിന് ശേഷം ‘പുരുഷന്മാര്‍ക്ക് നേരെയുള്ള അതിക്രമവും ശിക്ഷാര്‍ഹം’ എന്ന് അണിയറപ്രവര്‍ത്തകര്‍ എഴുതിക്കാണിക്കുന്നുണ്ട്.

മലയാളസിനിമയില്‍ ആദ്യമായിട്ടാണ് ഇത്തരമൊരു മുന്നറിയിപ്പ്. ‘സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമം മാത്രമേ തെറ്റായി തോന്നുള്ളൂ. പുരുഷന്മാര്‍ക്ക് നേരെയുള്ള അതിക്രമം തെറ്റായി തോന്നില്ലേ’ എന്നിങ്ങനെ ഒരുപാട് ചോദ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ചിലര്‍ പലപ്പോഴായി ചോദ്യമുന്നയിച്ചിട്ടുണ്ട്. എന്നാല്‍ അത്തരം ‘പുരുഷ കമ്മീഷനെ’ സുഖിപ്പിക്കാനല്ല ഐ, നോബഡിയിലെ ഈ മുന്നറിയിപ്പ്.

സാധാരണക്കാരിലൊരാളായ രാജീവന്‍ എന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണ് ഈ സിനിമയിലെ നായകന്‍. ഒരുദിവസം വളരെ യാദൃശ്ചികമായി ഒരു ബാങ്ക് കൊള്ളയുടെ ഭാഗമാകേണ്ടി വരുന്നതോടെ രാജീവന്റെ ജീവിതം മാറിമറിയുകയാണ്. ആ പ്രശ്‌നത്തെ നായകന്‍ തരണം ചെയ്യുന്നതാണ് സിനിമയുടെ കഥ. അതിഗംഭീരമായ ആക്ഷന്‍ സീനുകളും ചിത്രത്തിന്റെ ഹൈലൈറ്റാണ്.

പുരുഷന്മാര്‍ക്ക് നേരെയുള്ള അതിക്രമം ശിക്ഷാര്‍ഹമാണെന്ന് പറഞ്ഞുവെക്കുന്നതിനപ്പുറം ശക്തമായ ചില രാഷ്ട്രീയവും ചിത്രം സംസാരിക്കുന്നുണ്ട്. ലൈംഗികാതിക്രമക്കേസില്‍ പ്രതിയായ മുന്‍ എം.എല്‍.എയും കോണ്‍ഗ്രസ് നേതാവുമായ രാഹുല്‍ മാങ്കൂട്ടത്തിലിനെ കളിയാക്കുന്ന സീനിന് ഗംഭീര റെസ്‌പോണ്‍സായിരുന്നു ലഭിച്ചത്. മാധ്യമവിചാരണകളെയും ചിത്രം പച്ചക്ക് വിമര്‍ശിക്കുന്നുണ്ട്.

Content Highlight:  Statutory Warning in I, Nobody movie discussing in social media

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം