| Sunday, 19th October 2025, 9:39 am

പി.എം ശ്രീയില്‍ ചേരും, അര്‍ഹതപ്പെട്ട പണം വാങ്ങും; നിയമപരമല്ലാത്ത ആവശ്യങ്ങള്‍ നടപ്പിലാക്കില്ല: വിദ്യാഭ്യാസമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിന്റെ വിദ്യാഭ്യാസ പദ്ധതിയായ പി.എം ശ്രീ പദ്ധതിയില്‍ ചേരാന്‍ തീരുമാനിച്ച് സംസ്ഥാന സര്‍ക്കാര്‍. സി.പി.ഐയുടെ എതിര്‍പ്പിനെ തള്ളിയാണ് സര്‍ക്കാരിന്റെ തീരുമാനം. പദ്ധതിയില്‍ ഒപ്പിടാനുള്ള സമ്മതം സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തെ അറിയിച്ചു.

ഇതിലൂടെ കഴിഞ്ഞ രണ്ട് വര്‍ഷമായി ‘സമഗ്ര ശിക്ഷാ കേരള’യ്ക്ക് കേന്ദ്രസര്‍ക്കാര്‍ തടഞ്ഞുവെച്ച 1200 കോടി രൂപ നേടിയെടുക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. മുഖ്യമന്ത്രിയുടെ സമ്മതത്തോടെയാണ് വിദ്യാഭ്യാസ വകുപ്പിന്റെ നീക്കം.

‘അര്‍ഹതപ്പെട്ട തുകയാണല്ലോ. നമ്മള്‍ എന്തിന് മാറി നില്‍ക്കണം, കേന്ദ്രസര്‍ക്കാര്‍ നിയമപരമല്ലാത്ത കാര്യങ്ങള്‍ പറഞ്ഞാല്‍ അത് നടപ്പിലാക്കില്ല. ഫണ്ട് വാങ്ങി ചെലവഴിക്കാന്‍ തന്നെയാണ് തീരുമാനം,’ സംസ്ഥാന പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി മാധ്യമങ്ങളോട് പറഞ്ഞു.

പി.എം ശ്രീയില്‍ ചേരാനുള്ള സര്‍ക്കാര്‍ തീരുമാനത്തില്‍ മുന്നണിക്കുള്ളില്‍ വിയോജിപ്പ് അറിയിക്കുമെന്ന് സി.പി.ഐ സംസ്ഥാന ജനറല്‍ സെക്രട്ടറി ബിനോയ് വിശ്വം അറിയിച്ചു.

വിദ്യാഭ്യാസ നയത്തില്‍ കേന്ദ്രം നിലപാട് മാറ്റിയിട്ടില്ലെന്നും ഇടത് സര്‍ക്കാര്‍ ഇതിനെ എതിര്‍ക്കുകയാണ് വേണ്ടതെന്നും ബിനോയ് വിശ്വം ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.

കേന്ദ്രത്തിന്റെ ഈ പദ്ധതിയില്‍ ഒപ്പുവെച്ചാല്‍ സംസ്ഥാനത്ത് ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കേണ്ടി വരുമെന്ന് ചൂണ്ടിക്കാട്ടിയാണ് സി.പി.ഐ ആദ്യഘട്ടം മുതല്‍ക്കേ പി.എം ശ്രീയെ എതിര്‍ക്കുന്നത്. നയപരമായി വേണ്ടെന്ന് തീരുമാനിച്ച ഒരു കാര്യം പിന്നെ പരിഗണിക്കേണ്ടതുണ്ടോ എന്ന് സി.പി.ഐ നേരത്തെ ചോദിച്ചിരുന്നു.

2022ലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പി.എം ശ്രീ പ്രഖ്യാപിച്ചത്.
14,500 സ്‌കൂളുകളുടെ നവീകരണം ലക്ഷ്യമിട്ടാണ് പദ്ധതി അവതരിപ്പിച്ചത്. നവീകരണത്തിന്റെ ഭാഗമായി സ്‌കൂളുകളില്‍ സ്മാര്‍ട്ട് ക്ലാസ് മുറികള്‍, അത്യാധുനിക ലാബ്, ലൈബ്രറി എന്നിവ പൂര്‍ത്തീകരിക്കാന്‍ കേന്ദ്രം ഫണ്ട് അനുവദിക്കും.

തുടക്കത്തില്‍ പി.എം ശ്രീയില്‍ ചേരാന്‍ കേരളം, തമിഴ്‌നാട്, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങള്‍ വിസമ്മതിച്ചിരുന്നു. എന്നാല്‍ ഇതിന് പ്രതികാരമെന്നോണം സംസ്ഥാനങ്ങള്‍ക്ക് നല്‍കാനുള്ള സമഗ്രശിക്ഷ പദ്ധതി ഫണ്ട് അനുവദിക്കില്ലെന്നാണ് കേന്ദ്രം അറിയിച്ചത്.

Content Highlight: State government decides to join PM Shri scheme

We use cookies to give you the best possible experience. Learn more