ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം റദ്ദാക്കാന്‍ ഭരണഘടനാ ഭേദഗതി കൊണ്ടുവരും: സ്റ്റാലിന്‍
India
ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം റദ്ദാക്കാന്‍ ഭരണഘടനാ ഭേദഗതി കൊണ്ടുവരും: സ്റ്റാലിന്‍
രാഗേന്ദു. പി.ആര്‍
Tuesday, 20th January 2026, 9:20 pm

ചെന്നൈ: വര്‍ഷാരംഭത്തില്‍ ഗവര്‍ണര്‍ സംസ്ഥാന നിയമസഭയെ അഭിസംബോധന ചെയ്യണമെന്ന വ്യവസ്ഥ നീക്കം ചെയ്യാന്‍ ഭരണഘടനാ ഭേദഗതിക്ക് ശ്രമിക്കുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍. നിയമസഭയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നയപ്രഖ്യാപന പ്രസംഗം വായിക്കാതെ നിയമസഭയില്‍ നിന്നും ഗവര്‍ണര്‍ ആര്‍.എന്‍. രവി ഇറങ്ങിപോയതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ പരാമര്‍ശം. സംസ്ഥാന സര്‍ക്കാര്‍ തയ്യാറാക്കുന്ന പ്രസംഗം എല്ലാ വര്‍ഷവും ഒരു ഗവര്‍ണര്‍ നിരസിക്കുന്നത് ശരിയല്ലെന്നും സ്റ്റാലിന്‍ പറഞ്ഞു.

ബി.ജെ.പി അധികാരത്തിലുള്ള സംസ്ഥാനങ്ങളില്‍ പോലും സമാനമായ പ്രശ്‌നമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഒരു വ്യവസ്ഥ ആവര്‍ത്തിച്ച് ലംഘിക്കപ്പെടുകയാണെങ്കില്‍ അതിന്റെ പ്രസക്തി എന്താണെന്നും സ്റ്റാലിന്‍ ചോദിച്ചു.

ഇത്തരത്തില്‍ ലംഘിക്കപ്പെടുന്ന നിയമത്തിന്റെ ഭരണഘടനയിലെ സ്ഥാനം പുനഃപരിശോധിക്കേണ്ട സമയമാണിതെന്നും സ്റ്റാലിന്‍ പറഞ്ഞു. വര്‍ഷാരംഭത്തിലുള്ള ഗവര്‍ണറുടെ പ്രസംഗം റദ്ദ് ചെയ്യാന്‍ താത്പര്യപ്പെടുന്ന പാര്‍ട്ടികളുടെ പിന്തുണ തേടുമെന്നും സ്റ്റാലിന്‍ പറഞ്ഞു.

ഇതാദ്യമായല്ല സംസ്ഥാന സര്‍ക്കാരിന്റെ നയപ്രഖ്യാപനത്തില്‍ നിന്നും തമിഴ്‌നാട് ഗവര്‍ണര്‍ ഇറങ്ങിപോകുന്നത്. 2021ല്‍ അധികാരമേറ്റ ഗവര്‍ണര്‍ ഇത് നാലാം തവണയാണ് സഭ വിട്ടിറങ്ങുന്നത്.

ആര്‍.എന്‍. രവി

ഇത്തവണ നയപ്രഖ്യാപനത്തിന് തൊട്ടുമുമ്പ് ദേശീയഗാനം ആലപിക്കാതെ തമിഴ് തായ് വാഴ്ത്ത് ആരംഭിച്ചതില്‍ പ്രതിഷേധിച്ചാണ് ഗവര്‍ണര്‍ ഇറങ്ങിപ്പോയതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ സമയം ഗവര്‍ണറുടെ മൈക്ക് ഓഫ് ചെയ്തിരുന്നുവെന്നും ദേശീയ ഗാനം ആലപിക്കാതെ ഒരിക്കല്‍ക്കൂടി അപമാനിച്ചുവെന്നുമാണ് ലോക്ഭവന്റെ ആരോപണം.

തമിഴ്നാട് സര്‍ക്കാരിന്റെ നടപടി തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും നിയമസഭയില്‍ സംസാരിക്കാന്‍ അനുവദിച്ചതേയില്ലെന്നും ആരോപണമുണ്ട്.

നയപ്രഖ്യാപന പ്രസംഗത്തിലെ ചില ഭാഗങ്ങളോട് വിയോജിപ്പുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് 2024ലെ ആദ്യ നിയമസഭാ സമ്മേളനത്തില്‍ നിന്നും ആര്‍.എന്‍. രവി ഇറങ്ങിപ്പോയത്.

പ്രസംഗത്തിലെ ഏതാനും ഭാഗങ്ങള്‍ വസ്തുതാ വിരുദ്ധവും ധാര്‍മികതയ്ക്ക് നിരക്കാത്തതാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു. സമാനമായ കാരണം ആരോപിച്ച് അന്നത്തെ കേരള ഗവര്‍ണര്‍ ആയിരുന്ന ആരിഫ് മുഹമ്മദ് ഖാനും സഭ വിട്ടിരുന്നു.

Content Highlight: Stalin says he will bring a constitutional amendment to cancel the governor’s policy speech

രാഗേന്ദു. പി.ആര്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍, കേരള സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.