ലോക്‌സഭാ സീറ്റുകളുടെ പുനര്‍നിര്‍ണയം; ജയലളിതയുണ്ടായിരുന്നെങ്കില്‍ എതിര്‍ത്തേനെ, മമ്മിക്ക് ശേഷം പളനിസ്വാമി അവരുടെ ഡമ്മി:സ്റ്റാലിന്‍
India
ലോക്‌സഭാ സീറ്റുകളുടെ പുനര്‍നിര്‍ണയം; ജയലളിതയുണ്ടായിരുന്നെങ്കില്‍ എതിര്‍ത്തേനെ, മമ്മിക്ക് ശേഷം പളനിസ്വാമി അവരുടെ ഡമ്മി:സ്റ്റാലിന്‍
അശ്വിന്‍ രാജേന്ദ്രന്‍
Tuesday, 14th April 2026, 10:41 am

ചെന്നൈ: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിയും എ.ഐ.എ.ഡി.എം.കെയുടെ ജനറല്‍ സെക്രട്ടറിയുമായിരുന്ന ജയലളിത ഇന്ന് ജീവനോടെ ഉണ്ടായിരുന്നെങ്കില്‍ ലോക്‌സഭാ സീറ്റുകളുടെ പുനര്‍നിര്‍ണയത്തെ എതിര്‍ത്തേനെയെന്ന് തമിഴ്‌നാട് മുഖ്യമന്ത്രിയും ഡി.എം.കെ പ്രസിഡന്റുമായ എം.കെ.സ്റ്റാലിന്‍. റാണിപേട്ടില്‍ നടത്തിയ തെരഞ്ഞെടുപ്പ് റാലിക്കിടെയാണ് സ്റ്റാലിന്റെ പരാമര്‍ശം.

എടപ്പാടി.കെ. പളനിസ്വാമി. Photo: TOI

തമിഴ്‌നാട്ടില്‍ ഏപ്രില്‍ 23ന് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ പ്രതിപക്ഷനേതാവും എ.ഐ.ഡി.എം.കെ ജനറല്‍ സെക്രട്ടറിയുമായ എടപ്പാടി.കെ. പളനിസ്വാമിയെ ലക്ഷ്യമിട്ടാണ് സ്റ്റാലിന്റെ പ്രതികരണം. പളനിസ്വാമി ബി.ജെ.പിയുടെ അനുസരണയുള്ള നേതാവാണെന്നും ജയലളിത നീറ്റിനെയും ജി.എസ്.ടിയെയും എതിര്‍ത്തിരുന്നുവെന്നും ചൂണ്ടിക്കാട്ടിയായിരുന്നു വിമര്‍ശനം.

‘ബി.ജെ.പി. ഭരിക്കുന്ന കേന്ദ്രത്തിന്റെ തമിഴ്‌നാട് വിരുദ്ധ നടപടികള്‍ക്കെതിരെ പളനിസ്വാമി ഒരിക്കലും ശബ്ദമുയര്‍ത്തിയിട്ടില്ല. മമ്മിയുടെ (ജയലളിത) മരണത്തിന് ശേഷം പളനിസ്വാമി എ.ഐ.ഡി.എം.കെയുടെ ഡമ്മിയായി മാറിയിരിക്കുകയാണ്,’സ്റ്റാലിന്‍ പറഞ്ഞു.

ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നതിനിടയില്‍ ലോക്‌സഭാ പുനര്‍നിണയവും വനിതാ സംവരണ ബില്ലും ചര്‍ച്ച ചെയ്യാനായി തിരക്കിട്ട് പാര്‍ലമെന്റ് സമ്മേളനം വിളിച്ചു ചേര്‍ക്കുന്നതിന്റെ ആവശ്യകതയെയും അദ്ദേഹം ചോദ്യം ചെയ്തു.

ലോക്‌സഭയില്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ പ്രാതിനിധ്യം ദുര്‍ബലമാക്കുന്ന തരത്തില്‍ പുനര്‍നിര്‍ണയം നടത്താനുള്ള നീക്കമാണിതെന്നും സ്റ്റാലിന്‍ ആരോപിച്ചു. നിലവില്‍ തമിഴ്‌നാടിനെക്കാള്‍ 41 ലോക്‌സഭാ മണ്ഡലങ്ങള്‍ അധികമുള്ള ഉത്തര്‍പ്രദേശില്‍ പുനര്‍നിര്‍ണയം നടപ്പിലാക്കിയാല്‍ ഇത് 61 ആയി വര്‍ധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലോക്‌സഭ. Photo: Manorama Yearbook

‘ഇന്ത്യയിലുടനീളം ഗ്യാസ് ക്ഷാമത്താല്‍ ഹോട്ടലുകളും റെസ്‌റ്റോറന്റുകളും അടച്ചിടുന്ന സമയത്ത് അത്തരം വിഷയങ്ങളില്‍ നടപടിയെടുക്കുന്നതിന് പകരം പുനര്‍നിര്‍ണയവുമായി മുന്നോട്ട് പോകുന്നത് തെരഞ്ഞെടുപ്പ് സമയത്ത് ജനങ്ങളുടെ ശ്രദ്ധ തിരിക്കാനാണ്. രാജ്യത്തിന്റെ പോളിസികളെ വലിയ രീതിയില്‍ മാറ്റി മറിച്ചേക്കാവുന്ന ഭരണഘടനാ ഭേദഗതിയാണിത്,’ സ്റ്റാലിന്‍ പറഞ്ഞു.

Content Highlight: Stalin criticize Edapady K palaniswamy by mentioning J Jayalalitha

അശ്വിന്‍ രാജേന്ദ്രന്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.