| Friday, 10th April 2026, 9:12 pm

ഗള്‍ഫിലെ എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകള്‍ റദ്ദാക്കും; മാര്‍ക്കിന് പകരം സംവിധാനം

അനിത സി

തിരുവനന്തപുരം: യുദ്ധ സാഹചര്യത്തില്‍ മാറ്റിവെച്ച ഗള്‍ഫിലെ എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകള്‍ റദ്ദാക്കും. പ്ലസ് വണ്‍ അഡ്മിഷന്‍ സമയം കണക്കിലെടുക്കുമ്പോള്‍ ഇനി കൃത്യ സമയത്ത് എസ്.എസ്.എല്‍.സി പരീക്ഷ നടത്താനാകില്ലെന്ന് വിലയിരുത്തിയതോടെയാണ് പരീക്ഷകള്‍ റദ്ദാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

പരീക്ഷയ്ക്ക് പകരം സംവിധാനം കൊണ്ടുവരാനും തീരുമാനമായി. എസ്.എസ്.എല്‍.സി വിദ്യാര്‍ത്ഥികള്‍ക്ക് മുന്‍ പരീക്ഷകളിലെ ശരാശരി മാര്‍ക്ക് പരിഗണിക്കാനാണ് തീരുമാനം. എസ്.എസ്.എല്‍.സിക്കാര്‍ക്ക് ഓണം, ക്രിസ്മസ് പരീക്ഷയുടെ ശരാശരി മാര്‍ക്ക് പരിഗണിച്ച് സര്‍ട്ടിഫിക്കറ്റ് അനുവദിക്കും.

പ്ലസ്ടു വിദ്യാര്‍ത്ഥികളുടെ മാര്‍ക്കിന് പ്ലസ് വണ്‍ മാര്‍ക്ക് പരിഗണിക്കാനും തീരുമാനമായി. പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്ക് ബോണസ് മാര്‍ക്ക് നല്‍കിയായിരിക്കും സര്‍ട്ടിഫിക്കറ്റ് നല്‍കുക.

വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്ന് ഗള്‍ഫിലെ പരീക്ഷകള്‍ നടത്താനുള്ള മാര്‍ഗങ്ങള്‍ തേടിയിരുന്നു.

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിയോടെ പരീക്ഷകള്‍ നടത്താനായിരുന്നു നീക്കം. എന്നാല്‍, സമയ ബന്ധിതമായി പരീക്ഷകള്‍ പൂര്‍ത്തിയാക്കാനാകില്ലെന്ന് കണ്ടെത്തിയതോടെയാണ് മുന്‍പരീക്ഷകള്‍ പരിഗണിച്ച് സര്‍ട്ടിഫിക്കറ്റ് അനുവദിക്കാന്‍ തീരുമാനമായത്.

ഫെബ്രുവരി 28ന് ഇറാനെതിരെ യു.എസും ഇസ്രഈലും സംയുക്താക്രമണം ആരംഭിച്ചതോടെയാണ് ഇറാന്‍ യു.എസ് താവളങ്ങള്‍ നില്‍ക്കുന്ന ഗള്‍ഫ് രാജ്യങ്ങള്‍ക്ക് മേല്‍ പ്രത്യാക്രമണം ആരംഭിച്ചത്. പ്രവാസികളുള്‍പ്പടെയുള്ള ഗള്‍ഫ് ലോകം ഇതോടെ പ്രതിസന്ധിയിലായി.

ഗള്‍ഫിലെ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകള്‍ മാറ്റിവെയ്ക്കാന്‍ സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് മാര്‍ച്ച് രണ്ടിന് തീരുമാനിച്ചിരുന്നു. മാര്‍ച്ച് അഞ്ചിന് എസ്.എസ്.എല്‍.സി പരീക്ഷ ആരംഭിക്കാനിരിക്കെയായിരുന്നു തീരുമാനം.

പുതുക്കിയ പരീക്ഷാ തീയതികള്‍ പിന്നീട് തീരുമാനിക്കാമെന്നായിരുന്നു വിദ്യാഭ്യാസ വകുപ്പിന്റെ നീക്കമെങ്കിലും സംഘര്‍ഷം അനിശ്ചിതമായി നീണ്ടതോടെ പരീക്ഷകള്‍ ഒടുവില്‍ റദ്ദാക്കിയിരിക്കുകയാണ്.

Content Highlight: SSLC, Plus Two exams in Gulf to be cancelled; system to replace marks

അനിത സി

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more