തമിഴില്‍ ഈ വര്‍ഷത്തെ സര്‍പ്രൈസ് ഹിറ്റായി മാറിയിരിക്കുകയാണ് ടൂറിസ്റ്റ് ഫാമിലി. ശശികുമാര്‍, സിമ്രന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളായെത്തിയ ചിത്രം നിരൂപക പ്രശംസകള്‍ക്കൊപ്പം ബോക്‌സ് ഓഫീസിലും മികച്ച പ്രകടനമാണ് ടൂറിസ്റ്റ് ഫാമിലി നടത്തുന്നത്. വന്‍ ഹൈപ്പിലെത്തിയ സൂര്യയുടെ റെട്രോയെക്കാള്‍ കളക്ഷന്‍ തമിഴ്‌നാട്ടില്‍ നിന്ന് ടൂറിസ്റ്റ് ഫാമിലി സ്വന്തമാക്കി.
ഇപ്പോഴിതാ ചിത്രത്തെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ് എസ്.എസ്. രാജമൗലി. ഹൃദയം തൊട്ട സിനിമയാണ് ടൂറിസ്റ്റ് ഫാമിലിയെന്നും താന്‍ ഒരുപാട് ആസ്വദിച്ച് കണ്ടെന്നും രാജമൗലി പറഞ്ഞു. മനസ് നിറഞ്ഞ് ചിരിക്കാന്‍ കഴിയുന്ന ഒരുപാട് തമാശകള്‍ സിനിമയിലുണ്ടെന്നും അതോടൊപ്പം ഉള്ളില്‍ തട്ടുന്ന തരത്തില്‍ നല്ലൊരു കഥയുണ്ടെന്നും അദ്ദേഹം തന്റെ പോസ്റ്റില്‍ കുറിച്ചു.
കഴിഞ്ഞ കുറച്ച് വര്‍ഷങ്ങള്‍ക്കിടയില്‍ താന്‍ കണ്ട ഏറ്റവും മികച്ച സിനിമയാണ് ഇതെന്നും സംവിധായകന്‍ അബിഷന്‍ ജീവിന്ത് അതിമനോഹരമായി ഈ സിനിമ ഒരുക്കിയെന്നും രാജമൗലി പറയുന്നു. ആദ്യാവസാനം തന്നെ പിടിച്ചിരുത്തിയ സിനിമയാണ് ഇതെന്നും ആരും മിസ്സാക്കരുതെന്നും പറഞ്ഞുകൊണ്ടാണ് രാജമൗലി തന്റെ പോസ്റ്റ് അവസാനിപ്പിച്ചത്.
‘ഈയടുത്ത് ഒരു മനോഹരമായ സിനിമ ഞാന്‍ കണ്ടു. ടൂറിസ്റ്റ് ഫാമിലി എന്ന സിനിമ എന്റെ മനസ് നിറച്ച ഒന്നായി മാറി. ആസ്വദിച്ച് ചിരിച്ച ഒരുപാട് തമാശകളും മികച്ച ഒരു കഥയുമാണ് ചിത്രത്തിന്റേത്. സംവിധായകന്‍ അബിഷന്‍ ജീവിന്ത് അതിമനോഹരമായി ഈ സിനിമ ഒരുക്കിയിട്ടുണ്ട്. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങള്‍ക്കിടയില്‍ കണ്ട ഏറ്റവും മികച്ച സിനിമയെന്ന് ഇതിനെ പറയാം. ആരും മിസ്സാക്കരുത്’ രാജമൗലി തന്റെ പോസ്റ്റില്‍ കുറിച്ചു.
ശശികുമാറിനും സിമ്രനും പുറമെ യോഗി ബാബുവും ചിത്രത്തില്‍ പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. ആവേശത്തിലൂടെ ശ്രദ്ധേയനായ മിഥുന്‍ ജയ് ശങ്കറും ചിത്രത്തില്‍ മികച്ചൊരു കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട് ആദ്യ തമിഴ് ചിത്രത്തിലൂടെ തന്നെ മികച്ച പ്രശംസ നേടാന്‍ മിഥുന് സാധിച്ചിട്ടുണ്ട്. ശ്രീജ രവി, ഇളങ്കോ കുമരവേല്‍, രമേശ് തിലക്, കമലേഷ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.
ശ്രീലങ്കയില്‍ നിന്ന് അനധികൃതമായി തമിഴ്‌നാട്ടിലേക്കെത്തിയ ഒരു കുടുംബത്തിന്റെയും അവര്‍ ഇന്ത്യയില്‍ നേരിടേണ്ടി വരുന്ന പ്രശ്‌നങ്ങളുമാണ് ടൂറിസ്റ്റ് ഫാമിലി പറയുന്നത്. വന്‍ ഹൈപ്പിലെത്തിയ സൂര്യ ചിത്രം റെട്രോയെ മറികടന്ന് തമിഴ്‌നാട് കളക്ഷനില്‍ മുന്നിലെത്താന്‍ ടൂറിസ്റ്റ് ഫാമിലിക്ക് സാധിച്ചു. ബോക്‌സ് ഓഫീസില്‍ നിന്ന് ഇതിനോടകം 75 കോടിയോളം ചിത്രം സ്വന്തമാക്കിക്കഴിഞ്ഞു.
Content Highlight: SS Rajamouli praises Tourist Family movie