| Monday, 3rd March 2025, 10:07 am

ആ കുഞ്ഞ് എന്നെ ചുറ്റിപ്പിടിച്ചു നിര്‍ത്താതെ കരഞ്ഞതോടെ ഷോക്കായി; പിന്നീട് അവളെന്നോട് മിണ്ടിയിട്ടേയില്ല: ശ്രുതി ജയന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കുറഞ്ഞ സിനിമകളിലൂടെ മലയാളികള്‍ക്ക് പരിചിതയായ നടിയാണ് ശ്രുതി ജയന്‍. ലിജോ ജോസ് പെല്ലിശ്ശേരിയുടെ അങ്കമാലി ഡയറീസ് (2017) ആയിരുന്നു നടിയുടെ ആദ്യ ചിത്രം. അതിന് ശേഷം പൈപ്പിന്‍ ചുവട്ടിലെ പ്രണയം, ജൂണ്‍ ഉള്‍പ്പെടെയുള്ള മികച്ച സിനിമകളുടെ ഭാഗമാകാന്‍ ശ്രുതിക്ക് സാധിച്ചിരുന്നു.

ഈ വര്‍ഷം ഇറങ്ങിയ അം അഃ എന്ന സിനിമയിലും നടി അഭിനയിച്ചിരുന്നു. കവിപ്രസാദ് ഗോപിനാഥിന്റെ തിരക്കഥയില്‍ തോമസ് സെബാസ്റ്റ്യന്‍ സംവിധാനം ചെയ്ത ചിത്രമായിരുന്നു അത്. ഈ സിനിമയില്‍ ഒരു സറോഗസി മദറായിട്ടാണ് അഭിനയിച്ചിരിക്കുന്നത്. ഇപ്പോള്‍ നാന സിനിമാവാരികക്ക് നല്‍കിയ അഭിമുഖത്തില്‍ അം അഃ സിനിമയെ കുറിച്ച് പറയുകയാണ് ശ്രുതി ജയന്‍.

‘ഇന്നത്തെക്കാലത്ത് സ്ത്രീകള്‍ക്ക് വേണ്ടി കഥകള്‍ എഴുതപ്പെടുന്നത് തന്നെ കുറവാണ്. അപ്പോഴാണ് അമ്മമാര്‍ക്ക് വേണ്ടി എഴുതപ്പെട്ട അം അഃ. ഒരുപാട് ലെയേഴ്‌സെല്ലാമുള്ള ഒരു കഥാപാത്രമാണ് ജിന്‍സി. ഒരുപാട് ചിന്തിച്ചാണ് എന്നിലേക്ക് ആ കഥാപാത്രം എത്തുന്നതെന്ന് അവര്‍ പറഞ്ഞിരുന്നു. അത്ര എളുപ്പമായിരുന്നില്ല ജിന്‍സിയെ ചെയ്തുവയ്ക്കാന്‍. പക്ഷേ എനിക്ക് എന്തോ ഭാഗ്യം കൊണ്ട് നന്നായി ചെയ്യാന്‍ കഴിഞ്ഞു.

ചില കഥാപാത്രങ്ങള്‍ ചെയ്തുകഴിഞ്ഞാല്‍ ഇത് സംസാരിക്കപ്പെടുമെന്ന് നമുക്ക് തന്നെ ഒരു ആത്മവിശ്വാസം ഉണ്ടാവുമല്ലോ. അങ്ങനെതന്നെ സംഭവിച്ചു. ജിന്‍സിയൊരു സറോഗസി മദറാണ്. റിയല്‍ പേരന്റ്‌സ് ജിന്‍സിയെ ചതിക്കുകയും പിന്നീട് ഒരു ഇമോഷനുമില്ലാതെ ആ കുഞ്ഞിനെ വളര്‍ത്തേണ്ടി വരുന്ന ഒരു അമ്മയാണ് ജിന്‍സി. എന്നെ ആഴത്തില്‍ സ്പര്‍ശിച്ച ഒരു വേഷമാണ് ജിന്‍സിയുടേത്.

എന്റെ കഥാപാത്രത്തെക്കുറിച്ച് ഞാന്‍ എഴുതിവയ്ക്കാറുണ്ട്. പിന്നെ കോസ്റ്റ്യൂമിലേക്ക് കയറുമ്പോള്‍ തന്നെ പകുതി ഞാന്‍ ആ കഥാപാത്രമാവും. ഇതിന്റെ പ്രൊമോഷന്റെ ഭാഗമായി നടത്തിയ ഒരു പ്രോഗ്രാമില്‍ സിനിമയിലെ കോസ്റ്റ്യൂമില്‍ വരേണ്ടി വന്നപ്പോള്‍ എനിക്ക് ചിരിക്കാന്‍ കഴിയില്ലായിരുന്നു. അത്രമാത്രം ജിന്‍സി എന്നില്‍ ആഴത്തില്‍ ഉണ്ടായിരുന്നു.

സറോഗസി മദര്‍ ആയതുകൊണ്ടുതന്നെ ആ കുഞ്ഞിനോട് യാതൊരുവിധ കമ്മിറ്റ്‌മെന്റ്‌സുമില്ല. അവള്‍ക്കുമില്ല. ചില സാഹചര്യങ്ങള്‍ കൊണ്ട് അവളെ ഉപേക്ഷിക്കേണ്ടി വരുന്നുണ്ട്. പക്ഷേ ആ സീനില്‍ ആ കുഞ്ഞ് എന്നെ ചുറ്റിപ്പിടിച്ചു നിര്‍ത്താതെ കരഞ്ഞുതുടങ്ങി.

സത്യം പറഞ്ഞാല്‍ അത് സീനില്‍ ഇല്ലാത്തതായിരുന്നു. എനിക്കും അത് വല്ലാത്തൊരു ഷോക്കായി പോയിരുന്നു. ചിലപ്പോള്‍ അവള്‍ വല്ലാതെ പേടിച്ചുപോയോ എന്നൊന്നും അറിയില്ല. അത് ഒരു മനുഷ്യന്‍ എന്ന നിലയില്‍ എന്നെ വല്ലാതെ ബാധിച്ചിരുന്നു. ആ കുഞ്ഞ് പിന്നീടും എന്നോട് ഒന്നും അങ്ങനെ മിണ്ടിയിട്ടേയില്ല,’ ശ്രുതി ജയന്‍ പറഞ്ഞു.

Content Highlight: Sruthy Jayan Talks About Am Ah Movie

We use cookies to give you the best possible experience. Learn more