മലയാള സിനിമയിലെ ശ്രദ്ധേയ നടിമാരിൽ ഒരാളാണ് ശ്രുതി മേനോൻ. സഞ്ചാരം, മുല്ല, കഥ തുടരുന്നു, കിസ്മത്ത് , സ്പാ തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ താരം, വ്യത്യസ്തവും സാമൂഹിക പ്രസക്തിയുള്ളതുമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചാണ് പ്രേക്ഷക ശ്രദ്ധ നേടിയത്. കിസ്മത്തിലെ അനിത എന്ന കഥാപാത്രത്തിലൂടെ മികച്ച നടിക്കുള്ള ഫിലിംഫെയർ ക്രിട്ടിക്സ് പുരസ്‌കാരം സ്വന്തമാക്കിയ ശ്രുതി, മികച്ച നടിക്കുള്ള ഫിലിംഫെയർ പുരസ്‌കാര നാമനിർദേശവും നേടിയിരുന്നു. ഏറ്റവും പുതിയ ചിത്രമായ ‘ഉയിർ’ന്റെ പ്രമോഷന്റെ ഭാഗമായി ‘കിസ്മത്തി’ലെ അനിത എന്ന കഥാപാത്രത്തെയും ആ സിനിമയുമായുള്ള തന്റെ വൈകാരിക ബന്ധത്തെയും കുറിച്ച് പറയുകയാണ് ശ്രുതി. ചോയ്സ് നെറ്റ്‌വർക്ക് എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടി.
ശ്രുതി മേനോൻ.photo.screen grab/youtube/Choice Network
‘ആളുകൾ റിജക്ട് ചെയ്യുന്ന കഥാപാത്രങ്ങൾ ചെയ്യാൻ എനിക്ക് എപ്പോഴും ഇഷ്ടമാണ്. അങ്ങനെ നോക്കുകയാണെങ്കിൽ ‘കിസ്മത്തി’ലെ അനിത എന്ന കഥാപാത്രം എനിക്ക് വളരെ ക്ലോസായിട്ടുള്ള കഥാപാത്രമാണ്. അത് ശരിക്കും ഒരു യാത്രയായിരുന്നു. ഇന്നും ‘കിസ്മത്തി’നെയും അനിതയെയും കുറിച്ച് ആളുകൾ എനിക്ക് മെസേജുകൾ അയക്കാറുണ്ട്.
അനിത എന്ന കഥാപാത്രം നമ്മുടെ സമൂഹത്തിലെ ജാതി വിവേചനവും സാമൂഹിക വിവേചനങ്ങളുമായി വളരെ അടുത്ത് ബന്ധപ്പെട്ടിരിക്കുന്ന കഥാപാത്രമാണ്. സംവിധായകൻ എന്നോട് അനിതയെക്കുറിച്ച് സംസാരിക്കുമ്പോൾ, പല നടിമാരും പല വ്യക്തിപരമായ കാരണങ്ങൾ പറഞ്ഞ് ആ കഥാപാത്രം റിജക്ട് ചെയ്തതായി പറഞ്ഞിരുന്നു. അത് കേട്ടപ്പോൾ എനിക്ക് ആ കഥാപാത്രത്തോട് കൂടുതൽ താൽപര്യം തോന്നി. അനിത എന്ന കഥാപാത്രം വെളിച്ചത്തേക്ക് വരണമെന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു.
ആ കഥാപാത്രം ചെയ്തതിന് ശേഷം എനിക്ക് ഒരുപാട് ട്രോളുകളും വന്നിരുന്നു. ‘ഒരു മേനോൻ ആയിട്ട് എന്തിനാണ് ഇങ്ങനെയൊരു കഥാപാത്രം ചെയ്തത്’ എന്നൊക്കെയായിരുന്നു ചിലരുടെ ചോദ്യം. പക്ഷേ എന്റെ പേര് എന്നത് ഒരു പേര് മാത്രമാണ്. ആ വിഷയം വേറെ തന്നെ ഒരു കോൺവെർസേഷൻ ആണ്. ആ കഥാപാത്രം റിജക്ട് ചെയ്ത നടിമാർക്ക് അതൊരു നഷ്ടമായെന്നാണ് എനിക്ക് തോന്നിയത്. അത്രയും ഇഷ്ടത്തോടെയാണ് ഞാൻ ആ കഥാപാത്രം ചെയ്തത്.
അനിതയെ അവതരിപ്പിക്കുമ്പോൾ ഷൂട്ടിങ് സമയത്ത് ഞാൻ ഒരുപാട് കരഞ്ഞിട്ടുണ്ട്. അത്തരത്തിലുള്ള രംഗങ്ങളും സംഘർഷങ്ങളുമായിരുന്നു കൂടുതലും. സിനിമയുടെ വലിയൊരു ഭാഗം ഒരു ദിവസം പൊലീസ് സ്റ്റേഷനിൽ നടക്കുന്ന സംഭവങ്ങളാണ്. അത്തരം സംഘർഷങ്ങൾ നിറഞ്ഞ രംഗങ്ങൾ ചിത്രീകരിക്കാൻ ഏകദേശം പത്ത് ദിവസം എടുത്തു. ആ പത്ത് ദിവസവും വികാരങ്ങളുടെ ഉയർച്ചയും താഴ്ചയും നിറഞ്ഞതായിരുന്നു. എനിക്ക് ആ കഥാപാത്രവുമായി വ്യക്തിപരമായ ബന്ധമുണ്ടായിരുന്നു.
പിന്നെ ഷൈൻ ഒരു ഗംഭീര സഹനടനായിരുന്നു. സിനിമയുടെ സമയത്ത് ഞങ്ങളുടെ സൗഹൃദം കൂടുതൽ വളർന്നു. സിനിമയെക്കുറിച്ച് ഒരുപാട് ചർച്ച ചെയ്യാറുണ്ടായിരുന്നു. ആ അടുപ്പം കൊണ്ടാകാം ചില രംഗങ്ങളിൽ എനിക്ക് ഷൈനിനെയും ഇർഫാനെയും വേർതിരിച്ച് കാണാൻ കഴിയുമായിരുന്നില്ല. ഷൈൻ വിഷമിക്കുമ്പോൾ എനിക്കും സങ്കടം തോന്നുമായിരുന്നു. അനിത എന്ന കഥാപാത്രത്തിലൂടെ ശ്രുതിയുടെ ചില ഹീലിങ്ങും നടന്നിട്ടുണ്ട്,’ ശ്രുതി മേനോൻ പറഞ്ഞു.