| Friday, 2nd May 2025, 12:20 pm

കോളേജില്‍ പഠിക്കുമ്പോഴാണ് നിവിന്‍ പോളിയുടെ ആ സിനിമ റിലീസായത്, എന്നെ വല്ലാതെ ടച്ച് ചെയ്ത ചിത്രമായിരുന്നു അത്: ശ്രീനിധി ഷെട്ടി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കെ.ജി.എഫ് സീരീസിലൂടെ പാന്‍ ഇന്ത്യന്‍ തലത്തില്‍ ശ്രദ്ധേയയായ നടിയാണ് ശ്രീനിധി ഷെട്ടി. മോഡല്‍ കൂടിയായ ശ്രീനിധി 2016ല്‍ മിസ് ദിവാ മത്സരത്തിലും മിസ് സുപ്രനാഷണല്‍ മത്സരത്തിലും വിജയിയായിട്ടുണ്ട്. കെ.ജി.എഫിന് ശേഷം വിക്രം നായകനായ കോബ്രയില്‍ നായികയായെത്തിയ ശ്രീനിധിയുടെ ഏറ്റവും പുതിയ ചിത്രമാണ് ഹിറ്റ് 3.

ഇഷ്ടപ്പെട്ട മലയാള സിനിമകളെക്കുറിച്ച് സംസാരിക്കുകയാണ് ശ്രീനിധി ഷെട്ടി. ഈയടുത്ത് ഹിറ്റായ ആവേശം, മഞ്ഞുമ്മല്‍ ബോയ്‌സ്, പ്രേമലു എന്നീ സിനിമകള്‍ താന്‍ ഒരുപാട് ആസ്വദിച്ച് കണ്ടവയാണെന്ന് ശ്രീനിധി ഷെട്ടി പറഞ്ഞു. എന്നാല്‍ മറക്കാനാകാത്ത സിനിമനുഭവം ഏതെന്ന് ചോദിച്ചാല്‍ അത് നിവിന്‍ പോളിയുടെ തട്ടത്തിന്‍ മറയത്ത് ആണെന്നും ശ്രീനിധി പറയുന്നു.

എന്‍ജിനീയറിങ്ങിന് പഠിക്കുന്ന സമയത്താണ് താന്‍ തട്ടത്തിന്‍ മറയത്ത് കണ്ടതെന്നും അന്ന് തന്നെ ആ സിനിമ വല്ലാതെ ടച്ച് ചെയ്തിരുന്നെന്നും ശ്രീനിധി കൂട്ടിച്ചേര്‍ത്തു. ആ സിനിമയിലെ സീനുകളെല്ലാം വളരെ മനോഹരമായാണ് ചിത്രീകരിച്ചതെന്നും പ്രണയരംഗങ്ങളെല്ലാം അതിമനോഹരമാണെന്നും ശ്രീനിധി ഷെട്ടി പറഞ്ഞു. ഒന്നുകൂടി ആ സിനിമ കാണാന്‍ ആഗ്രഹമുണ്ടെന്നും ശ്രീനിധി ഷെട്ടി പറഞ്ഞു. റെഡ് എഫ്.എം മലയാളത്തോട് സംസാരിക്കുകയായിരുന്നു ശ്രീനിധി ഷെട്ടി.

‘ഈയടുത്ത് റിലീസായ ആവേശം, മഞ്ഞുമ്മല്‍ ബോയ്‌സ്, പ്രേമലു ഒക്കെ ഞാന്‍ കണ്ടു. എന്നാല്‍ അതിനെല്ലാം മുമ്പ് ഞാന്‍ കണ്ടിട്ടുള്ള ഒരു മലയാള സിനിമയുണ്ട്. നിവിന്‍ പോളിയുടെ തട്ടത്തിന്‍ മറയത്ത്. ഞാന്‍ എന്‍ജിനീയറിങ്ങിന് പഠിക്കുമ്പോഴായിരുന്നു ആ സിനിമ റിലീസായത്. ആ സമയത്ത് എന്നെ വല്ലാതെ ടച്ച് ചെയ്ത സിനിമയായിരുന്നു അത്.

അതിലെ പ്രണയരംഗങ്ങളെല്ലാം എന്ത് മനോഹരമായാണ് ചെയ്തുവെച്ചത്. ബാക്കി സീനുകളെല്ലാം ഗംഭീരമെന്നല്ലാതെ വേറൊന്നും പറയാനില്ല. എന്താണെന്നറിയില്ല, ഇപ്പോള്‍ ആ സിനിമയെപ്പറ്റി സംസാരിച്ചപ്പോള്‍ വീട്ടില്‍ ചെന്ന് ഒരിക്കല്‍ കൂടി ആ സിനിമ കാണണമെന്ന് തോന്നുകയാണ്. പക്ഷേ, അന്ന് കണ്ടപ്പോള്‍ ഉണ്ടായിരുന്ന ഫീല്‍ ഇപ്പോള്‍ കിട്ടുമോ എന്നറിയില്ല,’ ശ്രീനിധി ഷെട്ടി പറഞ്ഞു.

ശൈലേഷ് കോലനു സംവിധാനം ചെയ്ത് പുറത്തിറങ്ങുന്ന ചിത്രമാണ് ഹിറ്റ് ദി തേര്‍ഡ് കേസ്. ശൈലേഷിന്റെ ഹിറ്റ് ഫ്രാഞ്ചൈസിയിലെ മൂന്നാമത്തെ ചിത്രമാണ് ഇത്. ആദ്യ ഭാഗത്തില്‍ വിശ്വക് സെന്നും രണ്ടാം ഭാഗത്തില്‍ അദിവി ശേഷുമായിരുന്നു നായകന്മാര്‍. നാനിയാണ് മൂന്നാം ഭാഗത്തിലെ നായകനായെത്തുന്നത്. ഹൊമിസൈഡ് ഇന്‍വെസ്റ്റിഗേഷന്‍ ടീം എന്ന അന്വേഷണസംഘത്തിന് ലഭിക്കുന്ന കേസുകളും അതിന്റെ അന്വേഷണവുമാണ് ഈ ഫ്രാഞ്ചൈസിയിലെ സിനിമകളുടെ കഥ.

Content Highlight: Srinidhi Shetty says she watched Thattathin Marayathu movie during her college time

Latest Stories

We use cookies to give you the best possible experience. Learn more