| Saturday, 26th April 2025, 12:55 pm

റൊമാന്റിക് സിനിമകളില്‍ ആ നടന്റെ പെയറായി അഭിനയിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു: ശ്രീനിധി ഷെട്ടി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സൈലേഷ് കൊലാനു രചനയും സംവിധാനവും നിര്‍വഹിച്ച് പുറത്തിറങ്ങുന്ന ക്രൈം ത്രില്ലര്‍ ചിത്രമാണ് ഹിറ്റ്: ദി തേര്‍ഡ് കേസ്. ഹിറ്റ് യൂണിവേഴ്സിലെ മൂന്നാം ഭാഗവും 2022ല്‍ പുറത്തിറങ്ങിയ ഹിറ്റ്: ദി സെക്കന്റ് കേസിന്റെ തുടര്‍ച്ചയുമാണ് ഈ ചിത്രം.

സിനിമയില്‍ നാനിയാണ് നായകനായി എത്തുന്നത്. നായികയാകുന്നത് കെ.ജി.എഫ് എന്ന ഒരൊറ്റ ചിത്രത്തിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ട ശ്രീനിധി ഷെട്ടിയാണ്. ഇപ്പോള്‍ ഷോഷ എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ നാനിയെ കുറിച്ച് പറയുകയാണ് ശ്രീനിധി.

‘കഴിഞ്ഞ 15 വര്‍ഷമായി എങ്ങനെ ആയിരുന്നോ നമ്മളൊക്കെ നാനിയെ കണ്ടിരുന്നത് അതുപോലെ തന്നെയാണ് അദ്ദേഹം ഇപ്പോഴുമുള്ളത്. ഇത്ര വര്‍ഷമായി ഈ ഇന്‍ഡസ്ട്രിയില്‍ ഉണ്ടായിരുന്നിട്ടും ഒരുപോലെ തന്നെ നില്‍ക്കുക എന്നത് ചെറിയ കാര്യമല്ലല്ലോ.

അദ്ദേഹത്തില്‍ നിന്ന് ഞാന്‍ പഠിക്കാന്‍ ആഗ്രഹിക്കുന്ന കാര്യം അതാണ്. അതൊക്കെ കൊണ്ടുതന്നെയാണ് നാനിയുടെ കൂടെയാണ് അഭിനയിക്കാന്‍ പോകുന്നത് എന്ന് പറഞ്ഞപ്പോഴും ഞാന്‍ പേടിക്കാതിരുന്നത്. അങ്ങനെ പേടിക്കേണ്ട കാര്യമില്ലല്ലോ.

ഞാന്‍ സത്യത്തില്‍ നാനിയുടെ കൂടെ സിനിമ ചെയ്യുന്നത് ആലോചിച്ചപ്പോള്‍ തന്നെ വളരെ എക്‌സൈറ്റഡായിരുന്നു. നാനി അദ്ദേഹത്തിന്റെ കരിയറിന്റെ തുടക്കത്തില്‍ ഒരുപാട് റോം-കോം സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. നിരവധി റൊമാന്റിക് ചിത്രങ്ങളിലും അഭിനയിച്ചിരുന്നു.

എനിക്ക് നാനിയുടെ കൂടെ അത്തരം സിനിമകളില്‍ അഭിനയിക്കാന്‍ താത്പര്യമുണ്ട്. അദ്ദേഹത്തിന്റെ നല്ലൊരു പെയറായി റൊമാന്റിക് സിനിമകളില്‍ അഭിനയിക്കാന്‍ എനിക്ക് താത്പര്യമുണ്ട്.

പക്ഷെ ഞാന്‍ ഇപ്പോള്‍ ഒരു ക്രൈം ത്രില്ലര്‍ ചിത്രത്തിലാണ് നാനിയുടെ നായികയായി എത്തിയത്. റൊമാന്റിക് മൂവി ആഗ്രഹിച്ചിട്ട് അവസാനം ഹിറ്റ് ത്രീയിലൂടെ ക്രൈം ത്രില്ലറില്‍ എത്തി (ചിരി),’ ശ്രീനിധി ഷെട്ടി പറയുന്നു.


Content Highlight: Srinidhi Shetty Says She Wants Act Romantic Movie With Nani

We use cookies to give you the best possible experience. Learn more