ബോളിവുഡിൽ നിന്ന് വമ്പൻ ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രമാണ് നിതേഷ് തിവാരി ഒരുക്കുന്ന രാമായണ. രാമനായി രൺബീർ കപൂർ എത്തുമ്പോൾ രാവണനായി എത്തുന്നത് കന്നഡ സൂപ്പർതാരം യാഷ് ആണ്. സായി പല്ലവിയാണ് ചിത്രത്തിൽ സീതയെ അവതരിപ്പിക്കുന്നത്. സായി പല്ലവിയുടെ ആദ്യ ബോളിവുഡ് ചിത്രം കൂടിയാണ് രാമായണ.
രാമായണത്തിൽ സീതയായി അഭിനയിക്കാൻ തന്റെ സ്ക്രീൻ ടെസ്റ്റ് നടന്നതായി ശ്രീനിധി ഷെട്ടി പറയുന്നു. താൻ മൂന്ന് സീൻ അഭിനയിച്ചെന്നും അത് അണിയറപ്രവർത്തകർക്കെല്ലാം ഇഷ്ടപ്പെട്ടിരുന്നുവെന്നും ശ്രീനിധി പറഞ്ഞു. എന്നാൽ പല കാരണങ്ങളാൽ അത് നടന്നില്ലെന്നും സായി പല്ലവിയുടെ കാസ്റ്റിങ് സീതയായി അനുയോജ്യമായതാണെന്നും ശ്രീനിധി ഷെട്ടി കൂട്ടിച്ചേർത്തു. സിദ്ധാർഥ് ഖന്നയുമായി നടന്ന അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ശ്രീനിധി.
‘ഇപ്പോൾ ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുന്നതുകൊണ്ട് ഞാൻ അത് പറയുന്നതുകൊണ്ട് കുഴപ്പമില്ലെന്നാണ് കരുതുന്നത്. ഞാൻ ചിത്രത്തിന്റെ അണിയറപ്രവർത്തകരെ കാണുകയും ഒരു സ്ക്രീൻ ടെസ്റ്റ് നടത്തുകയും ചെയ്തിരുന്നു. മൂന്ന് രംഗങ്ങൾ ഞാൻ അവർക്ക് മുന്നിൽ ചെയ്ത് കാണിച്ചിരുന്നു. അവരുടെ ഭാഗത്ത് നിന്ന് മികച്ച പ്രതികരണവും ലഭിച്ചു. നന്നായി ഇഷ്ടപ്പെട്ടെന്ന് പറഞ്ഞിരുന്നു.
അപ്പോൾ ഞാൻ ചിന്തിച്ചത്, യാഷ് രാവണനായി അഭിനയിക്കുകയും ഞാൻ സീതയായി അഭിനയിക്കുകയും ചെയ്‌താൽ ഞങ്ങൾ പരസ്പരം മത്സരിക്കുകയായിരിക്കും ചെയ്യുക. അതുകൊണ്ട് ആളുകൾക്ക് പെട്ടന്നത് ദഹിക്കാൻ കഴിഞ്ഞിട്ടുണ്ടാകില്ല. അപ്പോൾ എന്റെ ഉള്ളിൽ നിന്ന് ആരോ പറഞ്ഞു, ഇത് നടന്നെന്ന് വരില്ലെന്ന്.
പക്ഷേ സായി പല്ലവി മികച്ച സെലക്ഷൻ ആയിട്ടാണ് എനിക്ക് തോന്നുന്നത്. സിനിമയിൽ സീതയായി അവരെ കാണാൻ ഞാൻ ആഗ്രഹിക്കുന്നു. ഞാൻ എപ്പോഴും പറയാറുള്ളതുപോലെ, എന്തെങ്കിലും ഒരു കാര്യം നടന്നാൽ അത് നല്ലത്. ഇനി നടന്നില്ലെങ്കിലും കുഴപ്പമില്ല. പുതിയ അവസരങ്ങൾക്കായുള്ള വാതിലുകൾ തുറക്കും,’ ശ്രീനിധി ഷെട്ടി പറയുന്നു.
Content Highlight: Srinidhi Shetty reacts to losing Sita’s role in Ramayana to Sai Pallavi