സ്വയം ഉണ്ടാക്കിയെടുക്കുന്ന ചിന്താഗതികളും പരിധികളുമാണത്; ഇനിയും സപ്പോര്‍ട്ടിങ് റോളുകള്‍ ചെയ്യും: ശ്രിന്ദ
Malayalam Cinema
സ്വയം ഉണ്ടാക്കിയെടുക്കുന്ന ചിന്താഗതികളും പരിധികളുമാണത്; ഇനിയും സപ്പോര്‍ട്ടിങ് റോളുകള്‍ ചെയ്യും: ശ്രിന്ദ
ഐറിന്‍ മരിയ ആന്റണി
Thursday, 2nd April 2026, 11:20 pm

ഫോര്‍ ഫ്രണ്ട്‌സ് എന്ന ചിത്രത്തിലൂടെ കരിയര്‍ ആരംഭിക്കുകയും ചുരുങ്ങിയ സമയം കൊണ്ട് തന്നെ മലയാളികള്‍ക്ക് സുപരിചിതയായി തീരുകയും ചെയ്ത നടിയാണ് ശ്രിന്ദ. 22 ഫീമെയില്‍ കോട്ടയം, തട്ടത്തിന്‍ മറയത്ത്, അന്നയും റസൂലും തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിച്ചെങ്കിലും നിവിന്‍ പോളി നായകനായെത്തിയ 1983 എന്ന സിനിമയിലൂടെയാണ് താരം ശ്രദ്ധിക്കപ്പെട്ടത്.

നിരവധി സിനിമകളിലൂടെ ഇന്‍ഡസ്ട്രിയില്‍ ഇപ്പോഴും സജീവമായ താരം ഡബ്ബിങ്ങിലും തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. സപ്പോട്ടിങ് റോളുകളിലൂടെയാണ് ശ്രിന്ദ ശ്രദ്ധിക്കപ്പെട്ടത്. ഇപ്പോഴിതാ സപ്പോട്ടിങ് റോളുകളില്‍ ഒതുങ്ങി പോകുമെന്ന പേടി തനിക്ക് ഇല്ലെന്ന് നടി പറയുന്നു.

‘നമ്മള്‍ സ്വയം ഉണ്ടാക്കിയെടുക്കുന്ന ചിന്താഗതികളും പരിധികളുമാണത്. അതിലൊന്നും കാര്യമില്ല. അവസരങ്ങള്‍ കൃത്യമായി ഉപയോഗിക്കുകയാണ് പ്രധാനം. കരിയറിന്റെ തുടക്കത്തില്‍ നായികയായും അല്ലാതെയും വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. ഇനിയും സപ്പോര്‍ട്ടിങ് റോളുകള്‍ വന്നേക്കാം, നായികയായും അവസരങ്ങള്‍ വരാം. പക്ഷേ, ഒരു ലേബല്‍ ഒട്ടിച്ചു കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.

നിങ്ങള്‍ ഒരു അഭിനേതാവാണെങ്കില്‍, അഭിനയിക്കുക എന്നതാണ് നിങ്ങളുടെ ജോലി. നിങ്ങള്‍ക്ക് ഒരു അവസരം ലഭിക്കുന്നു, ആ കഥാപാത്രത്തില്‍ നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ട എന്തെങ്കിലും ഉണ്ടെങ്കില്‍ അത് ചെയ്യുക. നമ്മളെ മാത്രം ഫോക്കസ് ചെയ്യുന്നതിന് പകരം സിനിമയെ പൂര്‍ണ്ണരൂപത്തില്‍ കാണാന്‍ ശ്രമിക്കുമ്പോള്‍ ഇത്തരം ആശങ്കകളെല്ലാം അപ്രസക്തമാകും,’ ശ്രിന്ദ പറഞ്ഞു.

ഒരു കഥാപാത്രം നമുക്ക് ചേരില്ലെന്ന് തോന്നിയാല്‍ ‘നോ’ പറയുന്നതില്‍ തെറ്റില്ലെന്നും അക്കാര്യത്തില്‍ താന്‍ കുറച്ചുകൂടി വ്യക്തതയുള്ള ഒരാളായി മാറിയെന്നും നടി പറയുന്നു. സ്‌ക്രിപ്റ്റ് വായിക്കുമ്പോള്‍ അല്ലെങ്കില്‍ കഥ കേള്‍ക്കുമ്പോള്‍ നമ്മുടെ മനസിന് അത് എത്രത്തോളം ഇഷ്ടപ്പെടുന്നു എന്നതാണ് അടിസ്ഥാനമെന്നും ചിലപ്പോള്‍ വലിയ പ്രതീക്ഷയോടെ സിനിമ തുടങ്ങി, പ്രൊഡക്ഷന്‍ പുരോഗമിക്കുമ്പോള്‍ വിചാരിച്ച രീതിയിലാവില്ല മുന്നോട്ടുപോകുകയെന്നും ശ്രിന്ദ കൂട്ടിച്ചേര്‍ത്തു.

Content  Highlight: Srinda says she will continue to do supporting roles

ഐറിന്‍ മരിയ ആന്റണി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.